Saturday, September 17, 2011

ഒരു നക്സലൈറ്റിന്റെ കഥ

"ഓ ! ഒരു ചനല്‍കുമാരന്‍ വന്നിരിക്കിന്നു ഞങ്ങടെ ആപ്പീസില്‍. അവന്‍ നക്സലൈറ്റാ"


അമ്മ ദേഷ്യത്തോടെ പറയുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി. 88-90 കാലമാണ് . നക്സലിസമൊക്കെ നാട്ടില്‍ നിന്നൊഴിഞ്ഞു കഴിഞ്ഞു. വയനാട്ടിലും മറ്റും നക്സലുകള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ജീവനോടെ ഒരു നക്സലൈറ്റിനെ കാണുക എന്നത് എന്റെ ഒരഭിലാഷവും ആയിരുന്നു.
ഞാന്‍ ചെവിയോര്‍ത്തു.

"അവന്‍ പൈസ മേടിക്കത്തില്ല പോലും. മേടിക്കാന്‍ സമ്മതിക്കത്തും ഇല്ലെന്നു. ഹും ! തിന്നത്തുവില്ല പശൂനെയോട്ടു
തീറ്റിക്കത്തുവില്ല" അമ്മയുദെ രോഷം അണപൊട്ടിയൊഴുകി

അമ്മയ്ക്ക് രജിസ്റ്റ്റേഷന്‍ വകുപ്പിലാണ് ജോലി. സ്ഥലത്തെ സബ്രജിസ്റ്റ്റാഫീസിലെ എല്‍.ഡി ക്ലര്‍ക്. തര്‍ക്കസ്ഥലമായ സബ്രജിസ്റ്റ്റാഫീസിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ദിവസപ്പടി(കൈക്കൂലി)യാണ് തര്‍ക്കവിഷയം.ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനായ അച്ഛനും സബ്രജിസ്റ്റ്റാഫീസിലെ എല്‍.ഡി ക്ലര്‍‌ക്കായ അമ്മയ്ക്കും മാസത്തില്‍ പിടിത്തവും കഴിഞ്ഞ് എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന പൈസ കൊണ്ട് ഒന്നും തികയാറുണ്ടായിരുന്നില്ല. പ്രീഡിഗ്രിയടക്കമുള്ള ഉന്നത വിദ്യാഭ്യാസം നടത്തുന്ന എന്റെയും ഡിഗ്രിക്കും മറ്റും പഠിക്കുന്ന എന്റെ മൂത്ത രണ്ടു സഹോദരിമാരുടെയും പഠനം, ദൈനംദിനചിലവുകള്‍ എന്നിവക്ക് ഒരു സഹായമായിരുന്നത് അമ്മ കരസ്ഥമാക്കിയിരുന്ന ഈ ദിവസപ്പടി ആയിരുന്നു. അച്ഛന്‍ തികഞ്ഞ ആദര്‍ശങ്ങള്‍ പുലര്‍ത്തുന്ന അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന, കമ്മ്യൂണിസ്റ്റ് പാ‌ര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന, സംഘടനയുടെ തല മുതിര്‍ന്ന നേതാവ്. പക്ഷേ ശമ്പളത്തിലെ പിടിത്തവും വലിയുമെല്ലാം കഴിഞ്ഞ് പത്താം തീയതിയാവുമ്പോഴേക്കും കാലിയാവുന്ന വീട്ടിലെ ഖജനാവ്, എല്ലാ മാസവും പല്ലിളിച്ചുകൊണ്ടെത്തുന്ന ലോണടവു തീ‌ര്‍ക്കാത്തതിന്റെ ജപ്തിനോട്ടീസുകള്‍ , മുഖം കറുപ്പിക്കുന്ന പലചരക്കുകടക്കാരന്‍ എന്നീ പ്രതിഭാസങ്ങള്‍ നിമിത്തം അച്ഛന്റെ ആദര്‍ശങ്ങള്‍, അമ്മയുടെ മാസപ്പടിക്ക് ഒരിക്കലും പ്രതിബന്ധമാകാതെ വന്നു. ആടിയുലഞ്ഞു നിന്നിരുന്ന ഞങ്ങളുടെ വീട്ടിലെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തിയിരുന്നത് അമ്മയ്ക്ക് കിട്ടിയിരുന്ന ഈ എക്സ്റ്റ്രാ വരുമാനമായിരുന്നതുകൊണ്ടാവാം അച്ഛന്‍ അതിന് മൗനാനുവാദം നല്‍കിയിരുന്നത് എന്ന് ഞാന്‍ കരുതുന്നു. അച്ഛന്റെ ബുക്ഷെല്‍ഫിലിരിക്കുന്ന കമ്മ്യുണിസ്റ്റ്/നക്സല്‍ ആശയങ്ങള്‍  വാരി വിതറുന്ന പുസ്തകങ്ങളും, ദിനമ്പ്രതി ദേശാഭിമാനി പത്രവും വായിച്ച് 'ഒരു വല്യ കമ്മ്യൂണിസ്റ്റോ തികഞ്ഞ ആദര്‍ശവാദിയോ ആയേക്കാം' എന്നും വിചാരിച്ചിരുന്ന എനിക്കും ദിവസപ്പടി കൊണ്ട് അമ്മ വാങ്ങിക്കൊണ്ട് വന്നിരുന്ന ഉഴുന്നുവടയും മുട്ട പപ്സും ഒക്കെ കഴിക്കാന്‍ ഒട്ടും രുചിക്കുറവു തോന്നിച്ചിരുന്നില്ല. സ്വാശ്രയനല്ലാത്ത ദുര്‍ബ്ബലചിത്തനായ ഒരു വിദ്യാര്‍ത്ഥി ആയിരുന്ന ഞാന്‍ കുറ്റബോധം മേമ്പൊടി ചേര്‍ത്ത് എന്റെ വീട്ടിലെ ഈ 'വൈരുദ്ധ്യാത്മക ഭൗതികസുഖം' ഉള്‍ക്കൊണ്ടു മൃഷ്ടാന്നം വെട്ടി വിഴുങ്ങി പോന്നു. അപ്പോഴാണ്‌ ഈ പുതിയ നക്സലൈറ്റിനെ കുറിച്ചുള്ള അമ്മയുടെ പ്രസ്താവന കേള്‍ക്കുന്നത് .

