Sunday, July 8, 2012

വിശാലകരളന്‍

ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പരിപാടിയാണ്.

അങ്ങിനെയിരിക്കുമ്പോള്‍, വയറിന്റെ വലതു ഭാഗത്ത് മുകളിലായി ഒരു വേദന . പിന്നെ അതങ്ങ് പോവും . ആദ്യമാദ്യം വല്ലപ്പോഴുമായിരുന്നെങ്കില്‍ , പിന്നെപ്പിന്നെ അത് രണ്ടുമൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വേദന ആയി മാറി .

കൊളസ്ട്രോള്‍ ടെസ്റ്റ്‌ നടത്തിയിട്ട് മാസങ്ങളായി കഴിഞ്ഞ വര്ഷം ഏതാണ്ട് 220 ത്തിനു അടുത്തായിരുന്നു . അത് കഴിഞ്ഞു കുറെ നാള്‍ മ്യുസിയത്തിലെ പാതയില്‍ ആരോഗ്യത്തെക്കുറിച്ച് ആകുലരായി നടന്നിരുന്ന പുരുഷാരത്തില്‍ല്‍ ഒരാളായി ഞാനും കൂടിയിരുന്നു . എന്റെ ജോലിത്തിരക്ക്  എന്നെ റാഞ്ചിയതോടെ, പുലര്‍ വേളകളില്‍ എന്റെ മൊബൈല്‍ "എണീരെടാ.. ഓഡ്രാ" എന്നൊക്കെ ചിലക്കുമ്പോള്‍ " ഓ പിന്നെ " എന്ന് പുച്ഛം കലര്‍ന്ന മനോഭാവത്തോടെ ഞാന്‍ സ്നൂസ് ചെയ്തു വിടുന്നതും പതിവായിരുന്നു .

എനിക്കെന്തെങ്കിലും കാര്യമായ രോഗം ഉണ്ടെന്ന തോന്നല്‍ വന്നു നിറഞ്ഞു കഴിഞ്ഞിരുന്നു .

വയറിന്റെ വലതു ഭാഗം. അവിടെ എന്തൊക്കെ സുനാപ്പികളാവും ഉണ്ടാവുക ! ചിന്താധീനനായി ഞാന്‍ . പണ്ട് ജീവശാസ്ത്രം ശരിക്ക് പഠിക്കാത്തതിന്റെ പ്രശനം തന്നെ . (അന്നേരം ഗൗരവമുള്ള എന്തെല്ലാം ജോലിയുണ്ടായിരുന്നു . പിന്നെയാ ).

ഗൂഗിള്‍ .. സെര്‍ച്ച്‌ തുടങ്ങി . അതാ മനുഷ്യനെ തുണിയില്ലാതെ കുറുകെ പിളര്‍ന്നു മുന്നില്‍ നിര്‍ത്തി അടയാളപ്പെടുത്തിയിരിക്കുന്നു.

കരള്‍ , പ്ലീഹ , ആഗ്നേയഗ്രന്ഥി എന്നിവയുടെ കിടപ്പ് വശം മനസ്സിലായതോടെ എന്റെ തലയില്‍ നിന്നും ഒരു കിളി കലപില ശബ്ദത്തോടെ ചിറകടിച്ചു പറന്നുപോയി . ഏതാണ്ട് ആ ഭാഗങ്ങളിലൊക്കെ തന്നെ ആണ് എനിക്കും വേദന വന്നിരിക്കുന്നത് .

കഷ്ടകാലത്തിന് അടുത്ത ഡ്രില്‍ ഡൌണ്‍ സെര്‍ച്ച്‌ കൂടി കൊടുത്തതോടെ എന്റെ മനസ്സിന്റെ പതനം പൂര്‍ണ്ണമായി .

കരള്‍ രോഗങ്ങള്‍ , കാന്‍സര്‍ എന്നിവയുടെ സാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ലേഖനങ്ങള്‍ എന്നെ കൊഞ്ഞനം കുത്തിക്കാണിച്ചു.

(മുന്‍)കമ്മ്യൂണിസ്റ്റുകള്‍ അവരുടെ ഒളിവു കാലത്ത് നീര്‍ക്കോലി കടിച്ചാലും സഖാവ്: കൃഷ്ണപിള്ളയെ കടിച്ച മൂര്‍ഖ നാണോ എന്ന് തെറ്റിദ്ധരിച്ചിരുന്നത്  പോലെ ഞാനും പോകെപ്പോകെ ഇരുന്നു തെറ്റിദ്ധരിച്ചു തുടങ്ങി .

