Saturday, July 27, 2013

ലസാഗു

സംഭവം സീരിയസ്സാണ് . 

എന്നെ ഒരു കറ കളഞ്ഞ “ഇംഗ്ലീഷ് കാരന്‍” ആക്കുക എന്ന എന്റെ മാതാപിതാക്കളുടെ ചിരകാലാഗ്രഹം പൂവണിയാന്‍ പോകുന്നു. പെണ്‍പള്ളിക്കൂടം എന്നാ അപരനാമാധേയത്തില്‍  അമ്പലപ്പുഴയില്‍ അറിയപ്പെടുന്ന  സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ നിന്ന്  നാലാം തരത്തിലും കുരുത്തക്കേടിലും നല്ല  നടപ്പുമായി ഉന്നത നിലയില്‍ പാസായ എന്നെ, തദ്ദേശത്തെ തന്നെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ “ഇംഗ്ലീഷ് മീഡിയം” ത്തിലേക്ക് മാറ്റുവാന്‍ ആണ് ഗൂഡാലോചന . മകന്‍ വലിയ ചിലവില്ലാതെ  തത്ത പറയുമ്പോലെ ഇംഗ്ലീഷ് പറയട്ടെ എന്നോ ഇനി അറിയും വഴികളിലെല്ലാം അവന്‍ ഇംഗ്ലീഷിലൂടെ വിജ്ഞാനസമ്പാദനം നടത്തി ശിങ്കം ആയി തീരട്ടെ എന്നോ കരുതിയിട്ടുണ്ടാവണം . ഇന്നത്തെ പോലെ തന്നെ അന്നും കുട്ടികളോട് നീ എന്ത് പഠിക്കണം, എങ്ങിനെ പഠിക്കണം എന്നൊക്കെ ചോദിക്കാറില്ലാത്തതു കൊണ്ട് അന്ന് എന്നോടും “മകനെ നിന്നെ ഞങ്ങള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുന്നതുകൊണ്ട് വിരോധമുണ്ടോ “ എന്ന് ചോദിച്ചില്ല. അഥവാ ചോദിച്ചാലും “വേണം അല്ലെങ്കില്‍ വേണ്ടാ :” എന്ന് പറയാനുള്ള പാണ്ഡിത്യം ക്രീഡാലോലബാലനായ എന്നെ തൊട്ടു തീണ്ടിയിരുന്നുമില്ല. എന്റെ ഗൃഹത്തിന്റെ തൊട്ടയല്പക്കത്ത് താമസിച്ചിരുന്ന ബിരുദബിരുദാനന്തര ധാരികളായ അഞ്ചു ജ്യേഷ്ഠനുജന്മാര്‍ ഉണ്ടായിരുന്നു. അവരാണ് എന്റെ മാതാപിതാക്കളുടെ ഉത്ഖണ്ഠക്ക് അറുതി വരുത്തിയത് . അതായത് ദ്രാവിഡഭാഷയില്‍ വിജ്ഞാന വ്യാപാരം നടത്തിയിരുന്ന ഈ ഞാന്‍ ആകുന്ന വാഴത്തൈ ഇംഗ്ലീഷിലേക്ക് പറിച്ചു നടപ്പെടുമ്പോള്‍ ആവശ്യത്തിനു വെള്ളവും വളവും കിട്ടാതെ മണ്ടയടച്ചു മുരടിച്ചു പോകുമോ എന്ന ഉത്ഖണ്ഠ.  "ചേട്ടനും ചേച്ചിയും ധൈര്യമായിട്ട് അവനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തോ . വേണ്ടുന്ന ട്യുഷന്‍ ഒക്കെ ഞങ്ങള്‍ കൊടുത്തോളാം" എന്നവര്‍ ഉറപ്പു കൊടുത്തു . അങ്ങിനെ അമ്പലപ്പുഴ സര്‍ക്കാര്‍ മാതൃകാ ഹൈ സ്കൂളില്‍ ( ഗവ : മോഡല്‍ ഹൈ സ്കൂള്‍ ) ഇംഗ്ലീഷ് മീഡിയത്തിന്റെ ഡിവിഷന്‍ ആയ “എഫ്” അതായത് “അഞ്ച് എഫില്‍” എന്റെ പേരും കുറിക്കപ്പെട്ടു. ഒരു പക്ഷെ ഭാവി തന്നെ മാറ്റി മറിച്ച (അതായത് എന്റെ ഭാവി ) തീരുമാനം .