എനിക്ക്  ആ നക്സലൈറ്റിനെ കാണാനുള്ള ഉത്ഖണ്ഠ വര്‍ദ്ധിച്ചു. ഞാന്‍ കാര്യം തിരക്കി . എന്താണ് ഈ നക്സലൈറ്റ് രജിസ്ട്രേഷന്‍ വകുപ്പിലെ ആ ഓഫീസില്‍ ചെയ്തു കൂട്ടുന്നത്‌ ? വിപ്ലവം തോക്കിന്‍ കുഴലിലൂടെ  കൊണ്ട് വന്നു രജിസ്ട്രാപ്പീസിലെ  ഗുമസ്തന്മാരെ ഒക്കെ വെടി വെച്ചു താഴെയിടാന്‍ പോവുകയാണോ ഈ നക്സലൈറ്റ്‌ ?

അമ്മ കാര്യം പറഞ്ഞപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് പിടി കിട്ടിയത് .

സനല്‍കുമാര്‍ എന്ന, പുതിയതായി ചാര്‍ജ്ജെടുത്ത എല്‍. ഡി ക്ലര്‍ക്ക്‌ ആണ് വിവാദപുരുഷന്‍ . അദ്ദേഹത്തെയാണ് അരുമയോടെ ദേഷ്യത്തോടെ "ചനല്കുമാരന്‍" എന്ന് എന്റെ മാതാശ്രീ വിശേഷിപ്പിച്ചത് . അദ്ദേഹം നക്സല്‍ അനുഭാവമുള്ള ഏതോ എന്‍.ജി.ഓ സംഘടനയുടെ പ്രവര്‍ത്തകനാണ്. ഭയങ്കര ആദര്‍ശവാദിയുമാണ് .  അദ്ദേഹത്തിനു കൈക്കൂലി വാങ്ങുന്നത് ഇഷ്ടമല്ല .