സ്റ്റീവ് ജോബ്സിനെ ബാധിച്ച പാന്‍ക്രിയാസ് കാന്‍സര്‍ ?

എണ്ണിത്തീര്‍ക്കാവുന്ന ദിനങ്ങള്‍ മാത്രം മുന്‍പിലുള്ളപ്പോള്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിതം മുന്നോട്ട് നയിച്ചു മറ്റുള്ളവര്‍ക്ക് മാതൃകയായിത്തീര്‍ന്ന അപൂര്വ്വ വ്യക്തിത്വങ്ങള്‍.

അടഞ്ഞു തീരാനുള്ള ലോണ്‍, നിരാലംബയായ ഭാര്യ, പറക്കമുറ്റാത്ത മകള്‍ തുടങ്ങിയ ഒരുപാട് കേട്ടിട്ടുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഇതാ എന്റെ മുന്‍പിലും.


എന്റെ അസുഖം എന്തായിരിക്കും എന്നറിയുവാന്‍ ആശുപത്രിയിലേക്ക് പോകുവാന്‍ തന്നെ ഭയപ്പെട്ട ദിനങ്ങള്‍. ആരോടും പറയാത്ത വിഹ്വലതകള്‍. ഇനി അഥവാ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നമാണ് എനിക്കെങ്കില്‍.... എന്തൊക്കെയുണ്ട് ഇനി ചെയ്തു തീര്‍ക്കാന്‍. മനസ്സില്‍ ഉണര്‍ന്നിരിക്കുന്ന സമയത്തെല്ലാം  കൂട്ടലുകളും കിഴിക്കലുകളും

സ്വര്‍ഗ്ഗത്തില്‍ പോവുന്നതു എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും മരിച്ചിട്ട് അവിടെയെത്തണം എന്ന് വിശ്വാസികള്‍ക്കു പോലും ആഗ്രഹമില്ലല്ലോ.

സ്വന്തം ആരോഗ്യത്തെപ്പറ്റിയുള്ള ഒരു കടുത്ത ആശയക്കുഴപ്പം മതിയല്ലോ ജീവിതത്തിന്റെ അര്‍ത്ഥത്തെത്തന്നെ തിരുത്തിയെഴു‌താന്‍

താനൊന്നും ഒരിക്കലും മരിക്കാന്‍ പോകുന്നില്ല എന്നതു പോലെ നിശ്ചിന്തരായി നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യര്‍..
ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഫാക്റ്ററി പോലെയു‌ള്ള ശരീരത്തില്‍ അതിന്റെ പത്തിരട്ടി ഭാരമുള്ളചിന്തകളും കാലുഷ്യവും പേറിയുള്ള നെട്ടോട്ടം..
ഒടുവില്‍ നഷ്ടപ്പെടുവാനോ, സമ്പാദിക്കാനോ, സൂക്ഷിച്ചുവെക്കുവാനോ ഒന്നുമില്ലാതെ ഇവിടെനിന്നു പോകാനുള്ളവര്‍ കാണിക്കുന്ന ഈ വെപ്രാളം തന്നെയാണോ ജീവിതം?

"ലിവ് ലൈക്‌ യു വില്‍ ഡൈ ടുമാറോ" എന്നൊക്കെ കേട്ടിട്ടുള്ളത് എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നാ ലൈനിലും ചിന്ത തുടങ്ങി .  പ്രൊക്രാസ്റ്റിനേഷന്‍ എന്ന അസ്സുഖം കാര്യമായുള്ളതുകൊണ്ട്, അതൊക്കെ ഒരു വഴിക്കായെന്നു പറഞാല്‍ മതിയല്ലോ. ഒടുവില്‍ രഹസ്യമായി ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.

കണ്ടു, കാര്യം പറഞ്ഞു. വയറിലൊക്കെ ആകെമൊത്തം ഞെക്കി ഇക്കിളിയാക്കിയിട്ട് ഡോക്റ്റ‌ര്‍ പറഞ്ഞു.

