Thursday, October 9, 2014

ബാലി മത്തനാണ്

ആഢ്യത്വം ഉള്ള നഗരം.
മാസത്തില്‍ എപ്പോഴും കലാപരിപാടികള്‍ .
വിശിഷ്യാ, കഥകളിയും ഭരതനാട്യവും കൂത്തും മേമ്പൊടിയായി പാട്ടും (സാധാരണ പാട്ട് കഴിഞ്ഞാണല്ലോ കൂത്ത് വരിക ).

സ്ഥലത്തെ പ്രധാന കേന്ദ്രത്തിലെ പ്രധാനികളുടെ കൂട്ടയ്മായാകുന്നു കളിത്തട്ട്  കഥകളിക്ലബ്ബ് . സ്ഥാപിച്ചത് എന്നാണെന്ന് സ്ഥാപകനു പോലും ഓര്‍മ്മയില്ലാത്തവണ്ണം പഴകിയത് എന്നാണു പ്രധാനികളുടെ ഭാഷ്യം . കഥകളിയെക്കാളും പഴകുമോ എന്നും ഐതിഹ്യമുള്ളതായും ചില  പ്രധാനികള്‍ അടക്കം പറയാറുണ്ട്‌  . പ്രധാനികള്‍ ആരും തന്നെ കഥകളി കാണാന്‍ നാട് വിട്ടു പോകാറെയില്ല. ഞങ്ങള്‍ കഥകളിയെത്തേടി പോകാറില്ല . കഥകളി ഞങ്ങളെ തേടി വരാറേ ഉള്ളൂ എന്ന് പ്രധാനികളില്‍ പ്രധാനി ചുമ്മാ  പറയാറുണ്ട്‌ . കാര്യത്തില്‍ കാര്യമുണ്ട് താനും . മാസത്തില്‍ കിറുകൃത്യം കളി . വിവിധ വാര്‍ഷികങ്ങള്‍ വേറെ . അതും പൊതുജനത്തിനു സൌജന്യമായി . കളി കഴിഞ്ഞു കളിപ്പണം വാങ്ങാന്‍ രൌദ്രസ്ഥായി പിടിക്കാറുള്ള ആശാന്‍ പോലും കളിത്തട്ടില്‍ വന്നാല്‍ കളി കഴിഞ്ഞു കവറു കയ്യില്‍ നിന്നും കവര്‍ന്ന്  പോക്കറ്റിലിട്ടു ക മാ എന്ന് മിണ്ടാതെ പോവും . കളിസ്ഥലത്തും അണിയറയിലും അച്ചടക്കം നിര്‍ബ്ബന്ധം . താഴെ വീണാല്‍ ശബ്ദം കേള്‍ക്കുമോ എന്ന് ഭയന്ന് സ്ത്രീകള്‍ പോലും  സേഫ്റ്റി പിന്നുകള്‍ തങ്ങളുടെ വസ്ത്രങ്ങളില്‍ കുത്തി വരാറില്ല . അത്ര രാശിയും ഗാംഭീര്യവും പാരമ്പര്യവും ഉള്ള  സ്ഥലമാണ് എന്ന് സാരം .