"അവന്‍ വാങ്ങത്തുമില്ല ബാക്കിയുള്ളവന്‍ കിട്ടുന്ന നക്കാപപ്പിച്ച മേടിക്കുന്നതിനു എതിരും . അസത്ത് " അമ്മ  അരിശം കൊണ്ട് കത്തിക്കാളുകയാണ്‌.

അത് ശരി .. അപ്പോള്‍  അതാണ്‌ കാര്യം . അമ്പലപ്പുഴ രജിസ്ട്രാപ്പീസില്‍ ഒരു "രോഷാകുലനായ ചെറുപ്പക്കാരന്‍ " ലാന്‍ഡ്‌ ചെയ്തിരിക്കുന്നു . എനിക്ക് ഉത്ഖണ്ഠ കൂടി . എങ്ങിനെയായിരിക്കും അയാള്‍ ഈ " വാങ്ങുന്നവര്‍ക്ക് പൊതുവേ സുഖകരമായ" കൈക്കൂലി ഏര്പ്പാടിനെതിരെ പ്രതികരിചിട്ടുണ്ടാവുക ? ഞാന്‍ നയത്തില്‍ അമ്മയോട് കാര്യങ്ങള്‍ ചോദിച്ച് അറിയാന്‍ വട്ടമിട്ടു. അറിവ്‌ സമ്പാദിക്കുക എന്നത് ഇന്നത്തെ പോലെ  പണ്ടെ എന്റെ ഒരു ശീലമായിരുന്നു . അപ്പോഴാണ്‌ സംഗതിയുടെ പുതിയ കിടപ്പ് വശം പുറത്തായത് .

രജിസ്ട്രാപ്പീസില്‍ പൊതുജനത്തിന്റെ കയ്യില്‍ നിന്നും നേരിട്ട് ആരും കൈക്കൂലി വാങ്ങുകയില്ല . പകരം ആ കൈക്കൂലി ആധാരം എഴുത്തുകൂലിയുടെ കൂട്ടത്തില്‍ കക്ഷിക്കാരനായ പൊതുജനം ആധാരം എഴുത്തുകാരന്റെ കയ്യില്‍ കൊടുക്കണം . എല്ലാ ദിവസവും വൈകുന്നേരം ആധാരം എഴുത്തുകാര്‍ സബ്‌ രജിസ്ട്രാര്‍  അടക്കമുള്ള "പൊതുജനസേവകര്‍ക്ക് " അവര്‍ ജനത്തിനു ചെയ്തു കൊടുത്ത "പ്രത്യേക" സേവനങ്ങള്‍ക്ക് ഏല്‍പ്പിച്ച "പാരിതോഷികം" ("പ്രാക്കോഷികം" പ്രാകി കൊണ്ട് കൊടുക്കുന്ന ഉപഹാരം എന്നും പറയാം ) വീതം വെച്ചു ഏല്‍പ്പിക്കും.

"രോഷാകുലനായ ചെറുപ്പക്കാരന്‍ " സനല്‍കുമാര്‍, ഈ ദുഷിച്ചു നാറിയ വ്യവസ്ഥിതിക്ക് നേരെ ശക്തമായി പ്രതികരിച്ചു  കാണണം .

"അവന്‍ കാശ് മേടിക്കത്തില്ല . ഇനി മുതല്‍ ആര് മേടിച്ചാലും അവന്‍ എതിര്‍ക്കുമെന്ന് . അവന്‍ സമ്മേളനം വിളിച്ചു കൂട്ടി ഈ കൈക്കൂലി പരിപാടിയെ പൊതുജനത്തിന് മുന്‍പില്‍ അവതരിപ്പിക്കുമെന്ന് . ഹും ! നമ്മളോടാ അവന്റെ കളി ! ഞാന്‍  ഇന്നത്തെ പടി കിട്ടിയപ്പോള്‍ അവനുള്ളത് ഞാന്‍ അവനറിയാതെ അവന്റെ മേശക്കകത്ത് വെച്ചു . അവന്‍ വന്നു മേശ തുറന്നപ്പോള്‍ കാശ് കണ്ടതും തുള്ളിക്കൊണ്ട് അവന്‍  അതെല്ലാം കൂടി  വലിച്ചെറിഞ്ഞു ഭയങ്കര പ്രസംഗം . അവന്‍ എല്ലാത്തിനെയും കോടതി കേറ്റുമെന്നും  പരസ്യ വിചാരണ ചെയ്യുമെന്നും ഭീഷണിയും . ഹും !"

