Monday, November 29, 2010

വിട്ട മെയിലും ചാറ്റി‌യ ചാറ്റും


"പോയ വാക്കും വിട്ട കുണ്ഡലിനീവാതവും തിരിച്ചെടുക്കാന്‍ പറ്റില്ല"

എന്നൊരു ചൊല്ലുണ്ട്. അതിനെ അനുസ്മ‌രിപ്പിക്കുന്നതാണ് ഇനിപ്പറയുന്ന കാര്യങ്ങ‌ളൊക്കെ. പഴഞ്ചൊല്ലില്‍ പതിരു പിടിക്കാന്‍ നില്‍ക്കാതെ അതിനെ ഒന്ന് എഡിറ്റ് ചെയ്ത് 'വിട്ട മെയിലും ചാറ്റി‌യ ചാറ്റും തിരിച്ചു വിളിക്കാന്‍ പറ്റില്ല' എന്നു തിരുത്താം.
ഓഫീസുക‌ളില്‍ സ‌‌‌ര്‍‌വ്വസാധാരണ‌മായി കാണ‌പ്പെടുന്ന ഒരുതരം കലിപ്പാണ് 'ബോസ്കലിപ്പ്'. ക‌ര്‍ക്കശക്കാര‌നോ വിവര‌ദോഷിയോ അളുമ്പൂസനോ ട്യൂ‌ബ്‌ലൈറ്റോ ആയ മേല‌ധികാരിയോടു തോന്നുന്ന പറഞ്ഞാലും തീരാത്ത മ‌ധുര‌വികാരത്തെ ബോസ് കലിപ്പ് എന്നു നിര്‍‌വ്വചിക്കാം. ഇത്തരത്തിലുള്ള രണ്ട് വ്യത്യസ്ത അനുഭവങ്ങ‌ള്‍ താഴെ വിവരിക്കുന്നു.

ഈ കഥയിലെ മേല‌ധികാരി അതിഭയങ്കര തിരക്കുള്ളവനും അത്യന്തം നിര്‍ണ്ണായകമായ പ്രോജക്റ്റുക‌ള്‍ കൈകാര്യം ചെയ്യുന്നവനുമാണ്. തന്റെ ചിന്താഭാരമാകുന്ന കാള‌വണ്ടിയില്‍ കണ്‍ഫ്യൂഷനാകുന്ന ഡ്രൈവറെ വെച്ചോടിക്കുകയും തദ്വാരാ ഈ തിര‌ക്കുക‌ളൊക്കെ തിരക്കായി നില്‍ക്കുകയും തീരുമാന‌മെടുക്കല്‍ എന്നത് എപ്പോഴും 'പതിനൊന്നാം മ‌ണിക്കൂര്‍' എന്ന ശാന്തിമുഹൂര്‍ത്തത്തിലായിത്തീരുകയും ചെയ്തു. ഇതിന്റെ പരിണ‌തഫലങ്ങ‌ള്‍ പല‌പ്പോഴും അനുഭവിക്കേണ്ടി വരുക സോഫ്റ്റ്വെയ‌ര്‍ ഡവല‌പ്മെന്റ് ടീമിനായതു കൊണ്ട് അതിലുള്ളവ‌ര്‍ക്കൊക്കെ മേലധികാരിയോടുള്ള ഭക്തിവാല്‍സല്യങ്ങ‌ള്‍ നാ‌ളില്‍ നാളില്‍ വ‌ര്‍ദ്ധിക്കുകയും അതു ബോസ് കലിപ്പിലേക്കെത്തിച്ചേരുകയും ചെയ്തു.

കഥാനായക‌നായ ചാര്‍ളിക്ക് മേല‌ധികാ‌രിയുടെ അവസാന‌നിമിഷ തീരുമാന‌മെടുക്കലിനോടുള്ള ഇഷ്ടം കൊണ്ട് മേല‌ധികാരിക്ക് 'പറമ്പ് ' എന്ന് ഇരട്ടപ്പേര് ചാര്‍ത്തുകയും ചെയ്തു. അപ്പിയിടാന്‍ നേരത്ത് പറമ്പന്വേഷിക്കുക എന്ന ചൊല്ലില്‍ നിന്നണ് "പറമ്പ്" എന്ന ഈ പേര് ഉരുത്തിരിഞ്ഞത് എന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ?. സാധാരണ ഇരട്ടപ്പേരുക‌ള്‍ക്ക് ഉള്ള ഒരു പ്രത്യേകത തന്നെ അതിനുമുണ്ട്. ആരെയാണോ പറമ്പെന്ന് വിളിക്കുന്നത് അയാളൊഴിച്ച് ബാക്കി സകല‌ര്‍ക്കും ആ പേര് സുപരിചിതമായിത്തീര്‍ന്നു.
‘ഇന്ന് പറമ്പിന്റെ മീറ്റിംഗുണ്ട് ‘
‘ പറമ്പിന്ന് ലീവാ, ‘
‘പറമ്പിന്റെ മെയിലുണ്ടെ’
എന്നിങ്ങനെയുള്ള പ്രയോഗങ്ങ‌ള്‍ സ‌‌‌ര്‍‌വ്വസാധാരണ‌വുമായി.