അങ്ങിനെയിരിക്കെ കളിത്തട്ടിലെ പ്രധാനികള്‍ കളി നിശ്ചയിക്കുവാനായി യോഗം കൂടുന്നു . കളി നിശ്ചയിക്കുക എന്നത് ഒരു അപാരമായ ചടങ്ങാണ് . കളി കാണാന്‍ പോലും വരാത്തവര്‍ കമ്മറ്റിക്ക് വന്നു കഥയുടെയും നടന്മാരുടെയും പേര്  നിര്‍ദ്ദേശിച്ചു കുഴപ്പത്തിലാക്കിക്കളയും . പ്രധാനികളില്‍ ചിലര്‍ക്കാകട്ടെ, കളിയില്‍ അത്ര കണ്ടു കമ്പം പോരെങ്കിലും ആട്ടക്കഥാരചനയില്‍ അസാരം കമ്പം ഉണ്ട് താനും . റിട്ടയേഡ് പ്രൊഫസര്‍ കുട്ടികൃഷ്ണ കയ്മള്‍  അത്തരുണത്തില്‍ ദ്രുതകവിയായി വിലസുന്ന ഒരു ദേഹമാണ് . റിട്ടയര്‍ ആയതില്‍ പിന്നെ കുട്ടികളെ കൊണ്ട് ശല്യമില്ലാത്തതിനാലും , തന്റെ സഹധര്‍മ്മിണിക്ക് തന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടിയും  അദ്ദേഹം അനുദിനം ആട്ടകഥകള്‍ രചിച്ച് കഥകളിയെ നിരന്തരം ദ്രോഹിച്ചു പോന്നിരുന്നു . കാക്കമ്മചരിതം (മൂലകഥ : ഏകാദശി നോറ്റ കാക്കയുടെ കഥ ) , ശുനകവിഭ്രമം (മൂലകഥ : പട്ടിയുടെ വായില്‍ നിന്നും എല്ല് പോയത് )  തുടങ്ങി പത്തോളം തദ്ദേശകഥകള്‍ രചിച്ച് , ചൊല്ലിയാടിച്ച് പ്രേക്ഷകപരിഷകളുടെ സഹനശക്തി പരിശോധിച്ചശേഷം  വിദേശ സാഹിത്യത്തിലും കൈവെക്കാനുള്ള ഒരുക്കത്തിലായിരുന്നു കയ്മള്‍ . ഗബ്രിയേല്‍ മാര്‍ക്വെസിന്റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" ആട്ടക്കഥ എഴുതിത്തുടങ്ങുകയും , കേണല്‍ ഔരേലിയാനോ ബുയെന്‍ദിയ ചിരിച്ചു പുരികമിളക്കിക്കൊണ്ട് പതിഞ്ഞപദം ആടുന്ന സീന്‍ ഏഴുതിക്കൊണ്ടിരിക്കുയും ചെയ്യുന്ന സമയത്താണ് മേല്‍പ്പറഞ്ഞ കമ്മറ്റി കൂടിയത് . കമ്മള് തന്റെ കഥ വെക്കണം എന്ന് പറഞ്ഞു കളയും എന്ന ഭയം പ്രധാനികള്‍ക്കെല്ലാം കലശലായുണ്ട് . എങ്കിലും കയ്മളിന്റെയും മറ്റ് ആസ്ഥാന  ആട്ടക്കഥാകൃത്തുക്കളുടെയും കഥകളെ കൊട്ടാരക്കര തമ്പുരാനും , ഉണ്ണായിവാര്യരും മറ്റും ഓവര്‍ടേക്ക് ചെയ്യുകയും വരുന്ന അഞ്ചു മാസത്തെ കളികള്‍ നിശ്ചയിക്കപ്പെടുകയും ചെയ്തു . കളിത്തട്ടിന്റെ പ്രസിഡണ്ട്‌ , റിട്ടയേഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനന്തയ്യര്‍ തന്റെ പരുത്ത ശബ്ദത്തില്‍ ഭൂപാളരാഗത്തില്‍ മംഗളം പാടി, യോഗത്തില്‍ നിന്നും ആളുകളെ തുരത്തിയോടിച്ചു .