ആഹ .. അത് ശരി .. അപ്പൊ സംഭവം കുറച്ചു കടുത്തതാണ് . കൈക്കൂലി വാങ്ങാന്‍ ഇഷ്ടമില്ലാത്ത ഒരു മനുഷ്യന്റെ മേശവലിപ്പില്‍ കൊണ്ട് കാശ് വെച്ചു . അതിനെതിരെ പ്രതികരിച്ചതിനെതിരെയാണ് എന്റെ മാതാവ് കൊടുവാളെടുത്തു തുള്ളുന്നത് .ഞാന്‍ ശരിക്കും "ഹമ്മേ" എന്ന് മനസ്സില്‍ വിളിച്ചു പോയി . തികഞ്ഞ ആദര്ശവാദിയായി തീരാന്‍ വേണ്ടി മനസ്സിലാകാത്ത പല പുസ്തകങ്ങളും ഉറക്കം തൂങ്ങിയിരുന്നു വായിച്ചും കൈക്കൂലി കൊണ്ട് വാങ്ങുന്ന സാധനങ്ങളൊക്കെ സുഖമായി അനുഭവിച്ചും ഇരിക്കുന്ന എനിക്ക് മനസാക്ഷിക്കുത്തും തോന്നി .

അന്നത്തെയിടം അങ്ങിനെ കഴിഞ്ഞു . പിന്നീട് കുറെ ദിവസങ്ങള്‍ അങ്ങിനെ കടന്നു പോയി .

എപ്പോഴോ ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ സനല്‍കുമാറിനെ പറ്റി അമ്മയോട് അന്വേഷിച്ചു  . അമ്മ പറഞ്ഞു
"ഇപ്പോള്‍ ഞങ്ങള്‍  അവനെ ഒതുക്കി . അവന്‍ കാശ് മേടിക്കത്തില്ല . ഞങ്ങള്‍ മേടിക്കുന്നതില്‍  അവന്‍ ഇടപെടത്തും ഇല്ല . ഇപ്പോള്‍ അവന്‍ ഒതുങ്ങിയിരുന്നു ജോലി ചെയ്തിടു പോയ്ക്കോളും"
ഭൂരിപക്ഷത്തിന്റെ ശക്തിയില്‍ എരിഞ്ഞടങ്ങിയ ഒരു രോഷാകുലനായ ഒരു വിപ്ലവകാരിയെ ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു . ഇനി അയാളുടെ ഒരു തന്ത്രമാവുമോ ഈ ഒതുങ്ങള്‍ എന്നും ചിന്തിക്കാതിരുന്നില്ല . പിന്നീടെപ്പോഴോ അയാള്‍ എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയി .

കുറച്ചു കാലം കഴിഞ്ഞു എന്തോ ആവശ്യത്തിനായി അമ്മയെ കാണാനായി അമ്പലപ്പുഴ രജിസ്ട്രാപ്പീസില്‍ പോകേണ്ടതായി  വന്നു. അവിടെ ബാക്കിയുള്ളവരെയൊക്കെ അറിയാമായിരുന്നുവെങ്കിലും അമ്മ തൊട്ടടുത്ത സീറ്റിലിരിക്കുന്ന  ഒരു പുതിയ ആളിന് എന്നെ പരിചയപ്പെടുത്തി

"മോനാണ്"

കറുത്ത് മെലിഞ്ഞു ,നീല ഷര്‍ട്ടും കറുത്ത കാലുറയും ധരിച്ച ഒരു യുവാവ്‌.

"നിനക്ക് മനസ്സിലായില്ലേ . ഇതാണ് സനല്‍കുമാര്‍ സാറ് " അമ്മ പറഞ്ഞു

ഞാന്‍ ഞെട്ടല്‍ ഒളിപ്പിച്ചു ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കി.

