Saturday, February 25, 2012

ഹൃദയരാഗത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബറില്‍ സൗദി അറേബ്യയിലെ ഒരു തുറമുഖ പട്ടണത്തിലെ എന്റെ ചെറിയ മുറിയിലേക്ക് ഒരു ഫോണ്‍ വന്നു. അവിടെ അടുത്തു തന്നെ സാമസിക്കുന്ന, നാട്ടില്‍ വെക്കേഷനു പോയി അന്നു മടങ്ങി വന്നിരുന്ന എന്റെ സഹോദരിയുടെതായിരുന്നു.

"പെണ്‍കുട്ടിയുടെ ഫോട്ടോ കൊണ്ട് വന്നിട്ടുണ്ട്. വന്നാല്‍ തരാം"

കെട്ടുപ്രായം ആയി ആ മുറി മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയും വരുന്ന അഞ്ചുകൊല്ലത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തി "കെട്ടണോ വേണ്ടയോ" എന്ന ഭാവഗീതം ആലപിക്കുകയും ആശയസമരപ്പോരാട്ടം നടത്തുകയും ചെയ്തിരുന്ന എന്റെ കൈകള്‍ ഓട്ടോമാറ്റിക്കായി സ്റ്റാന്റിലേക്ക് നീങ്ങുകയും അവിടെ കിടന്നിരുന്ന നീല ഷ‌ര്‍ട്ട് എടിത്തിട്ടുകൊണ്ട് പുറത്തേക്കിറങ്ങുകയും ചെയ്തു.

സെപ്റ്റംബറില്‍ സൗദി അറെബ്യയില്‍ മധുരമനോജ്ഞമായ കാലാവസ്ഥ‌‌‌യാണ്. ആവിയുള്ള ഇഡ്ഡലിക്കുട്ടകം തുറക്കുമ്പൊള്‍ അതിന്റെ മുകളില്‍ പോയി ശ്വാസം വലിക്കുന്നതു പോലെ ഇരിക്കും പുറത്തിറങ്ങി ശ്വാസം വലിച്ചാല്‍. അങ്ങനെ പുഴുങ്ങി നില്‍ക്കുന്ന (ഹ്യുമിഡ് എന്ന് ഇംഗ്ലീഷ്) നിശീഥിനിയില്‍ മുണ്ടും മാടിക്കുത്തി ഞാന്‍ വലിഞ്ഞു നടന്നു. സൗദി അറേബ്യയില്‍ മുണ്ട് മാടിക്കുത്തുകയോ എന്നത്ഭുതപ്പെടരുത്.വലിയ തിരക്കൊന്നും ഇല്ലാത്ത ആ പട്ടണത്തില്‍ അതൊക്കെ നടക്കുമായിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് ഏതാണ്ട് എണ്ണൂറ് മീറ്റര്‍ ഉണ്ട്. എണ്ണൂറ് മീറ്റര്‍ എട്ട് കിലോമീറ്റര്‍ ആണെന്നു തോന്നിച്ചെങ്കിലും സാധാരണ എത്തുന്നതിലും വേഗം വിയ‌ര്‍‌ത്തൊലിച്ച് ഞാന്‍ അവിടെ എത്തിച്ചേര്‍ന്നു. ദാഹപരവേശങ്ങളൊക്കെ ഏതാണ്ട് അറുതി വരുത്തി ഞാനിരിക്കവേ വെള്ളക്കവറിലിട്ട ഫോട്ടോ ചേച്ചി എന്റെ നേരെ നീട്ടി. "ഇന്നാ ഫോട്ടോ"

പടപടാന്ന് ഇടിക്കുന്ന (എന്തിനാണോ എന്തോ) നൊഞ്ചോടെ ഞാനതു വാങ്ങി. കൈയ്യില്‍ വെച്ചു. ആവശ്യത്തിനു ബലം പിടിച്ചു. "ഓ.. പിന്നെ നോക്കാം" എന്ന ഭാവത്തോടെ. പിന്നെ എങ്ങിനെയൊക്കെയോ എന്തൊക്കെയോ പറഞ്ഞുകൊണ്ട് നിസ്സംഗഭാവത്തില്‍ അതായത് എനിക്ക് ഇതിനൊന്നും ഒരു ധൃതിയും ഇല്ലാത്ത ആളാണ് എന്ന ഭാവത്തില്‍ അല്പനേരം കൂടി ഇരുന്ന ശേഷം ഞാന്‍ "പോട്ടെ"  എന്നും "പോയിക്കിടന്നുറങ്ങട്ടെ " എന്നും പ്രഖ്യാപിച്ചുകൊണ്ട് അവിടെ നിന്നും സ്കൂട്ടായി.