അങ്ങിനെ ഒരു ജനവരിയിലെ കഥകളിയായി .
കഥ ബാലിവധം .
ഗവര്‍ണ്ണര്‍ ഒക്കെ വരുന്നുണ്ട് അന്നത്തെ കളിക്ക് .  
താടിയില്‍ വിശിഷ്യാ കേമനും പ്രധാനികളുടെ കണ്ണിലെ ഉണ്ണിയും നീരും ഒക്കെയായ കലാമണ്ഡലം കുഞ്ഞമ്പുവാകുന്നു ബാലി . കുഞ്ഞമ്പുവാശാന്‍ താടിവേഷക്കാരിലെ മുത്താകുന്നു . വര്‍ഷങ്ങളുടെ അഭ്യാസ പരിചയം . തീഗോളം പോലത്തെ കണ്ണുകള്‍, നടുക്കുന്ന അലര്‍ച്ച . നേടിയെടുത്ത സല്‍പ്പേര് കൊണ്ട് തന്നെ ഈയിടെയായി ആശാന് കാലുകള്‍ അനക്കുകയേ വേണ്ടൂ . കലാശം ചവിട്ടുന്നതായി തോന്നിപ്പിക്കുകയെ വേണ്ടൂ . ബാക്കിയൊക്കെ ബാക്കില്‍ നില്‍ക്കുന്ന ചെണ്ടയും മദ്ദളവും ഒക്കെ കൊട്ടുന്ന മിടുക്കന്‍മാരുടെ   പണിയാകുന്നു. ആശാന്റെ പാദചലനങ്ങള്‍ ഇടിമുഴക്കം എന്ന് തോന്നിപ്പിക്കും വണ്ണം  കൊട്ടിനിറക്കും അവര്‍. കുഞ്ഞമ്പുവാശാന്‍ താടിവേഷക്കാരില്‍ രത്നമാകുന്നു .

ആറു മണിക്കാണ് കളി തുടങ്ങുക . കുഞ്ഞമ്പുവാശാന്‍ ഒന്നര മണിക്ക് തന്നെ ഫ്രഷായി ബസ്സ്റ്റാന്റില്‍ വണ്ടിയിറങ്ങുന്നു . കളിസ്ഥലത്തേക്ക് നടക്കുന്നു . വല്ലാത്ത ദാഹം .  വഴിവക്കില്‍ അതാ സര്‍ക്കാര്‍ വക കരിക്ക് ഷോപ്പ് . ബിവറേജസ് കോര്‍പ്പറേഷന്റെ പൂമുഖവും അവിടത്തെ അരുമയാര്‍ന്ന ആരവവും ആശാനെ ഹഠാദാകര്‍ഷിച്ചു.  ആരവത്തില്‍ അലിഞ്ഞ് അല്‍പനേരം. കിട്ടിയ കരിക്കിന്റെ മൂക്ക് ചെത്തി നാവില്‍ തൊടാതെ തൊണ്ടയില്‍ ഒഴിച്ച് കണ്ഠശുദ്ധി വരുത്തി, പുറത്തേക്ക് ഒന്ന് ഊതി അവിടെയൊക്കെ വീശി നടന്നിരുന്ന മാരുതനെ ഫിറ്റാക്കിവിട്ട്, തൃപ്തിപ്പെട്ട്‌ കളിസ്ഥലത്തേക്ക് ഇരുകാലില്‍ കുത്തനെ വലിഞ്ഞു നടന്നു .  
ആശാന്റെ കണ്ണുകള്‍ എന്തേ ഇങ്ങനെ ചുകന്നിരിപ്പാന്‍ എന്ന് ചില പ്രധാനികള്‍ ശങ്കിക്കാതിരുന്നില്ല . കഥകളിക്കാരന്റെ കണ്ണല്ലേ . ചുണ്ടപ്പൂവിന്റെ എഫക്റ്റ് പോയിക്കാണില്ല എന്ന് സ്വയം സമാധാനിച്ചു . 

ബാലിയായി രൂപാന്തരം പ്രാപിക്കുവാനായി ഒരു കണ്ണാടിയൊക്കെ മുഖത്തിന്‌ നേരെ പിടിച്ച്  ആശാന്‍ തേപ്പ് തുടങ്ങി . തേച്ച് തേച്ചു വന്നപ്പോള്‍ അതാ ദര്‍പ്പണത്തില്‍ ഒരു പ്രതിബിംബം ചിരിച്ചു പുരികമിളക്കി നില്‍ക്കുന്നു . പിറകില്‍ നിന്ന് ചിരിക്കുകയാണ് . ആശാന്റെ ഉറ്റ ചങ്ങാതിയും,  ആശാന് വേണ്ടി നിരന്തരം കറങ്ങുന്ന ഒരു "ഫാനും " അഥവാ ആസ്വാദകവൃന്ദനും ആകുന്നു തഥാഗതന്‍. കഥകളി മുറയില്‍ തന്നെ കുശലാന്വേഷണങ്ങള്‍ കുശാലായി കഴിച്ചതിനു ശേഷം  ആസ്വാദകവൃന്ദന്‍ വലതു കയ്യിലെ പെരുവിരലും ചൂണ്ടുവിരലും അര്‍ദ്ധചന്ദ്രാകൃതിയില്‍ അകത്തേക്ക് വളച്ചുപിടിച്ചു ആശാനോട് "ദാഹിക്കുന്നില്ലേ " എന്ന് ചോദിച്ചു .