"ഇറ്റ് സീംസ് യു ഹാവ് ഫാറ്റി ലിവര്‍" (നിന്റെ കരള്‍ തടിയാനായെഡാ ചുള്ളാ)
"ബ്ലഡ് റ്റെസ്റ്റ് ചെയ്യണം.. പിന്നെ ഒരു അള്‍ട്രാ സൗണ്ട് സ്കാനും ചെയ്യണം"

ലാബിലുള്ള ഒരു വെളുത്ത കോട്ടിട്ട യക്ഷി ഒരു സിറിഞ്ചു വഴി എന്റെ രക്തം ഊറ്റിയെടുത്തു. ഫലം പിന്നെ പറയാം എന്നു പറഞ്ഞു.
ഇനി ഇതു മന‍സ്സില്‍ വെച്ചുകൊണ്ടിരിക്കാന്‍ വയ്യാ എന്നു തീരുമാനിച്ച് ഭാര്യയോട് കാര്യം പറഞ്ഞു.
ന്യായമായ പരിഭവങ്ങള്‍. ഒറ്റക്ക് സംഘര്‍ഷങ്ങള്‍ അനുഭവിച്ചതിന്. സംശയങ്ങള്‍.. ഇനിയും എന്തൊക്കെ ഒളിപ്പിക്കുന്നു എന്ന്.

രക്ത പരിശോധനാ ഫലം വന്നു. കൊളസ്റ്റ്രൊള്‍ 250 നു മുകളില്‍. അടുത്ത ദിവസം തന്നെ സ്കാന്‍ ചെയ്യാന്‍ പോയി

വയറ് നിറയെ വെള്ളം കുടിച്ച് മുള്ളാന്‍ മുട്ടിനിന്ന എന്റെ വയറില്‍ അള്‍ട്രാ സൗണ്ട് ഉപകരണം ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞു.
"ഉം ... ലിവറ് വലുതാണല്ലോ" റേഡിയോളജിസ്റ്റ് പറഞ്ഞു. "17 സെന്റീമീറ്റര്‍ ഉണ്ട്. പതിനഞ്ചാണ് നോര്‍മ്മല്‍"
"പാന്‍‌ക്രിയാസ് എങ്ങിനെയുണ്ട്?" ഞാന്‍
"കുഴപ്പം ഇല്ല"

ഞാന്‍ ആശ്വസിച്ചു (എന്റെ ആശ്വാസം കേട്ടാല്‍ തോന്നും പാന്‍‌ക്രിയാസ് ശരിയാണെങ്കില്‍ പിന്നെ ഒന്നും പേടിക്കെണ്ടെന്ന് അല്ലേ :))

വീട്ടില്‍ വന്നു. ഞാന്‍ എന്റെ കരളിന്റെ വലിപ്പത്തെപ്പറ്റി പ്രഖ്യാപിച്ചു. ഭാര്യയോട് പറഞ്ഞു.
"എടീ നീയാണ് ഇതിനൊക്കെ കാരണം. നീ കേറിയിരുന്നിട്ടാവണം എന്റെ കരള്‍ ഇത്രയും വീര്‍ത്തത്"

ഇത്തവണ ഡോക്ടറെ സന്ദര്‍ശിച്ചപ്പോല്‍ ഭാര്യയേയും കൂട്ടി.

"ഗ്രേഡ് 2  ഫാറ്റി ലിവര്‍! ചികില്‍സ വേണം. മദ്യപിക്കുമോ?" ഡോക്ടറുടെ ചോദ്യം

"ഒരുപാടുകാലമായി നിര്‍ത്തിയിട്ട്. കഴിക്കാറെ ഇല്ല" ഞാന്‍ (സത്യം!)

"മേ ബി അതുകൊണ്ടായിരിക്കും ഇത്രയധികം എക്സ്പോസ്ഡ് ആയത്" (പണ്ട് ഒടുക്കലത്തെ അടിയടിച്ച് ജീവിതകാലത്തേക്കുള്ള കോട്ട കമ്പ്ലീറ്റ് തീര്‍ത്തല്ലോ പഹയാ)

കൊഴുപ്പ് കലര്‍ന്ന ആഹാരം ചെല്ലുമ്പോള്‍ എന്റെ കരള്‍ അവന്റെ കൂടാരത്തിലിരുന്ന് അസ്വസ്ഥനാവുമ്പോഴാണ് എനിക്ക് വേദന വരുന്നതെന്നും ഡോക്ടര്‍ വിശദീകരിച്ചു.

"ശെടാ! ഞാനതിനും മാത്രം അടിച്ചിട്ടില്ലല്ലൊ. നിര്‍ത്തിയിട്ട് കൊല്ലമെത്രയായി" എന്നു കണ്‍ഫ്യൂഷനടിച്ച് ഞാനും.

വിദ്യ വിഷമത്തോടെ ഡോകട്റോട് വിവ‌രങ്ങള്‍ ചോദിച്ചറിയുന്നു. ആഹാരക്രമങ്ങള്‍ , മരുന്നുകള്‍ ഒക്കെ ചോദിച്ച് മനസ്സിലാക്കുന്നു.