ഇംഗ്ലീഷ് മീഡിയം അഞ്ചാം ക്ലാസ്സിലെ മറ്റു മലയാളി വിദ്യാര്‍ഥികളോടൊപ്പം  ഞാനും പഠനം തുടങ്ങി . കാതടച്ചു തൂങ്ങി നില്‍ക്കുന്ന ചുരുളന്‍ മുടിയുള്ള , നേര്‍ത്ത മേല്‍മീശയുള്ള , ബെല്‍ബോട്ടം പാന്റ്സ് ധരിച്ച , സുസ്മേര വദനനായ രമണന്‍ സാര്‍ ആയിരുന്നു എന്റെ ക്ലാസ് ടീച്ചര്‍ . ഗണിതം ആയിരുന്നു അദ്ദേഹത്തിന്റെ വിഷയം .

പഠനം തുടങ്ങിയപ്പോള്‍ തന്നെ എന്റെ കൊച്ചു തലച്ചോറില്‍ അവിടവിടെയായി സ്ഥാപിച്ചിരുന്ന കുഞ്ഞ് ഫ്യൂസുകള്‍ ഒനന്നൊന്നായി പൊട്ടി എന്ന് പറഞ്ഞാല്‍ അത് ചുരുക്കത്തില്‍ ആണെന്ന് പറയാം .നാലാം ക്ലാസ്സ് വരെ  ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ വിഷയത്തിലും  മലയാളത്തില്‍ പേശി , മലയാളത്തില്‍ എഴുതി , പിന്നെയും പകര്‍ത്തി എഴുതി ശീലിച്ച എനിക്ക് എല്ലാ വിഷയത്തിലും ഉള്ള ഈ വിദേശാക്രമണം അത്ര രുചിച്ചില്ല . സര്‍ക്കാര്‍ വിദ്യാലയം ആയിരുന്നതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുക , ഇല്ലെങ്കില്‍ തല്ലുക മൊട്ടയടിക്കുക മുതലായ മൃഗയാവിനോദങ്ങളൊന്നും ഭാഗ്യവശാല്‍ ഉണ്ടാകാതിരുന്നത് എന്റെ ഭാഗ്യം . പൊതുവേ സഹപാഠികള്‍ എല്ലാവരും മലയാളത്തില്‍ സംസാരിച്ചു . പക്ഷെ ഒട്ടു മിക്ക പേര്‍ക്കും മൊത്തത്തില്‍ ഉണ്ടായിരുന്ന ഒരു “ഗ്രിപ്പ്” എനിക്ക് ഒന്നിലും കിട്ടിയിരുന്നില്ല എന്നതാണ് സത്യം . അധ്യാപകര്‍ കഴിവതും മലയാളത്തില്‍ പറഞ്ഞു മനസ്സിലക്കിയിരുന്നോ എന്നെനിക്കോര്‍മ്മയില്ല. എന്തായാലും ഇംഗ്ലീഷ് മീഡിയം ആണെന്ന് കരുതി അവര്‍ മുഴുവന്‍ ആംഗലേയത്തില്‍ പഠിപ്പിച്ചിരുന്നു എന്നതിന് തെളിവുകള്‍ ഒന്നുമില്ല . മലയാളം ഒഴികെയുള്ള പാഠപുസ്തകങ്ങളില്‍ ബ്രിട്ടനിലെ രാജാവിന്ന്റെ പടയാളികളെ പോലെ അച്ചടക്കത്തോടെ നിരന്നു നിന്ന ഇംഗ്ലീഷ് അക്ഷരങ്ങളെ ഞാന്‍ വെറുത്തു .  എന്റെ കുഞ്ഞ് തലച്ചോറ് ആ വിദേശാക്രമണത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചു . അധ്യാപകര്‍ അനവരതം , അക്ഷീണം വിജ്ഞാനം പകര്‍ന്നു തന്നു കൊണ്ടിരുന്ന (എന്ന് കരുതപ്പെട്ടിരുന്ന ) ക്ലാസ്സുകളില്‍ ഞാന്‍ നിഷ്കാമകര്‍മ്മനായി കുത്തിയിരുന്നു . അക്കാലത്താവണം ഗണിതത്തിന്റെ പ്രാഥമിക പാഠങ്ങളായ “ല . സാ . ഗു “ വും “ഉ . സാ ഘ “ യും രമണന്‍ സാര്‍ പഠിപ്പിച്ചിട്ടുണ്ടാവുക . “പഠിപ്പിച്ചിട്ടുണ്ടാവുക “ എന്നത് ഒരു ഊഹക്കണക്കാണ് . കാരണം ഞാന്‍ ഇങ്ങിനെയൊരു സംഭവം നടന്നതായി അറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല . നിസ്സഹകരണം തന്നെ കാരണം . ല . സാ . ഗു വിനെ  ഇംഗ്ലീഷില്‍ “എല്‍ സി എം “ എന്നാണല്ലോ പറയുക . അങ്ങിനെ തന്നെയാവും സാറും പഠിപ്പിച്ചിട്ടുണ്ടാവുക . ഇതാണ് ചരിത്ര സംഭവം . അതായത് പിന്നീടുള്ള എന്റെ ജീവിത യാത്രയില്‍  “ല . സാ . ഗു “ വും “ഉ . സാ ഘ “ യും ഒരിക്കലും എനിക്ക് വഴങ്ങിയില്ല .  എന്റെ പഠനം ശരിയാക്കി തരാം എന്നേറ്റിരുന്ന അയല്‍രാജ്യത്തെ ജ്യേഷ്ഠന്മാര്‍ ആ വാഗ്ദാനം പാടെ മറന്നു . ഞാനും അതൊന്നും തീരെ ഗൌനിച്ചില്ല . എന്റെ നിസ്സഹകരണ പ്രസ്ഥാനം ക്രിസ്തുമസ് / ഓണം പരീക്ഷകളിലൂടെ മാര്‍ക്കിന്റെ രൂപത്തില്‍ പുറത്തു വന്നു . അന്പതിന്റെ മുകളിലെ നേര്‍ത്ത വരയ്ക്കു മുകളില്‍ ഒറ്റ അക്കം മാത്രമുള്ള ദിവ്യരൂപത്ത്തില്‍ ചുവന്ന മഷിയില്‍ പ്രത്യക്ഷപെട്ട മാര്‍ക്കുകള്‍ എന്റെ മാതാപിതാക്കളെ കരയിച്ചോ അതോ ചിരിപ്പിച്ചോ എന്നെനിക്കോര്‍മ്മയില്ല . എന്തായാലും ഞാന്‍ ഒരിക്കലും കരഞ്ഞിരുന്നില്ല എന്നാണോര്‍മ്മ  (നമുക്ക് വേറെ എന്തെല്ലാം പണിയുണ്ടായിരുന്നു . ഹല്ലാ പിന്നെ ). അക്കാലത്തൊക്കെ “ഓള്‍ പ്രമോഷന്‍ “ എന്നാ ശുദ്ധ സുന്ദരമായ ഒരു കലാപരിപാടി ഉള്ളതുകൊണ്ട് മാത്രമാവണം സദാ സുസ്മേര വദനനും സന്മനസ്സുള്ളവനുമായ ആ അദ്ധ്യാപകന്‍ ഈ മണ്ടനെയും മറ്റുള്ള സമര്‍ത്ഥരായ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ അഞ്ചില്‍ നിന്നും ആറിലേക്ക് തട്ടി .

