പത്ത് വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ദിവസമാണ് ഞാന്‍ അവളെ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൂടെ കൂട്ടിയത്.
പക്വതയില്ലാത്ത,ചപലതകളേറെയുണ്ടായിരുന്ന എന്നിലെ കറുത്ത പൊട്ടുകള്‍ സ്നേഹശാസനങ്ങളിലൂടെയും കണ്ണീരിലൂടെയും തുടച്ചു നീക്കി പുതിയൊരെന്നെ അവള്‍ കണ്ടെടുത്തു. ഞാന്‍ അവള്‍ തന്നെയായിത്തീര്‍ന്നു. അവള്‍ ഞാനും.
എന്റെ ബാല്യത്തിലെ കഥകള്‍ വിടര്‍ന്ന കണ്ണുകളോടെ കേട്ടിരിക്കുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ ശങ്കിച്ചിരുന്നു അവള്‍ക്ക് ഞാനൊരസികനാകുമോ എന്ന്. പക്ഷേ.. എന്റെ കഥകള്‍ അവളുടേതായി തീരുകയും, എന്റെ കുസൃതികളില്‍ അവള്‍ ചിരിച്ചുടയുകയും, എന്റെ ചാപല്യങ്ങളില്‍ അത്ഭുതപ്പെടുകയും, എന്റെ കുഞ്ഞു വേദനകളില്‍പോലും പൊട്ടിക്കരയുകയും ചെയ്യുന്ന അവള്‍, എന്റെ ബാല്യത്തില്‍ അവളെ കൂടെ കൂട്ടാഞ്ഞതില്‍ എന്നോട് പരിഭവിക്കുകയും പിണങ്ങുകയും കൂടി ചെയ്തുപോന്നു. ഇന്നും.
ബാല്യകൗമാരങ്ങളില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ അവളും ചെയ്തിരുന്നു എന്ന് പത്തു വര്‍ഷമായിട്ടും പറഞ്ഞുതീരാത്ത കഥകളില്‍ക്കൂടി ഞങ്ങള്‍ തിരിച്ചറിയാറുണ്ട്. അത്, ഉറുമ്പിന്‍ നിരകളുടെ വഴിതെറ്റിക്കുന്നതിലാവാം, എഴുത്താശാനെ പറ്റിക്കാന്‍ പെന്‍സില്‍ ജാലകത്തിലൂടെ പുറത്തിട്ടിട്ട് പുറത്തേക്കോടുമ്പോഴാവാം, ഫൗണ്ടന്‍പേന റിപ്പയര്‍ ചെയ്യുന്നതാവാം, ഇന്‍സ്റ്റ്രാമെന്റ് ബോക്സ് അലങ്കരിക്കുന്നതാവാം... ഞാന്‍ ചെയ്തിരുന്നതൊക്കെ അവളും ചെയ്തിരുന്നു.
എന്റെ സങ്കടങ്ങളില്‍ കൂട്ടായി, തലോടലായി അറിവായി, വഴിയായി കൂടെ വന്നവള്‍...
എന്റെ സന്തോഷങ്ങളില്ലും കൊച്ചു വിജയങ്ങളിലും ചിരിയായി, കണ്ണില്‍ പൂത്തിരി കത്തിച്ച് ആഘോഷിച്ചു നടക്കുന്നവള്‍....
അടിസ്ഥാനപരമായി കള്ളം പറഞ്ഞു ശീലിച്ചിരുന്ന ഞാന്‍ എന്റെ ചില കള്ളങ്ങളില്‍ തലകുനിച്ചു നിന്നപ്പോള്‍ സത്യത്തിന്റെ ശക്തി കണ്ണീരില്‍ ചാലിച്ച് അവളെന്റെ കണ്ണിലെഴുതി. സത്യം തന്ന ശക്തിയെന്തെന്നറിഞ്ഞപ്പോള്‍ എന്റെ കള്ളങ്ങളെ ഞാനിപ്പോള്‍ കാണാറില്ല. അവളെപ്പേടിച്ച് അവ വരാറേയില്ല തന്നെ.
ഒന്നായലിഞ്ഞ ജീവിതത്തില്‍ അവള്‍ക്ക് എന്നെയും എന്നെ അവള്‍ക്കും നല്‍കിയപ്പോള്‍ ഉയിര്‍പൊട്ടിയ ഞങ്ങളുടെ ജീവനെ വേദനകളുടെ കടല്‍ താണ്ടി ജന്മം നല്‍കിയവള്‍...
പത്തുവര്‍ഷങ്ങള്‍ക്കപ്പുറം ഒന്നിച്ചൊന്നായിത്തീര്‍ന്നപ്പോള്‍, ഒന്ന് കെട്ടിപ്പിടിക്കാന്‍ , ഒന്നുമ്മ വെക്കാന്‍, മുട്ടിയുരുമ്മിയിരിക്കാന്‍ തോന്നിയ അഭിവാഞ്ഛകള്‍ ഇന്നുമെന്താണ് ഒരു കെടാത്ത നെയ്ത്തിരിനാളം പോലെ നില്‍ക്കുന്നത്.. അവള്‍ അതിന്റെ എണ്ണയും തിരിയും ആണത് എന്നതത്രേ...
എന്റെ പ്രിയപ്പെട്ടവളേ... നിനക്ക് എന്റെ വിവാഹവാര്‍ഷികാശംസകള്‍!


2 അഭിപ്രായങ്ങള്‍:
ധന്യം താങ്കളുടെ ജീവിതം.
കാണാന്‍ താമസിച്ചു. ആശംസകള്‍-))
Post a Comment