വീട്ടില്‍ വന്നിട്ട്, വിദ്യ ഞാന്‍ പണ്ട് അടിച്ച കള്ളിന്റെ കണക്കും എന്റെ കരളിന്റെ വലിപ്പവും കൂടിയുള്ള വിശകലനം ആരംഭിച്ചു.

വിദ്യ കഴിഞ്ഞ പ്രാവശ്യം ആശുപത്രിയില്‍ നിന്നും വന്നപ്പോല്‍ ഒരു അള്‍ട്രാ സൗ സ്കാനിങ് നടത്തിയിരുന്നു. ഞാന്‍ ആ റിപ്പോര്‍ട്ട് തപ്പിയെടുത്തു. അതിന്റെ ആദ്യ സെക്ഷനില്‍ നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി

അവളുടെ കരളിന്റെ വലിപ്പം 16.7cm!

ഞാന്‍ പറഞ്ഞു " ദേ നോക്ക് നിന്റെ കരളും വലുതാവുകയാണെടീ.. നീ ജീവിതകാലത്ത് കള്ളു മണപ്പിച്ച് നോക്കിയിട്ടുണ്ടോ. ഇതില്‍ നിന്നും തെളിയുന്നത് കള്ളും കരളും തമ്മില്‍ നീ വിചാരിക്കുന്നതു പോലെ ഒരു ബന്ധം ഇല്ല . അവിഹിത ബന്ധം മാത്രമേ ഉള്ളൂ എന്നാണ്"

അവള്‍ക്ക് കരളിന്റെ കാര്യം ഒന്നും കേട്ടിട്ട് ഒരു കുലുക്കവും ഇല്ല. എന്നു മാത്രമല്ല നിശ്ചിന്തയായി  ഗണേഷ് ഭവനിലെ "ബോണ്ട"യൊക്കെ "മാക് മാക്" എന്ന് അടിച്ചു കേറ്റുകയും ചെയ്യുന്നു! അന്യായം!

വറുത്ത കോഴി, വറുത്ത മീന്‍ ഒക്കെ എന്നോട് റ്റാറ്റാ പറഞ്ഞു പിരിഞ്ഞു.
നിയന്ത്രിതമായ ഒരു ആഹാരക്രമത്തിലേക്ക് ഞാനും. ദിനവും വിഴുങ്ങാന്‍ ചില ഗുളികകളും. ജീവിതത്തിന്റെ പല യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നു കൂടി.
മധ്യവയസ്സിന്റെ ശൈശവം പിച്ചവെക്കുക ഇങ്ങനെയാണ്.

ഞാനിതാ ഒരു "വിശാലകരളന്‍" ആവുന്നു.

നിര്‍‌വ്വചിക്കാന്‍ സാധിക്കാത്ത എന്തിനും വിശാലത ആവാം . അല്ലാത്തതിനുള്ള വിശാലത അത്ര നന്നല്ല
ഹൃദയം, കരള്‍/ഖല്‍ബ് എന്നിവ മനസ്സിന്റെ പര്യായങ്ങള്‍ കൂടി ആയത്  ഒരു പക്ഷേ ശരീരത്തില്‍ അവക്കുള്ള മുഖ്യ സ്ഥാനം കൊണ്ടാവാം "നി എന്റെ കരളാണ്" എന്നും "എന്റെ ഹൃദയത്തില്‍ നീയാണ്"എന്നും ഒക്കെ പ്രയോഗങ്ങള്‍ വന്നത്

ഇപ്പോല്‍ ഞാന്‍ "കരളേ കര‍ളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ" എന്ന പാട്ടും മൂളി പ്രഭാതങ്ങളില്‍ അനന്തപുരിയുടെ മ്യുസിയം വളപ്പില്‍ ജീവിതദൈര്‍ഘ്യം ലക്ഷ്യമിടുന്ന ഒരുപാടുപേര്‍ക്കൊപ്പം വലിഞ്ഞു നടക്കുന്നു.

എന്റെ കരളിന് എന്നോട് ചിരിച്ചേ മതിയാവൂ.
എന്തെന്നാല്‍ ജീവിതം സുന്ദരമാവുന്നു.
ഞാന്‍ ജിവിക്കാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.
ഈ ലോകത്തിന് എന്നെയും എനിക്കീ ലോകത്തെയും ഒരുപാട് ഇഷ്ടമാണ്.

"When I die, I will miss me " എന്ന് ഒരു സിനിമയില്‍ ആരോ പറഞ്ഞില്ലേ ? അതുപോലെ .