ദാഹമില്ലാത്ത ആശാന് അത് കണ്ടപ്പോള്‍ കലശലായ ദാഹം തോന്നി . തേപ്പ് നിര്‍ത്തി കണ്ണാടി താഴെ വെച്ചു എന്ന് സാരം . ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാന്നാണല്ലോ . 

"അല്ല ... ഞാനിനി ചുട്ടിക്ക് കെടക്കാന്‍ പുവ്വാണ്."

"ഹയ്യ്‌ ! അദ്ദക്കെപ്പോ ന്താ പ്പോ.  നമ്മള് ഒന്നപ്രത്തേക്ക് മാറ്വാ . കരിക്കില് ഒരു തൊളയിട്വാ . ഒന്ന് ഘ്രാണിക്ക്യാ  . പോര്വാ. അദ്ദന്നെ"

ന്യായം! ആശാന്‍ വൃന്ദന്റെ കൂടെ ഒന്ന് മാറി സ്വതസിദ്ധമായ ശൈലിയില്‍ കരിക്കിന്റെ മൂക്കിനെ ഉച്ചാടനം ചെയ്ത് അഗ്നിദ്രാവകത്തെ ഗര്‍ഭം ധരിച്ചു . 

ഇവന്‍ ഛിദ്രം ഉണ്ടാക്വോ ?" ആശാന്‍ ആസ്വാദകവൃന്ദനോടായി ചോദിച്ചു . 

"യെന്താ  ആശാന്‍ യീ പറയണ് ? തീക്കട്ടയില്‍ ഉറുമ്പരിക്ക്യെ ? ദ്രാവകത്തെ ആശാന്‍ ഫിറ്റാക്കിയതല്ലാതെ മറിച്ച് ചരിത്രമുണ്ടോ "

നെവര്‍ ! ആശാന്‍ തൃപ്തമാനസനായി നേരെ പോയി ചുട്ടിക്ക് കിടന്നു . 

ചുട്ടിക്കാരന്‍, ആശാനെ കുരങ്ങന്റെ രാജാവായി രൂപാന്തരം വരുത്തി തോളത്തു തട്ടി വിളിക്കുമ്പോള്‍ ആശാന്‍ ഉറക്കത്തില്‍ പലതവണ ദക്ഷനെ വധിക്കുന്ന വീരഭദ്രനായി ആടിയമര്‍ന്നിരുന്നു . മുരണ്ടുകൊണ്ട് കുഞ്ഞമ്പുനായര്‍ പായയില്‍ നിവര്‍ന്നിരുന്നു . തനിക്കു ചുറ്റും ഇതാ വാനരസഭയിലെ  അംഗങ്ങള്‍ . 

"എവ്വടെ അവന്‍ ? ആ സുഗ്രീവന്‍ ?"

"അല്ലാ! സുഗ്രീവന്‍ ഒക്കെ അരങ്ങത്ത് പോയി ആശാനേ. ആശാന്‍ ഉടുത്ത്കെട്ടിയാട്ടെ" പെട്ടിക്കാരന്‍ വിനീതനായി പറഞ്ഞു 

"ഇന്നബ്ബനെ ഞാന്‍ കൊല്ലുടാ ." എന്നും പറഞ്ഞു കുഞ്ഞമ്പുവാശാന്‍ തിരിഞ്ഞതും അതാ നില്‍ക്കുന്നു ആസ്വാദകവൃന്ദന്‍

പിന്നെയും. കയ്യില്‍ പെരുവിരലും ചൂണ്ടുവിരലും അര്‍ദ്ധചന്ദ്രാകൃതിയില്‍ അകത്തേക്ക് വളച്ചുപിടിച്ച മുദ്ര . മുഖത്ത് സ്നേഹം നിറഞ്ഞ ചിരി .