പുറത്തിറങ്ങി അല്പം നടന്ന ശേഷം ഞാന്‍ ഉത്ഖണ്ഡയൊടെ ആ കവര്‍ തുറന്ന് അതിലെ ഫോട്ടോ കയ്യില്‍ എടുത്തു. ഇതാ അവള്‍. ശ്ശേ.. റോഡിലാണെങ്കില്‍ ആവശ്യത്തിനു വെട്ടവും ഇല്ല. തൊട്ടടുത്തുള്ള ഒരു വലിയം സോഡിയം ലാമ്പിന്റെ അടുത്തേക്ക് നടന്ന ഞാന്‍ സോഡിയം ലാമ്പിന്റെ പ്രഭാപൂരത്തില്‍ എന്റെ ഭാവിവധുവിനെ കണ്ടു. എബ്രഹാം ലിങ്കണ്‍ തെരുവു വിളക്കിന്റെ വെളിച്ചത്തിലാണ് പഠിച്ചതെങ്കില്‍ ഞാന്‍  തെരുവു വിളക്കിന്റെ വെളിച്ചത്തിലാണ് എന്റെ ഭാര്യയെ വിദ്യയെ ആദ്യമായി കാണുന്നത്. മഹാന്മാര്‍ ഒരുപോലെ പ്രവര്‍ത്തിക്കും എന്ന് ഞാന്‍ അനുസ്മരിച്ചു.

നീലനിറത്തിലുള്ള വസ്ത്രം ധരിച്ച്, കൈകള്‍ മുന്‍പില്‍ ബന്ധിച്ച് ചിരിച്ച് നിന്ന അവള്‍ "എന്നെ തന്നെ ഒന്നു കല്യാണം കഴിക്കൂ. നമ്മള്‍ ഒന്നാകേണ്ടവരാണ്" എന്നു പറഞ്ഞതായും എനിക്കു തോന്നി. റാസ്തനൂരയിലെ മലായളിയുടെ സ്റ്റുഡിയോയിലെ പച്ച കുഷന്‍ ഇട്ട അറബി സിംഹാസനത്തില്‍ ഒരു ചുള്ളന്‍ ഗ‌ള്‍ഫന്റെ ഗമ‌യൊടെ ഇരുന്ന് എടുത്ത ഫോട്ടോ ഞാനും അയച്ചു കൊടുത്തിരുന്നു. അതു കണ്ടപ്പോള്‍ അവള്‍ക്കും ഇങ്ങിനെ ത്ന്നെ തോന്നണേ എന്നു ഞാന്‍ പ്രാര്‍ത്ഥിചു.

ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ അനവധി ദിനങ്ങള്‍. ഇടക്കെപ്പൊഴോ വിദ്യയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ ലഭിച്ച ദിവസം ഞാന്‍ അവിടെക്കു വിളിച്ചു. വിദ്യയുടെ അച്ഛനോട് സംസാരിച്ചതിനു ശേഷം എന്റെ പ്രതിശ്രുതവധുവിന്റെ ശബ്ദം ഞാന്‍ ഫോണിലൂടെ കേട്ടു.
"എനിക്ക് പേടിയായിരുന്നു ശബ്ദം കേള്‍ക്കുന്നതു വരെ"
"എന്തിന്"
ആവശ്യത്തില്‍ കൂടുതല്‍ ബലം കൊടുത്ത് ഞാന്‍ ചോദിച്ചു.

"അല്ലാ .. ഈ കഥകളിക്കാരന്‍ എന്നൊക്കെ കേട്ടപ്പോള്‍...."

ഞാന്‍ ഉള്ളില്‍ ചിരിച്ചു. കഥകളിക്കാരന്‍ ആണ് എന്നു കേട്ടപ്പോല്‍ നാട്ടിലൊക്കെ കുറച്ച് ഡാന്‍സൊക്കെ പഠിച്ച് "സവാളവട" എന്നു പറഞ്ഞു നടക്കുന്ന "കിളിശബ്ദമുള്ള" ആരെങ്കിലും ആവുമോ എന്ന ഭയെന്റെ പ്രിയതമയെ വേട്ടയാടുന്നുപോലും.

ഞാന്‍ പരമാവധി "ബാസ്" കൊടുത്ത് ചോദിച്ചു

"ഇപ്പോള്‍ ശബ്ദമൊക്കെ കേട്ട്... സന്തോഷമായില്ലേ"

മറുതലക്കല്‍ ചിരി..

വെയില്‍ തിളക്കുന്ന നാലു മാസങ്ങള്‍ എന്റെ മനസ്സിലെ പ്രേമത്തിന്റെ‍ കുളിര്‍മഴ പെയ്ത് കുളിര്‍പ്പിച്ച് കടന്നു പോയി.

ഫെബ്രുവരി രണ്ട് 2001.

അന്നാണ് ഞാന്‍ എന്റെ ആദ്യ വെക്കേഷന് നാട്ടിലേക്ക് തിരിച്ചത്. വിവാഹത്തിനു വേണ്ടിയും. സൗദി അറേബ്യയിലെ മണ്ണു വിട്ട് ഫ്ലൈറ്റ് പറന്നുയരുമ്പോള്‍ സാധാരണ മലയാളിക്കുണ്ടാകുന്ന ഒരു സന്തോഷം മാത്രമായിരുന്നില്ല എന്റേത്. ജീവിതത്തിലേക്ക് ഒരാളെക്കൂടി കൂടെക്കൂട്ടാന്‍ പോവുന്നതിന്റെ സന്തോഷം. മേഘങ്ങളെ കീഴടക്കി വിമാനം കുതിക്കവെ എന്റെ മനസ്സ് മേഘങ്ങളില്‍ നൃത്തം ചെയ്തു കൊണ്ടിരുന്നു  .