കാര്യങ്ങള്‍ ഇത്രത്തോളം എത്തി എങ്കിലും (അതായത് ഞാന്‍ അഞ്ചാം ക്ലാസ്സ് പാസ്സായി എങ്കിലും )  കാര്യത്തിന്റെ ഗൌരവം എന്റെ മാതാപിതാക്കള്‍ക്ക് പിടികിട്ടി . യിവന്‍ യീ നെലക്ക് പോയാല്‍ കൈ വിട്ട കളിയാകും എന്നവര്‍ക്ക് മനസ്സിലായി . അവര്‍ അവരുടെ തീരുമാനം നിസ്സംശയം മാറ്റി എഴുതി . അതായത് എന്നെ മലയാളം മീഡിയത്തിലേക്ക് തിരികെ പറിച്ചു നടാന്‍ തീരുമാനിച്ചു എന്നര്‍ത്ഥം . കര്‍ത്താവു കര്‍മ്മത്തോട് ചോദിച്ചിട്ടല്ലല്ലോ ക്രിയ ചെയ്യുന്നത് . ചരിത്രാതീത കാലം മുതല്‍ തുടരുന്ന മര്യാദ ( അതായത് രാമന്‍ പശുവിനെ അടിച്ചു എന്നതില്‍ രാമന്‍ കര്‍ത്താവും പശു കര്‍മ്മവും അടിക്കുക ക്രിയയും ആവുന്നു . രാമന്‍ ഒരിക്കലും പശുവിനോട്‌ “അടിച്ചോട്ടെ പശുവേ “ എന്ന് ചോദിക്കാറില്ലല്ലോ ) . അതും എന്നോടാരും ചോദിച്ചില്ല . ഞാനൊരു പരാതിയും പറഞ്ഞുമില്ല . അങ്ങിനെ ഞാന്‍ “ 6 ഇ “ (ആറാം ക്ലാസ് ഇ ഡിവിഷനില്‍ ) യില്‍ എല്ലാ വിഷയവും  മലയാളത്തില്‍  മാത്രം (ക്ഷമിക്കണം ഇംഗ്ലീഷ് ഇംഗ്ലീഷില്‍ തന്നെ ആയിരുന്നു എന്നാണോര്‍മ്മ ;- ) ) പഠിപ്പിച്ചിരുന്ന മലയാളം മീഡിയത്തിലേക്ക് ഞാന്‍ പറിച്ചു നടപ്പെട്ടു . അങ്ങിനെ ഞാന്‍ ഫിസിക്സിന് പകരം ഊര്‍ജ്ജതന്ത്രവും ഹിസ്റ്ററി ആന്‍റ് സിവിക്സിനു പകരം ചരിത്രവും പൌരധര്‍മ്മവും ഒക്കെയായി ധര്‍മ്മയുദ്ധം ആരംഭിച്ചു . ഏകദേശം ക്ലെച്ച് പിടിച്ചുവെങ്കിലും അഞ്ചാംക്ലാസില്‍ വെച്ച് കൈവിട്ടു പോയ ചില തുടര്‍ച്ചകള്‍ എന്നെ എന്റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഉടനീളം ഇടര്‍ച്ചകളായി പിന്തുടര്‍ന്നു.