ആശാന്‍ ശാന്തനായി , ആശയ ഗംഭീരനായി, വൃന്ദന്റെ പിറകെ പോയി ഒരു കരിക്കിന്റെ ചാരിത്ര്യം കൂടി കവര്‍ന്നെടുത്ത് തിരികെയെത്തി ഉടുത്തു കെട്ടാന്‍*1 നിന്നു. അഥവാ നിന്ന് കൊടുത്തു . കെട്ടലൊക്കെ അവരായി അവരുടെ പാടായി . ആശാന്‍ അതിനിടയില്‍ എപ്പോഴോ  കിഷ്കിന്ധയിലെ ബാലിയായിക്കഴിഞ്ഞിരുന്നു . ഇന്ദ്രപുത്രനായ ബാലി . അതിബലവാന്‍ . 
"ഗ്വഗ്വേ " എന്നലറിയ, ഉടുത്തുകെട്ടി നില്‍ക്കുന്ന ,ബാലിയെ കണ്ടപ്പോഴേ കളിത്തട്ടിലെ ഒരു പ്രധാനിയുടെ തലയില്‍ നിന്നും ഒരു കിളി ചിറകടിച്ചു പറന്നു പോയി .

ചുവന്ന താടി വെച്ചു കെട്ടുക , കുറ്റിച്ചാമരം*3 തലയില്‍ വെച്ചു മുറുക്കുക*2  എന്നീ കര്‍മ്മങ്ങള്‍ ചെയ്തുവെന്നോ ചെയ്തില്ലെന്നോ പറയാം . എന്തൊക്കെയോ വെച്ച് കെട്ടിയും കെട്ടാതെയും  കുഞ്ഞമ്പുനായര്‍ ബാലിയായി മാറി .
അരങ്ങില്‍ നിന്നും ഉച്ചസ്ഥായിയില്‍ ഉള്ള ഘണ്ടാരം രാഗം കേട്ടതും അലറിക്കൊണ്ട്‌ കുഞ്ഞമ്പുന്റെ ബാലി അരങ്ങത്തേക്ക് ആടിയാടി നീങ്ങി .

"ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ" ശ്ലോകം പാടിയ പാട്ടുകാരനോ അതോ ഞാനോ എന്നാ മട്ടായി കുഞ്ഞമ്പു .

സദസ്സില്‍ ഘനഗംഭീരന്മാരായി അണിനിരന്നിരിക്കുന്നു റിട്ടയേഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനന്തയ്യരുടെ നേതൃത്വത്തില്‍ എല്ലാ പ്രധാനികളും . ഗവര്‍ണ്ണര്‍ ജോലിയെന്ന നേരംപോക്കിനിടയില്‍ കഥകളി പോലുള്ള ഫോക്ക്ഡാന്‍സുകളെ ഗൌരവമായി കണ്ടുകളയാം എന്ന ഒരൊറ്റ ഉദ്ദേശത്തില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ശ്രീമതി അപരാജിതാ ദീക്ഷിത്  സ്തോഭത്തോടെ വിജ്രുംഭിതയായിരുന്നു . അതാ പന്തവും കൊളുത്തി അലറിക്കൊണ്ട്‌ ബാലി . ആയമ്മക്ക് ഭയം തോന്നി . ദില്ലിയിലെ തണുപ്പത്ത് കൂടി ഇത്രയും കിടുകിടുപ്പ് തോന്നിയിട്ടില്ല . 