വീട്ടിലെത്തിയപ്പോള്‍ എന്റെ വധുവിനെ കാണാന്‍ അടുത്ത ദിവസമേ പോവുന്നുള്ളൂ എന്നറിഞ്ഞു. അല്പം നിരാശ തോന്നി. ടൗണിലേക്കിറങ്ങിയ എന്റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു. എന്റെ മനസ്സില്‍ തുളുമ്പി നിന്നിരുന്ന  സ്നേഹത്തിനു മുന്നില്‍ നാട്ടുനടപ്പിന്റെ മതിലുകള്‍ കാണാതെയായി. ഞാന്‍ നേരെ വിദ്യയുടെ വീട്ടിലേക്കെത്തി. എല്ലാവര്‍ക്കും അപ്രതീക്ഷിതമായ സന്ദര്‍ശനം.

അപ്പൊള്‍ അവിടെ വെച്ച് ഞാന്‍ അവളെ ആദ്യമായി കണ്ടു.
മുഖം നിറയെ ചിരിയുമായി
കണ്ണുകള്‍ നിറയെ സ്നേഹവുമായി
നെഞ്ചു നിറയെ പ്രേമവുമായി.....

എന്റെ പെണ്ണിനെ.

രണ്ടായിരത്തി പതിനൊന്ന് ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി എന്റെ പ്രിയപ്പെട്ടവളുടെ കഴുത്തില്‍ താലി ചാര്‍ത്തിയിട്ട്  ഇന്നേക്ക് പതിനൊന്നു കൊല്ലമായിരിക്കുന്നു.

പ്രണയിച്ചും പിണങ്ങിയും ഇണങ്ങിയും കഴിഞ്ഞ ഇണ പിരിയാത്ത പതിനൊന്നു കൊല്ലങ്ങള്‍!

iഇനിയും സ്നേഹിച്ചു തീരാതെ എത്രയും വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരിക്കണേ എന്ന പ്രാര്‍ത്ഥന‌യുമായി...

എന്റെ പ്രിയപ്പെട്ടവള്‍ക്ക് സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍‍!

12 comments:

മുകിൽ said...

Oh! Great.
ഇതിലും മധുരതരമായ ഒരു പ്രണയാശംസ പ്രിയതമക്കെങ്ങനെ നല്‍കും!

ഇണ പിരിയാത്ത ഒരു മനോഹരജന്മം ആവട്ടെ. ആശംസ.

Anonymous said...

ആശംസകള്‍ ! ആചന്ദ്രതാരം നിലനില്‍ക്കട്ടെ ഈ അനുരാഗം !

ishaqh ഇസ്‌ഹാക് said...

പ്റേമോജ്വലം ഈ ഹൃദയരഗത്തിന്റെ അക്ഷരതാളം, ഒരു താജ്മഹലോളം..!
ആശംസകള്‍ :)

Joy Varghese said...

All the Best

അജീഷ്.പി.ഡി said...

നിഷ്കളങ്കാ, ഇതിലും നിഷ്കളങ്കമായും,പ്രണയാര്‍ദ്രമായും എങ്ങിനെ ഒരു വിവാഹവാര്‍ഷിക ആശംസ പ്രിയതമക്ക് കൊടുക്കാന്‍ കഴിയും. ഞാനും നിങ്ങളുടെ ഈ സന്തോഷത്തില്‍ പങ്കുചേരുന്നു.....ആശംസകള്‍....

നിഷ്ക്കളങ്കന്‍ said...

മുകില്‍ , പാണനാര്‍, ഇസഹാക്ക് , ജോയ് , അജീഷ് - വായനക്കും ആശംസകള്‍ക്കും വളരെ നന്ദി

rajankunhu said...

അക്കനും അണ്ണനും എന്റെ ഹൃദയം നിറഞ്ഞ ജയ്. മധുക്കുട്ടിയ്ക്കും ഇരിക്കട്ടെ ഒരു ജയ്.

G.MANU said...

Pranayaasamsakal :)

Anonymous said...

:)

ആശംസകൾ!

kanakkoor said...

നര്‍മ്മം കലര്‍ത്തിയ അനുഭവം നന്നായി.
മഹാന്മാര്‍ ഒരുപോലെ പ്രവര്‍ത്തിക്കും !
ആശംസകള്‍ !

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM.....

Shaleer Ali said...

ഞാന്‍ വന്നെത്താന്‍ വൈകി ... എങ്കിലും ആസ്വദിച്ചു വായിച്ചു
ഇണ പിരിയാതെ ഇനിയും ഒരു പാട് വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നാ പ്രാര്‍ഥനയോടെ ഒരു പുതിയ കൂട്ടുകാരന്‍ ...........