Friday, June 20, 2014

ഒരു പെന്‍സിലൊടിയുടെ ഓര്‍മ്മ

അമ്പലപ്പുഴയിലെ പുതുമന എന്ന ഇല്ലം വക ഒന്നര ഏക്കര്‍ ഒരു പറമ്പ് . കാരാത്ത് .

പായല്‍ മൂടിയ രണ്ടു കുളങ്ങള്‍ , കെട്ടിപ്പിടിച്ചാല്‍ എത്തം കിട്ടാത്ത രണ്ടു കൂറ്റന്‍ ആഞ്ഞിലിമരങ്ങള്‍ അവിടെയും ഇവിടെയുമായി നില്‍ക്കുന്ന കുറച്ചു പെരുമരങ്ങള്‍ . അതിന്റെ ഇടയില്‍ വിശാലമായ പുല്‍ത്തകിടി .

പഠനവും അതിനെക്കാളേറെ ഇടവേളകളുമായി ഉല്ലസിച്ചു നടന്ന ഞങ്ങളുടെ കൌമാരയൌവനങ്ങളില്‍ കാരാത്തു പറമ്പ് ഞങ്ങളുടെ ഹൃദയങ്ങളെ യൌവനയുക്തവും ക്രീഢലോലവും ആക്കി തീര്‍ത്തു.

സീസണ്‍ വരുന്നതിനനുസരിച്ച് അതാത് സീസനുകളിലെ കളി കളിക്കുക എന്നത് എണ്‍പതുകളിലും തൊണ്ണൂറുകളിലും കുമാരന്മാരും യുവാക്കളും ആയ മറ്റേതു കേരളീയരെയും പോലെ  ഞാന്‍ അടക്കമുള്ളവരുടെയും  വിനോദമായിരുന്നു . സ്പോര്‍ട്സ് എന്നത് കേവലം വിനോദോപാധി അഥവാ സമയംകൊല്ലി മാത്രമാണ് അല്ലാതെ സംസ്ഥാനത്തിനോ രാജ്യത്തിനോ മഹത്തായ സംഭാവനകള്‍ കൊടുക്കുവാന്‍ കഴിയുന്ന എന്തോ സംഭവം ആണെന്ന ഭാവം സര്‍ക്കാരുകളെ പോലെ തന്നെ ഞങ്ങളെയും തീരെ ബാധിച്ചിരുന്നില്ല . ഒരുതരം നിഷ്കാമകര്‍മ്മം. ക്രിക്കറ്റ് സീസണ്‍ ആവുമ്പോള്‍ റബ്ബര്‍ പന്ത് , കോര്‍ക്ക് ബോള്‍, ക്രിക്കറ്റ് ബോള്‍ എന്നിവ കൊണ്ടുള്ള ക്രിക്കറ്റ് കളി . 1983  എന്നമലയാള സിനിമ ഇറങ്ങിയത്‌ കൊണ്ട് ഇനി അതിന്റെ വിവരണത്തിന് പ്രസക്തിയില്ല .

കോപ്പ അമേരിക്ക / യുറോ / ലോകകപ്പ് ഫുട്ബോള്‍ അടുക്കുമ്പോഴേക്കും ഉള്ള കാശെല്ലാം ഷെയര്‍ ഒക്കെ ഇട്ട് കൂട്ടത്തിലെ രണ്ടു പേര്‍ ആലപ്പുഴ ടൌണില്‍ പോയി ആഘോഷപൂര്‍വ്വം ഒരു ബോള്‍ വാങ്ങിക്കൊണ്ടുവരുന്നു . നിവിയ എന്നൊക്കെ എഴുതിയിട്ടുള്ള ഒരു ഫുട്ബോള്‍ ആണെന്നാണോര്‍മ്മ. പിന്നെ ഒരു നാല് മുളംതൂണുകള്‍ രണ്ടു മുടി പിണിക്കയര്‍ (ക്രോസ്ബാറിനു പകരം വലിച്ചു  കെട്ടാന്‍ ). സെറ്റപ്പ് റെഡി ആയിക്കഴിഞ്ഞു .