അങ്ങിനെയിരിക്കെ ഒരു നാ‌ള്‍, താന്‍ മാസങ്ങളോളം പൊരുന്നയിരുന്ന് വിരിയാറായ ഒരു പണി സാധാരണപോലെ ഒന്നു ചെയ്യാതെ തന്നെ മേല‌ധികാരി ചാര്‍ളിയുടെ ടീമിന് കൈമാറി. ‘രണ്ടുദിവസത്തിനകം തീര്‍‌ക്കേ’ണം എന്നുള്ള സ്നേഹമ‌സൃണ‌മായ ഓര്‍മ്മപ്പെടുത്തലോടെ. ചാര്‍ളിയും ടീമും കൊണ്ടു പിടിച്ചിട്ടും സംഭവം എത്തേണ്ടിടത്തൊന്നും എത്തിയില്ല. ഡേറ്റ് നീണ്ടു. സ്നേഹമ‌സൃണ‌മായ ഓര്‍മ്മപ്പെടുത്ത‌ല്‍ വീണ്ടും തല‌വന്റെ വക. ഒടുവില്‍ സ‌‌‌ര്‍‌വ്വനിയന്ത്രണ‌ങ്ങ‌ളും വിട്ട ക്ഷീണം കയറിയ ഒരു സായാഹ്ന‌ത്തില്‍ ചാര്‍ളി തന്റെ സുഹൃത്തുക്ക‌ള്‍ക്ക് ഒരു ഈമെയില്‍ അയച്ചു. ദേഷ്യം മുഴുവന്‍ മേലധികാരിയോടാണല്ലോ. കലിപ്പ് കത്തിക്കാളിച്ചുകൊണ്ട് ചാര്‍ളി മെയിലടിച്ചു.

അളിയന്‍സ്,

ഞാന്‍ നാള‌ത്തെ സ്റ്റാന്‍ഡപ് മീറ്റിംഗിനും, ഫോളോഅപ് മീറ്റിംഗിനും പ്രൊജക്റ്റ് അപ്ഡേറ്റിനും എന്നല്ല ഒരു ---നും കാണില്ല. എനിക്ക് പറമ്പിന്റെ പരിപാടിക‌ള്‍ കൊണ്ട് മ‌ടുത്തളിയാ. യെവനെയൊന്നും വെടിവെച്ചുകൊല്ലാന്‍ ആരുമില്ലേടേ? ഡാ.. പറമ്പിനോട് പറഞ്ഞേരേ ഞാന്‍ ഭയങ്കര അസുഖമായിട്ട് ആശൂത്രീപ്പോയെന്ന്. എന്നെ വിളിച്ചിട്ടും കാര്യമില്ലെന്ന് തട്ടിക്കോ. പോയിത്തൊല‌യട്ടേ ശവം.

NB: ഞാന്‍ നാളെ ഫുള്‍ വെള്ള‌മാരിക്കും. വന്നാലോരോ സ്മോള്‍ തരാം.