അതാ നില്‍ക്കുന്നു ഞാന്‍ കാണണം എന്നാഗ്രഹിച്ച ആ നക്സലൈറ്റ്‌ !

കാപട്യങ്ങളുടെ ഉളുപ്പുകളില്‍, ഒരംശം പോലുമില്ലാതെ അയാളെ "സാര്‍" എന്ന് വിളിക്കുന്നു അയാള്‍ക്കെതിരെ പൊരുതി പട ജയിച്ചു നില്‍ക്കുന്ന എന്റെ അമ്മയടങ്ങുന്ന  മഹാഭൂരിപക്ഷം കൈക്കൂലി സാമ്രാട്ടുകള്‍!

ചീകിയൊതുക്കിയ മുടിയും വീതിയേറിയ നെറ്റിക്കും ചെറിയ പുരികങ്ങള്‍ക്കും താഴെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ എന്നെ നോക്കി വെളുക്കെ ചിരിച്ചു . പിന്നെ ആ കറുത്ത  മുഖത്ത് ഒരു ചിരി പടര്‍ന്നു . ഞാന്‍ ചിരിച്ചുവെന്നു വരുത്തി . ആ ചിരിക്ക് എന്തെല്ലാം അര്‍ഥങ്ങള്‍ ഉണ്ടായിരിക്കാം .

ദുഷിച്ചു നാറിയ ഒരു വ്യവസ്ഥിതിക്ക് എതിരെ പട പൊരുതി തോറ്റ്, ഒടുവില്‍ ഒരു പരിധി വരെ വ്യവസ്ഥിതിയുടെ ഭാഗമായവന്റെ വേദന കലര്‍ന്ന ചിരി .
പൊതുജനത്തിന്റെ മുതല്‍ കൈക്കൂലിയായി പിടുങ്ങി അതിന്റെ ഇത്തിള്‍ക്കണ്ണിയായി ഇരുന്നു തിന്നുനവനോടുള്ള അവജ്ഞ !

പിന്നെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയില്ല . തിരകെ പോരാവേ ഞാന്‍ മനസ്സ് കൊണ്ട് സനല്കുമാരിനോട് മാപ്പ് പറഞ്ഞു
"ഹേ പുരോഗമനവാദിയായ ചെറുപ്പക്കാരാ .തോല്‍ക്കാതെ  താങ്കളുടെ പോരാട്ടം തുടരുക . സഹജമായ ദൌബ്ബല്യങ്ങള്‍ നിമിത്തം ഞാന്‍ താന്കള്‍ എതിര്‍ക്കുന്ന ചേരിയുടെ ചോറ് തിന്നുന്ന ഒരു നായയാണ് . എന്നെങ്കിലുമൊരിക്കല്‍ ഞാനും താങ്കളുടെ ചേരിയില്‍ ചേര്‍ന്നേക്കും . അന്ന് ഞാന്‍ ഈ വ്യവസ്ഥക്കെതിരെ കുരക്കുകകയെന്കിലും ചെയ്യും"
......
കാലപുരുഷന്‍  എത്ര വേഗത്തിലാണ്  നീട്ടി വെച്ച കാലടികളുമായി ആയുസ്സിന്റെ  തീരത്തുകൂടി എന്നെ കൈപിടിച്ച് കൊണ്ട് പോയത്  .
കഴിഞ്ഞ കൊല്ലം എന്റെ വീടിന്റെ രജിസ്ട്രേഷന് വേണ്ടി ആധാരം എഴുത്തുകാരന്‍ ചോദിച്ച  ഭീമമായ എഴുത്തുകൂലിയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു "ഇതില്‍ പതിനായിരം രൂപയും രജിസ്ട്രാപ്പീസിലേക്ക് പോകേണ്ട ദിവസപ്പടിയാണ് " എന്ന് .

ഞാന്‍ ഉരുവിട്ടത് "ഇന്ന് ഞാന്‍ നാളെ നീ"...മനസ്സില്‍ കുറ്റബോധതോടെ കണ്ടത് കറുത്ത് മെലിഞ്ഞ ഒരു മനുഷ്യന്റെ മുഖം .