സുഗ്രീവനും ബാലിയും യുദ്ധം തുടങ്ങി വന്നപ്പോഴേക്കും ബാലി പച്ചമലയാളത്തില്‍ സംസാരിച്ചു തുടങ്ങി . ബാലിയുടെ വയറ്റിലെ കരിക്കുകള്‍ തിളച്ചു മറിഞ്ഞു തുടങ്ങിയിരുന്നു . ആംഗികം നാമമാത്രവും വാചികം മുഖ്യവും ആയതോടെ പ്രധാനികളും കാണികളും ഞെരിപിരി കൊള്ളാന്‍ തുടങ്ങി . ഗവര്‍ണ്ണര്‍ നിര്‍ന്നിമേഷയായി ബാലിയുടെ വര്‍ത്തമാനങ്ങള്‍ കേട്ട് ചെവി വട്ടം പിടിച്ചിരുന്നു . "ദിസ് ബാലി ഈസ് അമേസിംഗ് യാര്‍ " എന്നും ചൊല്ലിനാള്‍.

അതാ ബാലിയുടെ തലയിലെ കുറ്റിച്ചാമരം ഊരി വലത്തേക്ക് തൂങ്ങുന്നു . ബാലി താങ്ങിപ്പിടിച്ചിട്ടുണ്ട് . അതോ സുഗ്രീവനെ കണ്ടിട്ട് യുദ്ധം ചെയ്യാനായുള്ള സൌകര്യത്തിനായി  തലയില്‍ നിന്നും ഊരിയതോ ? 
യുദ്ധം മൂര്‍ച്ചിച്ചു. ബാലി മലയാളി തന്നെയോ  എന്ന ഊഹാപോഹങ്ങള്‍ക്കൊക്കെ വിരാമമിട്ടുകൊണ്ട് കുഞ്ഞമ്പുവിന്റെ ബാലി സുഗ്രീവനെ നല്ല പച്ച മലയാളത്തില്‍ തെറി പറഞ്ഞു കൊണ്ട് യുദ്ധം ചെയ്തു .

പരുങ്ങി നിന്ന സുഗ്രീവന്‍  രാമനെ ക്ഷണത്തില്‍ വരുത്തുവാന്‍ പിറകിലേക്ക് സിഗ്നല്‍ കാട്ടി . എവ്വടെ ഈ ചീരാമന്‍!!

അതാ ശ്രീരാമന്‍ . ബാലിയെ വധിക്കാം എന്നു സുഗ്രീവനുമായി സഖ്യം ചെയ്ത സാക്ഷാല്‍ ശ്രീരാമന്‍ . കുലച്ച വില്ലില്‍ അമ്പു തൊടുത്ത് രാമന്‍ ഒരൊറ്റ എയ്ത്ത് .

ശരിക്കും ബാലി താഴെ വീഴേണ്ടതായിരുന്നു . കുഞ്ഞമ്പുവിന്റെ ബാലി അതിനൊരുക്കമായിരുന്നില്ല .

വയറ്റില്‍ തിളയ്ക്കുന്ന കരിക്കിന്‍വെള്ളം .
വലതുകയ്യില്‍ ഊരി നില്‍ക്കുന്ന കുറ്റിച്ചാമരം .
അതിനിടയില്‍ അമ്പെയ്ത്ത് .
ആരെടാ നീ !! എന്നെ കൊല്ലാമെന്നു കരുതിയോ ? ഗ്വാഗ്വെ

ഇനി ബാലിശ്രീരാമനെ വധിച്ചു കളയുമോ എന്ന് ശങ്ക.
പക്ഷെ അവസരോചിതമായി സുഗ്രീവന്‍ ബാലിയെ ബലമായി പിടിച്ചു കിടത്തി അവിടെ കിടന്ന ഒരമ്പ് എടുത്ത് വയറ്റത്ത് കുത്തനെ ഫിറ്റ് ചെയ്തുകൊടുത്തു . ഇനി ചാവുക മാത്രമേ വേണ്ടൂ !

എവ്വടെ !!!!