ഞാന്‍ ചിന്തിച്ചിട്ടുണ്ട് . എന്ത് പണ്ടാരത്തിനാണ് ഈ ലസാഗുവും ഉസാഖയും ത്രികോണമിതിയും (Trigonometry) അവ്യക്തഗണിതവും  (Algebra) ഒക്കെ പഠിപ്പിക്കുന്നത് എന്ന് . ജീവിക്കാന്‍ ഇതൊക്കെ വേണോ സാറേ എന്ന് ചോദിക്കാന്‍ നാവു തരിച്ചിട്ടുണ്ട് . ചോദിച്ചാല്‍ നല്ല പിട കിട്ടുന്ന തരത്തിലുള്ള അധ്യാപകര്‍ ആയിരുന്നത് കൊണ്ട് ഒന്നും ചോദിക്കാതെ പറയാതെ ഞാനും പഠിച്ചു . കാലക്ഷേപം നടത്തി .

പഠനം കഴിഞ്ഞു ജോലിയൊക്കെയായി ഇത്രടം വരെയെത്തി . ഇന്ന് വരെ ജോലിയില്‍ എവിടെയും ലസാഗുവും ഉസാഖയും ത്രികോണമിതിയും അവ്യക്തഗണിതവും ഒന്നും ഉപയോഗിക്കേണ്ട ഗതികേടോ ഭാഗ്യമോ എനിക്കുണ്ടായില്ല . മഹാഭാഗ്യം . അങ്ങിനെ ആയിരുന്നെങ്കില്‍ പെട്ട് പോയേനെ .

ബാല്യം ഇങ്ങിനി വരാതെ വണ്ണം പോയി എന്ന് വ്യസനിക്കുമ്പോഴും , ബാല്യത്തിലെക്കുള്ള ഒരു തിരിച്ചുപോക്കിന് ഗൃഹാതുരതയോടെ  ആഗ്രഹിക്കുമ്പോഴും , അപ്രായോഗികങ്ങളായ പാഠ്യപദ്ധതികളുടെ (‍  syllabus) മൂശയില്‍ കിടന്നുരുകാന്‍ എനിക്ക് തീരെ ആഗ്രഹം തോന്നുന്നില്ല . എന്തൊക്കെയോ ഭാഗ്യം കൊണ്ട് ഇങ്ങു വരെ എത്തിപ്പെട്ടു എന്നോരാശാസവും . :)

