അങ്ങനെ ഒരു മമ്മൂട്ടിച്ചിത്രം കൂടി.
ഒരുപാട് കാലം കൂടിയാണ് സെക്കന്റ്ഷോയ്ക്ക് പോയത്. തിരുവനന്തപുരം അഞ്ജലിയിലും അതുല്യയിലും “പരുന്ത്” “ഓടുന്നു“. അക്രമാസക്തരായി നില്‍ക്കുന്ന മമ്മൂട്ടി ആരാധകരുടെ ഇടയില്‍ക്കയറി ടിക്കറ്റെടുക്കുക അസ്സാധ്യം. സഹധര്‍മ്മിണിയെ മുന്നില്‍ നിര്‍ത്തി ബാല്‍ക്കണി ടിക്കറ്റെടുത്ത്, കൊട്ടകയുടെ ഒത്ത നടുക്ക് “ബാല്‍ക്കെണി“യില്‍ ഇരിയ്ക്കേണ്ടി വന്നു.
അങ്ങനെ “പരുന്ത്” തുടങ്ങി.
നെഗറ്റീവായുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന മമ്മൂട്ടി കഴുത്തറപ്പന്‍ പലിശക്കാരനാണ്. മാനുഷികമൂല്യങ്ങള്‍, ബന്ധങ്ങള്‍ ഒന്നും അയാള്‍ക്ക് ഒരു പ്രശ്നമല്ല. ലാഭം, പണം എന്നിവ
മാത്രം ലക്ഷ്യം. ഒടുവില്‍ ഒന്ന് കാലിടറുമ്പോള്‍ മാനുഷികമൂല്യങ്ങളുടേയും ബന്ധങ്ങള്‍ തിരിച്ചറിയുന്നു. അത് പ്രഖ്യാപിയ്ക്കുന്നു. ഇതാണ് കഥ. സന്ദേശം “മനുഷ്യത്വം പണത്തിനും മീതെ”. പക്ഷേ ഈ സന്ദേശത്തിനും മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാറിനും ചുറ്റും ഏച്ചുകെട്ടിയ ദുര്‍ബ്ബലമായ ഒരു കഥാതന്തുവാണ് “പരുന്ത്” എന്ന സിനിമയിലേത്.
താരാരാധനയുടെ അന്ധതകൊണ്ട് കൈയ്യടി കിട്ടാന്‍ വേണ്ടി പരുന്ത് വേലായുധന്‍ എന്ന കഥാപാത്രം പെടാപ്പാട് പെടുന്നത് ഈ ചിത്രത്തിന്റെ സവിശേഷതയാണ്. ആദ്യം പരുന്ത് നടത്തുന്ന
വീടൊഴിപ്പിക്കലിന് വരെ ചുമ്മാ കയ്യടിച്ചിരുന്ന ആരാധകര്‍ അറിയാതെ ചുവട് മാറ്റുന്നത് കണ്ടു.
നായകന് “ഗുമ്മ്” കിട്ടാന്‍ അടിച്ച് വിടുന്ന ചെറു പ്രയോഗങ്ങള്‍ പോലും നനഞ്ഞ പടക്കങ്ങളായി
പിന്നെ ആരാധകരുടെ കൂവലായി പരിണമിയ്ക്കുന്നതും കാണാനായി.
പിന്നെ ആരാധകരുടെ കൂവലായി പരിണമിയ്ക്കുന്നതും കാണാനായി.
നായിക എന്ന സങ്കല്‍പ്പം ഈ സിനിമയില്‍ ഇല്ല. ലക്ഷ്മി റായ്, കല്യാണി എന്നിവര്‍ക്ക് പോസ്റ്ററില്‍ പടം വെയ്ക്കാന്‍ വേണ്ടി ഓരോ കഥാപാത്രങ്ങള്‍. ജഗതിശ്രീകുമാറിനും ജയസൂര്യയ്ക്കും സുരാജിനും കൊച്ചിന്‍ ഹനീഫയ്ക്കും ഒക്കെ അങ്ങിനെ തന്നെ. ജയകുമാറിന്റെ കല്ലായി അസ്സിസ്സ് പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത വില്ലനായിരുന്നെങ്കിലും, മോശമായില്ല. കൊച്ചിന്‍ ഹനീഫയുടെ ലിപ്സ്റ്റിക്ക് ഓവറായിപ്പോയി.