റിഗാര്‍ഡ്സ്

ചാര്‍ളി

ചാര്‍ളി To ഉം CC ഉം ഒക്കെ ടൈപ് ചെയ്ത് സെന്‍ഡ് ബട്ടണില്‍ ഞെക്കി. ഒന്ന് മൂരി നിവര്‍ന്ന് പിന്നെ സിസ്റ്റം ഷ‌ട്ട്‌ഡൗണ്‍ ചെയ്ത് ബാഗുമെടുത്ത് ഇറങ്ങാന്‍ നേരം മൊബൈലില്‍ ഒരു കാള്‍. ചാര്‍ളി നോക്കിയപ്പോ‌‌ള്‍ ടീംലീഡ് ടോമിച്ചനാണ്.
'എന്തോന്നാടേ ഈ ആറുമണി സമ‌യത്ത് നീ കൊഞ്ചാന്‍ വിളിക്കുന്നേ. ഞാന്‍ കട പൂട്ടി. നാളെ ലീവുമാണ്. മെയില് കണ്ടില്ലാരുന്നോ'
അപ്പുറത്ത് ടോമിയുടെ പരിഭ്രാന്തമായ ശബ്ദം "അളിയാ.. ഡെസ്പ്.. കലിപ്പ‌ളിയാ കലിപ്പ്. മെയിലു തന്നെ കലിപ്പ്"
ചാര്‍ളിയുടെ തല‌യില്‍ ഒരു കൊള്ളിയാന്‍ മിന്നി " എന്തുവാടെ കലിപ്പെന്നൊക്കെപ്പറഞ്ഞ് പേടിപ്പിക്കുന്നേ"
ടോമി "അളിയാ നീ അടിച്ച മെയിലിന്റെ To ആര്‍ക്കാണെന്ന് വെല്ല ബോധോവൊണ്ടോ? എടേയ് നീ അറിഞ്ഞോണ്ടാനോടെയ് അത് പറമ്പിന് വെച്ചത്?"
ചാര്‍ളി‌‌യുടെ തല‌യ്ക്കകത്തുനിന്നും വ‌ലതു ചെവി വഴി പ്രജ്ഞയാകുന്ന കിളി ചില‌ച്ചുകൊണ്ട് ചിറകടിച്ച് പറന്നുപോയി.
"പ ..പറമ്പിനാ ?.. ഹെന്ത്. ഓ ചുമ്മാ'
ടോമി "അതേയളിയാ. നീ പറമ്പിന് To ഉം ഞങ്ങക്കെല്ലാം CC യുമാണെടെ വെച്ചത്. അളിയാ കട്ടക്കലിപ്പായെടേ. നിന്റെ കാര്യം ഓക്കെയായി"

ചാര്‍ളി സ‌‌ര്‍‌വ്വാംഗം തള‌ര്‍ന്ന് വായില്‍ അപ്പോള്‍ത്തോന്നിയ ഒരു മുട്ടന്‍ തെറിയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. കുറേനേരം ചുറ്റിത്തിരിഞ്ഞെങ്കിലും ഒന്നും ചെയ്യാന്‍ പാങ്ങില്ലാതെ. ഇവിടുത്തെ മെയില്‍ ക്ലയന്റില്‍ ഈമെയില്‍ തിരിച്ചുവിളിക്കാനും (റിക്കോള്‍) ഓപ്ഷനില്ല. ചാര്‍ളി റൂമില്‍ പോയി ഒരു ബക്കാര്‍ഡിയുടെ ഫുള്ളിന്റെ പാതി ഒറ്റക്ക് കുടിച്ച് "എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങ‌ള്‍ എന്നേക്കുമായസ്തമിച്ചുപോയ്' എന്ന കവിതയും പാടി ജോലിയില്‍ നിന്നും പിരിച്ചുവിടുന്ന ലെറ്ററും സ്വപ്നം കണ്ട് കിടന്നുറങ്ങി.

അടുത്ത ദിവസം രാവിലേതന്നെ ചാര്‍ളിയെത്തി. വിറക്കുന്ന കൈക‌ളോടെ മെഷീന്‍ ഓണ്‍ ചെയ്ത് ലോഗിന്‍ ചെയ്തു. ലോഗിന്‍ ആയപ്പോ‌ള്‍ അത്ഭുതപ്പെട്ടു. ടെര്‍മിനേറ്റ് ചെയ്തിട്ടില്ല ഇതുവരേ!
ഹമ്മേ... ഇനിയിപ്പം കടിതം എച്ചാറിന്റെ കയ്യിലായിരിക്കും. ഏതെങ്കിലും മ‌ഹാപാപി എന്റെ ടെര്‍മിനേഷന്‍ ലെറ്റര്‍ അടിക്കുകാരിക്കും. ചാ‌ര്‍ളി വിചാരിച്ചു. ഈമെയില്‍ പ്രോഗ്രാം തുറന്നു ലോഗിന്‍ ചെയ്തു.

ദൈവമേ ദേ പറമ്പിന്റെ മെയില്‍!

വരണ്ട തൊണ്ടയോടെ ഇടറുന്ന മന‌മോടെ ചാര്‍ളി അതിങ്ങനെ വായിച്ചു.

പ്രിയ ചാര്‍ളീ,

മറ്റാര്‍ക്കോ ഉദ്ദേശിച്ച മെയില്‍ എനിക്ക് തെറ്റി അയച്ചതാണ് എന്ന് ഞാന്‍ വിചാരിക്കുന്നു.