അതാ കുഞ്ഞമ്പുവിന്റെ ബാലി എഴുന്നേറ്റു വരുന്നു . സുഗ്രീവന്‍ ബാലിയുടെ ഭാര്യ താരയെ ഒരു കൈ സഹായത്തിനു വിളിച്ചു. താര ഒരു വശത്തും, സുഗ്രീവന്‍ മറു വശത്തും ആയി ഇരുന്നു ബാലിയെ കീഴ്പ്പെടുത്തി കിടത്തി മയ്യത്താക്കി. തിരശീല പിടിച്ചിട്ടെ അവര്‍ മയ്യത്തായ ബാലിയെ സ്വതന്ത്രനാക്കിയുള്ളൂ എന്ന് സാരം . കുഞ്ഞമ്പുവിന്റെ ബാലി എഴുന്നേറ്റ്  വീണ്ടും അലറിക്കൊണ്ട്‌ അണിയറയിലേക്ക് പോയി .

അനന്തയ്യരും കൃഷ്ണക്കയ്മളും അടങ്ങുന്ന പ്രധാനികള്‍ ശ്വാസം നേരെ വിട്ടു . ഗവര്‍ണ്ണര്‍ ശ്രീമതി അപരാജിതാ ദീക്ഷിത് അതോടെ "വാവ് ! വാട്ട് എ ഷോ" എന്ന് പറഞ്ഞു (അഭിനയം സ്വാഭിവകമാവുമ്പോള്‍!). ആയമ്മയെ പ്രധാനികള്‍ എല്ലാവരും കൂടി ഒരുവിധം കാറിനുള്ളില്‍ ആക്കി വാതിലടച്ചു പറപ്പിച്ചു  വിട്ടു .

അനന്തയ്യര്‍ മൈക്ക് കയ്ക്കലാക്കി നിരുദ്ധകണ്ഠനായി, ഗദ്ഗദയ്യര്‍ ആയി അനൌണ്സ് ചെയ്തു .

"സഹൃദയരെ . മദ്യപിച്ച് മദോന്മാത്തനായി ഒരാള്‍ കാണിച്ച ഈ അവിവേകത്തിന് ക്ഷമ ചോദിക്കുന്നു . ഇനി മേലാല്‍ കുഞ്ഞമ്പുവിനു ഇവിടെ വേഷമില്ലാ"

അണിയറയില്‍ നിന്നും അപ്പോള്‍ ഒരു അലര്‍ച്ച കേട്ടു

"ഗ്വാഗ്വേ .. ഹേയ് .. അവിവേകോ !  ഇദ്ദേ .. പണ്ട് നാരദന്‍ രാവണനോടു പറഞ്ഞ പോലെയുള്ള ബാലിയാ . ബാലി മത്തനായിരുന്നു ഹേ."*4
__________________________________________________________________
*1ഉടുത്തുകെട്ടുക : കഥകളി വേഷത്തിന് അരയില്‍ കച്ചകെട്ടി അതിനു മേല്‍ തുണിയിട്ട് വലിപ്പം കൂട്ടി അതിനുമെലെ ഭംഗിയുള്ള ഞോറിയിടുക 
*2വെച്ചുമുറുക്കുക : കഥകളി വേഷക്കാര്‍ , കാതില്‍ തോടയണിയുക , തലയില്‍ കിരീടം വെക്കുക മുതലായവ ചെയ്യുന്നത് 
*3കുറ്റിച്ചാമരം : താടി വേഷങ്ങള്‍ക്ക് തലയില്‍ അണിയുന്ന വലിപ്പമുള്ള കിരീടം 
*4 - ബാലിവിജയം കഥകളിയില്‍ നാരദന്‍ രാവണനോടു പറയുന്നത് 
"ഓര്‍ത്താലതിലഘുവെങ്കിലുമൊരു 
വാര്‍ത്തയുണ്ടിപ്പോളുണര്‍ത്തുവാന്‍ 
മത്തനാം ബാലിക്കുമാത്രം
ഭവാനോടു മത്സരമുണ്ടതു നിസ്സാരമെത്രയും"

2 comments:

ajith said...

മത്തനാം ബാലിയുടെ ആട്ടക്കഥ രസമായി! (സംഭവിച്ചതാണോ അതോ ഭാവനയോ?)

Sethunath U said...

നന്ദി അജിത്‌ . :)
പകുതി സത്യം . ചില കഥാപാത്രങ്ങള്‍ ഒക്കെ അതിശയോക്തി കൂട്ടി സൃഷ്ടിക്കപ്പെട്ടതും .