എത്രതന്നെ അമര്‍ത്തി വെച്ചാലും കാലം അതിന്റെ എല്ലാ മാറ്റങ്ങളും മനുഷ്യ ശരീരത്തില്‍ പ്രത്യക്ഷപ്പെടുത്തും. അത് തിരിച്ചറിഞ്ഞ് പെരുമാറുക എന്നതാണ് സാമാന്യബുദ്ധി. നടന്മാര്‍
അറിഞ്ഞിരിരിയ്ക്കേണ്ടുന്ന ഒന്ന്. പ്രായമാകുന്നത് കുറ്റമല്ല. മേയ്ക്കപ്പിടുന്നതും. പക്ഷേ അത് മറ്റുള്ളവര്‍ക്ക് കാണാനും ആസ്വദിയ്ക്കാനും ഉള്ളതാവുമ്പോള്‍ ഔചിത്യം എന്ന കാര്യം അത്യന്താപേക്ഷിതം. പ്രായം പരാമര്‍ശിക്കപ്പെടാത്ത, നായിക/കാമുകി/ഭാര്യ വേണ്ടാത്ത നായകന്മാരായി മമ്മൂട്ടിയേയും മോഹന്‍ലാലിനെയും അവതരിപ്പിയ്ക്കുന്നത് ഇപ്പോഴത്തെ ഒരു “ന്യൂട്രല്‍ സൂപ്പര്‍സ്റ്റാര്‍ ടെക്നിക്” ആണ്. ഇവിടെയും അത് പ്രയോഗിയ്ക്കുന്നു. പക്ഷേ പ്രായം അതിന്റെ എല്ലാ പരാധീനതകളും പരുന്ത് വേലായുധന്‍ എന്ന “കരുത്തനായ ബ്ലേഡിന്റെ” ശരീരത്തില്‍ കാട്ടിത്തരുന്നു. ഒട്ടും ചേരാത്ത ഒരു വിഗ്ഗ് കൊണ്ട് ഒരു കോമാളി ലുക്ക് ആണ് പ്രകൃത്യാ സുന്ദരനായ മമ്മൂട്ടിക്ക് ഇതില്‍.
പ്രേംനസ്സീറിന്റെ സിനിമകളിലെ സംഘട്ടനരംഗങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്നതായിരുന്നു മമ്മൂട്ടിയുടെ സംഘട്ടനാഭിനയം. പലപ്പോഴും തല്ലുകൊള്ളാനുള്ളവര്‍ അദ്ദേഹത്തിന്റെ കൈകളിലേയ്ക്ക് “വന്ന്
വീഴാന്‍” കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. പിന്നെ വെടികൊള്ളാതിരിയ്ക്കാന്‍ നിന്നിടത്ത് നിന്ന് ബൊമ്മകള്‍ തലയാട്ടുന്നതുപോലെ തലയാട്ടി വെടികൊള്ളാതെ ഒഴിഞ്ഞ ആ രംഗം വല്ലാതങ്ങ്
ബോറായി.
മമ്മൂട്ടിക്ക് ഏറ്റവും കൂടുതല്‍ കൂവ് കിട്ടിയത് കാവടിയും കൊണ്ട് തുള്ളിക്കളിക്കുന്ന ഒരു ഗാന(എന്നു വിളിയ്ക്കാന്‍ വയ്യ!)ത്തിലെ നൃത്തത്തിനാണ്. പാട്ടിലെ ഡപ്പാങ്കുത്തിനൊപ്പിച്ച് ഒന്ന് കാലെടുത്ത് വെക്കാന്‍ പോലും അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നില്ല.
കഥയില്ലാത്ത തിരക്കഥയില്‍ ടി.എ റസാക്ക് എന്ന തരികിടാകൃത്ത് നടത്തുന്ന അഭ്യാസം അതിന്റെ എല്ലാ പരിമിതികളെയും പുറത്തുകാട്ടുന്നു.അങ്ങിനെയൊരു കഥ സംവിധാനം ചെയ്ത സവിധായകനും സഹതാപം അര്‍ഹിയ്ക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, കനേഷ് പൂനൂര്‍ എന്നിവരുടെ ചലച്ചിത്രഗാന രചനാഭ്യാസം അവരുടെ കൊമ്പീറ്റന്‍സ്സിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. അലക്സ്പോളിന്റെ സംഗീതം അസ്സഹ്യം.
“പണം കിട്ടുമെങ്കില്‍പ്പിന്നെ എന്തായാലെന്ത്” എന്നതാണ് ഈ സിനിമ പടച്ചുവിട്ടവരുടെയും അഭിനേതാക്കളുടെയും കാഴ്ചപ്പാട് എന്ന് നിസ്സംശയം പറയാം. ഒരുപക്ഷേ സിനിമയുടെ പ്രമേയവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നത് ഈ മുദ്രാവാക്യം തന്നെ.