നാലുമണിക്ക് രണ്ടു ടീമും ഇട്ടു കളി തുടങ്ങുന്നു . കളിക്ക് റഫറി എന്നൊന്നില്ല . അതൊക്കെ തരാതരം പോലെ പരസ്പരം വിളിച്ചു പറയുന്നു . കളിയുടെ ആദ്യദിനങ്ങളില്‍ വാളെടുത്തവനെല്ലാം വെളിച്ചപ്പാടെന്നു പറഞ്ഞപോലെ ഇരു ടീമുകളിലെയും മുഴുവന്‍ അംഗങ്ങളും (ഗോളികള്‍ അടക്കം ) പന്തിനു പിറകെ ഒരു കണ്ട്രോളും ഇല്ലാതെ ഓടും എന്നതായിരുന്നു എടുത്തു പറയത്തക്ക സവിശേഷത . എല്ലാവര്‍ക്കും ഗോളടിക്കണം. മാറഡോണ, കനീജിയ ,  റൂഡ്‌ ഗള്ളിറ്റ് , റായിക്കാദ്, വാന്ബസ്ടന്‍ ,ബാജിയോ , സ്കില്ലാച്ചി , റൊമാരിയോ , ബാബെറ്റോ, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങി അതികായരുടെ കളിയൊക്കെ കണ്ടിട്ടുള്ള പന്താക്രാന്തം . ഒരു ഗോള്‍മുഖം മുതല്‍ മറ്റേ ഗോള്‍മുഖം വരെയുള്ള തേരാ പാരാ ഓട്ടം . ഇടക്ക് ഗോളോക്കെ വീഴും . ആരെങ്കിലുമൊക്കെ ഒഫ്സൈട് വിളിക്കും , തന്തക്കു വിളിയും മുറക്ക് നടക്കും . നാട്ടിന്പുറത്ത് ആര്‍ക്കും ബൂട്ടൊന്നും ഇല്ലല്ലോ . നഗ്നപാദരായാണ് കളി . ടിവിയിലെ കളിയില്‍ കളിക്കാര്‍ പന്ത് ബൂട്ട് കൊണ്ട് കുത്തിപ്പൊക്കി വിടുന്നത് കണ്ടു ആവേശോജ്വലമായി കളിക്കുമ്പോള്‍ നന്നായി പന്തടിക്കാനായി കാലിന്റെ പെരുവിരല്‍കൊണ്ട് ആഞ്ഞുകുത്തിവിടും . അപ്പോള്‍ "ക്ട്ക്കോ" എന്നൊരു ശബ്ദവും തൊട്ടുപിറകെ "അയ്യോന്റമ്മോ " എന്നൊരു ശബ്ദവും കേള്‍ക്കാം . അതായത് പെരുവിരല്‍ ഫുട്ബോളില്‍ കൊണ്ട് ഒടിഞ്ഞുളുക്കിയ ശബ്ദമാണ് ആദ്യത്തേത് . അതിനുള്ള അപരനാമധേയമാകുന്നു "പെന്‍സിലൊടിയുക" എന്നത് . രണ്ടാമത്തെ ശബ്ദം പെന്‍സിലിന്റെ ഉടമയുടെ ദീനരോദനമാണ് . അതോടെ ആവേശ്കുമാരന്മാര്‍ പതുക്കെ സൈഡാകും .