ആ ഞാന്‍ ഇന്ന് ഇതാ  ജോലിക്കിടയില്‍  പ്രോജക്ടുകളുടെയും , പ്രോപ്പസലുകളുടെയും ലാഭ നഷ്ടക്കണക്കുകള്‍ തയ്യാറാക്കുന്നു . നിയതിയുടെ വികൃതികള്‍ എന്ന് വിളിക്കാമായിരിക്കും  ഇതിനെ . മൈക്രോസോഫ്റ്റ്കാരന്‍  എക്സെല്‍ കണ്ടു പിടിചില്ലായിരുന്നു എങ്കില്‍ ഞാന്‍ തെണ്ടിപ്പോയേനെ !

മകള്‍ നാലാം ക്ലാസ്സില്‍ ആണിപ്പോള്‍ . അവളെ ഞാന്‍ സഹായിക്കേണ്ടത് ഒരേ ഒരു വിഷയത്തില്‍ മാത്രം “ഐ ടി “. അതും പ്രാക്ടിക്കലിനു മാത്രം .  ബാക്കി എല്ലാ വിഷയത്തിലും അവളുടെ  അമ്മ അവളെ ഭംഗിയായി പഠിപ്പിക്കുന്നു. ഗണിതത്തില്‍ പ്രത്യേകിച്ചും  അവള്‍ എന്നെ സമീപിക്കില്ല . സമീപിച്ചിട്ടു കാര്യമില്ല എന്നവള്‍ക്ക് അഭിപ്രായമുണ്ടോ എന്നറിയില്ല . ആവശ്യമാണല്ലോ മനുഷ്യനെ ഓരോന്നും പഠിപ്പിക്കുന്നത് . ഇനി വേണ്ടി വന്നാല്‍ ഞാന്‍ ഗണിതവും പഠിച്ചു കളയും . ഭാര്യ ചിലപ്പോള്‍ അഭിമാന പുരസ്സരം പറയാറുണ്ട്‌ എന്റെ ഗണിതത്തില്‍ ഉള്ള അവഗാഹത്തെ പറ്റി . “കാലില്‍ ഷൂസ് ഇട്ടതുകൊണ്ട് മാത്രം അദ്ദേഹം കണക്കു കൂട്ടുമ്പോള്‍ കാലവിരലുകള്‍ ഉപയോഗിക്കാറില്ല “ എന്ന് .  ബാക്കി ഊഹിക്കാമല്ലോ !

ലസാഗു കാണാന്‍ ഇന്നും എനിക്കറിയില്ല .  ജീവിതത്തിന്റെ സ്ലേറ്റില്‍ കാണുന്ന സങ്കീര്‍ണ്ണങ്ങളായ ഭിന്നസംഖ്യകളെ കൂട്ടാനും കിഴിക്കാനും പെരുക്കാനും ഹരിക്കാനും  ലസാഗു അറിയാത്ത ഞാനിതാ ഒരു കൊച്ചുകുട്ടിയെ പോലെ ചിലപ്പോള്‍ ഖിന്നനായും ഉത്തരം കിട്ടുമ്പോള്‍ ചിരിച്ചും ഇരിക്കുന്നു . വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മറവിയുടെ മഷിതണ്ടുമുണ്ടല്ലോ കൂട്ടിന് .


5 comments:

shajitha said...

good

R. said...

:-)

പതിവുപോലെ സ്റ്റൈലന്‍ എഴുത്ത്, നിഷ്കൂ!

ഷാജു അത്താണിക്കല്‍ said...

നന്നായി എഴുതി
ഇതൊക്കെ സത്യം തന്നെയോ, ഓർമകൾ കൊള്ളാം

വായനക്ക് നല്ല രസമുണ്ട്

Sudheesh Arackal said...

കൊള്ളാം.
നല്ല ഓർമ്മകൾ.

ETHICAL HUMANIST said...

സേതു, നന്നായി എഴുതിയിരിക്കുന്നു. ആറാം ക്ലാസ്സില്‍ കഥകളിയിലെ ചവിട്ടിത്തിരുമ്മും കഴിഞ്ഞുവന്നു എന്‍റെ തോളിലും ഡെസ്കിലും തലവെച്ചു ഉറങ്ങിയ നാളുകള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.