ആദ്യത്തെ രണ്ടു ദിവസത്തെ കളി കഴിഞ്ഞാല്‍ പിന്നെ അത്യാവശ്യം മന്ദതകള്‍ ഒക്കെ വരും . കാരണം ശരീരം മൊത്തമായി ഇളകിയിട്ടുള്ള അസ്കിതകള്‍ . പ്രധാനമായും ഒന്ന് ചിരിക്കാന്‍ പോലും പറ്റില്ല . വയറിന്റെ മസിലൊക്കെ വല്ലാതെ വേദനിക്കും . പിന്നെ കക്കൂസിലോക്കെ പോയി ഒന്ന് കുത്തിയിരിക്കുക എന്ന് പറഞ്ഞാല്‍ വളരെ പരാധീനതകളോടെ ഇരു ഭിത്തികളിലും പിടിച്ചു പിടിച്ചു വേണം പതുക്കെ ഇരിക്കാന്‍ . ഇരു തുടകളിലും അസഹ്യമായ വേദനയാണ് .ഈ സമയത്താണ് അമ്മ പരിപാവനമായി സൂക്ഷിച്ചു വെച്ചിരിക്കുന്ന സാരിഫാളുകള്‍,, പഴയ സാരികള്‍ ഒക്കെ വീട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നത് . ഈ വസ്തുക്കളെല്ലാം പട്ടീസ് പോലെ കീറിയെടുത്തു നീര് കെട്ടിയ കാലില്‍ ചുറ്റിക്കെട്ടാനായി ഉപയോഗിച്ചിരുന്നതിനാല്‍ ആണത് . കാശ് കൊടുത്ത് വലിയ ബാന്റെജ് ഒന്നും വാങ്ങുവാന്‍ നമുക്ക് പാങ്ങില്ലല്ലോ .

വേദനയുടെ ആദ്യഘട്ടമോക്കെ കഴിയുന്നതോടെ കളി ഉഷാറാവുന്നു. ഓരോരുത്തരും അവനവന്റെ നിലക്കും വിലയ്ക്കും പറ്റിയ പൊസിഷനൊക്കെ പിടിച്ചു കളി തുടങ്ങുന്നു . ബോള്‍ കണ്ട്രോള്‍ ഒക്കെ ഒരു വഴിയാണ് . റൂഡ്‌ ഗള്ളിറ്റ് വലതു വിങ്ങിലൂടെ കുതിച്ചോടി വന്നു വലതു നിന്നും ഗോള്‍മുഖത്തിന്‌ കുറുകെ കൊടുക്കുന്ന ക്രോസ് മനസ്സില്‍ വെച്ചുകൊണ്ടാണ്‌ പന്തും കൊണ്ടുള്ള പാച്ചില്‍ . കാണുമ്പോള്‍ പന്തും ഉരുട്ടി സ്പീഡില്‍ ഓടുകയാണ് എന്നെ തോന്നൂ . പക്ഷെ സ്പീഡില്‍ ഉരുളുന്ന പന്തിനു പിറകെ ഒരാവേശത്തിനു അങ്ങ് ഓടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം . ബോളും ആളും തമ്മില്‍ അങ്ങിനെ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലെന്നര്‍ത്ഥം. ഒടുവില്‍ ക്രോസ്സിനു ദാഹിച്ചു നില്‍ക്കുന്ന ഫോര്‍വേഡുകള്‍ അവിടെ നില്‍ക്കും ബോളും ആളും കൂടി നേരെ ഓടി പുറത്തു പോവുകയും ചെയ്യും . 

ഹൈലൈട്സ്

1. കുളത്തില്‍ വീണു നനഞ്ഞ ഫുട്ബോള്‍ , മണ്ണ് പറ്റി പിന്നെ പൊങ്ങിവരുമ്പോള്‍ ഹെഡ് ചെയ്യുമ്പോള്‍ നെറ്റിയില്‍ ഉണ്ടാവുന്ന തരിപ്പ് 
2. വിജയന്‍ എന്നാ മുട്ടാളനായ ഒരു സഹോദരന്‍ അടിച്ച അടി നെഞ്ചു കൊണ്ട് തടഞ്ഞ മറ്റൊരു സഹോദരന്റെ ശ്വാസകോശം വാക്വം ആയി പോയത് . 
3. ബാക്ക് എന്നാല്‍ ഗോളടിക്കാന്‍ വരുന്നവനെ "കുത്തുകാല്‍" എന്ന സുകുമാരകലയിലൂടെ മുടന്തനാക്കി വിടുന്ന ഒരു പ്രത്യക് പൊസിഷന്‍ ആണെന്ന തോന്നല്‍ (ഈയുള്ളവന്‍ അത്തരത്തില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു ബാക്ക് ആയിരുന്നു എന്നത് സ്മരണീയം )
4. ഫോര്‍വേര്‍ഡ് എന്നാല്‍ എപ്പോള്‍ നോക്കിയാലും ഗോളിയുടെ ഒരു മീറ്റര്‍ അകലെ അടുപ്പും കൂട്ടി തീ കായാനിരിക്കുന്ന ഒരു ജാതി മനുഷ്യന്‍ എന്ന തോന്നല്‍ .
5. ഓഫ്സൈഡ് വിളി - പന്ത് മറ്റേ ടീമിന്റെ പെനാല്‍റ്റി ബോക്സില്‍ നിന്നും വരുന്നതാണെങ്കിലും ചുമ്മാ വിളിച്ചു കൂവി അലമ്പാക്കാനുള്ള ഒരു നിയമം .
6. 5-0 ത്തിനു മറു ടീമിനെ തോല്‍പ്പിക്കും എന്ന് വെല്ലുവിളിച്ചിട്ട് , 7-0 ത്തിനു തോല്‍ക്കുമ്പോള്‍ "എന്നാലും നീയൊന്നും പത്ത് ഗോളടിച്ചില്ലല്ലോ" എന്ന് വാശിയോടെ കളിയാക്കുന്ന മഹേഷ്‌ എന്ന സുഹൃത്തിന്റെ കുറുമ്പ് 
7.പെനാല്‍റ്റി വിളിക്കുമ്പോള്‍ കേള്‍ക്കുന്ന പച്ചത്തെറികളും തന്തക്കുവിളികളും .
8. പാഞ്ഞുള്ള വരവിന്റെ വേഗത കൊണ്ടാവാം "ശീര്‍" എന്ന ഇരട്ടപ്പേരുള്ള മത്സ്യത്തൊഴിലാളിയായ ഒരു സുഹൃത്തിന്റെ പക്ഷിയെ പോലെ കൈ വിടര്‍ത്തിപ്പിടിച്ചു പന്തടിക്കാന്‍ പാഞ്ഞുള്ള വരവ് .
9. കള്ളക്കളികളുടെ സീരീസ് 

.... ലിസ്റ്റ് അപൂര്‍ണ്ണം ...  ഗൃഹാതുരത എന്നത് അവനവന്റെ കാര്യം വരുമ്പോഴെങ്കിലും ക്ലീഷേ ആയി തോന്നാത്ത ഒരു പദമാണ് . ഒരു ചിന്തകളുമില്ലാതെ കളിച്ചു തിമര്‍ത്ത കാലം . അന്നത്തെ വേദനകള്‍ പോലും ഇന്ന് മധുരതരം. 

ഒന്നുകൂടി പെന്‍സിലൊടിക്കുവാന്‍ മോഹം ....

3 comments:

ajith said...

കാണുമ്പോള്‍ പന്തും ഉരുട്ടി സ്പീഡില്‍ ഓടുകയാണ് എന്നെ തോന്നൂ . പക്ഷെ സ്പീഡില്‍ ഉരുളുന്ന പന്തിനു പിറകെ ഒരാവേശത്തിനു അങ്ങ് ഓടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം

ഹഹഹ...സത്യം.

ആ ഹൈലൈറ്റ്സ് എല്ലാം ഇഷ്ടപ്പെട്ടു. എഴുത്ത് മൊത്തത്തില്‍ ഇഷ്ടമായി.

Sethunath U said...

Thank you AJith

Sethunath U said...

I am not very frequent in blog nowadays. But active in Facebook :)
Sethunath U N. See you there