NB: നിന്റെ അസുഖം എങ്ങിനെയുണ്ട്. നന്നായി കുറഞ്ഞുകാണും എന്ന് കരുതുന്നു

റിഗാര്‍ഡ്സ്

മേലധികാരി (പേര്)

ചാര്‍ളി പ്രതിമ പോലെ ഇരുന്നു. ചിരിക്കണോ കരയണോ എന്നറിയാതെ. മനസ്സില്‍ കുറ്റബോധം വരുമ്പോള്‍ ചെയ്യുന്നെതെല്ലാം തികച്ചും യാന്ത്രികമായിരിക്കും എന്ന് മഹാകവി മോഹന്‍ലാല്‍ പറഞ്ഞതിന്റെ പൊരുള്‍ ചാര്‍ളിക്ക് അപ്പോഴാണ് മനസ്സിലായത്.
=========
സൗദിയില്‍ ജോലിയിലില്‍ ഇരുന്ന കാലത്ത് നിസ്തല ശ‌ര്‍മ്മ എന്ന സിസ്റ്റംസ് മാനേജരെ പരിചയപ്പെട്ട കാലം മുതല്‍ എനിക്ക് ബോസ് കലിപ്പായിരുന്നു. തമ്മില്‍ കണ്ടാല്‍ മുടിഞ്ഞ ബഹുമാന‌വും സ്നേഹവുമായിരുന്നെങ്കിലും. ആ‌ളുടെ പ്രത്യേകത പുള്ളി ആരെയെങ്കിലും പറ്റി ഒരഭിപ്രായം പറയുന്നത് തുടങ്ങുന്നതും അവസാനിക്കുന്നതും രണ്ടു ഹിന്ദി വാചകങ്ങ‌ളിലായിരുന്നു.
'വോ ചൂത്തിയാ ഹേ യാര്‍'
'വോ ഗാണ്ടൂ ഹേ'
ഇതൊന്നും പോരാഞ്ഞ് മലയാളികളെ 'മല്ലു' എന്നും പരസ്യമായി 'നാരിയല്‍' എന്നും വിളിച്ചിരുന്നു.
ഇടക്കിടെ പുള്ളിയുടെ ഡെസ്ക്ടോപ്പില്‍ ഞാന്‍ മല മറിച്ച കാര്യങ്ങ‌ളെല്ലാം ഡെമോ കാണിക്കുന്ന ഒരു പതിവുണ്ട്. അങ്ങിനെയിരിക്കെ ഒരു ദിവസം നിസ്തല‌ന്‍ ഒരാഴ്ചകൊണ്ടും തീരാത്ത ഒരു പണി ഒരു ദിവസം കൊണ്ട് തീര്‍ത്തുതരണമെന്ന് മെമ്മോ അയച്ചു. നിയന്ത്രണ‌ങ്ങ‌ളുടെ അണ‌ക്കെട്ടുക‌ള്‍ പൊട്ടിയൊലിച്ച ആ നേരത്ത് ഞാന്‍ ഓഫീസ് ചാറ്റില്‍ക്കയറി സുഹൃത്തായ നാഗരാജിനോട് പിങ്ങു ചെയ്യാന്‍ തീരുമാനിച്ച് ചാറ്റ് വിന്‍ഡോവില്‍ ഇപ്രകാരം റ്റൈപ് ചെയ്തു. മംഗ്ലീഷിലും ബാക്കി ഹിംഗ്ലീഷിലുമായി.

“നിസ്തലന്‍ പിന്നെയും ഒരോ രോമപ്പരിപാടികളുമായി എറങ്ങീട്ടൊണ്ട്. ശ്മശ്രുവിനെക്കൊണ്ട് തോറ്റു. ഇവന്റെയൊക്കെ ആസനത്തില്‍ ഒരു വാണം വെച്ച് കത്തിച്ച് മേലോട്ട് വിടുകാ വേണ്ടത്. ഹൂം! അവന്റമ്മേടെ ഒരു ഡെഡ്‌ലൈന്‍!”

സംഭവം ടൈപ് ചെയ്ത് സെന്‍ഡും അടിച്ച് ഞാന്‍ നാഗരാജിന്റെ മറുപടി ഗോസിപ്പും കാത്തിരിപ്പാണ്. കാണാഞ്ഞപ്പോ‌ള്‍ ഞാന്‍ വെറുതെ ഒന്നു ചാറ്റ് വിന്‍ഡോവില്‍ കണ്ണോടിച്ചു. എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി. ഞാന്‍ നാഗരാജിനയക്കേണ്ട ചാറ്റ് അയച്ചത് നിസ്തലനു തന്നെ. അയോളോടുള്ള ദേഷ്യത്തിന് ചാറ്റില്‍ ആളെ സെലെക്റ്റ് ചെയ്തപ്പോള്‍ അയാളുടെ പേര് തന്നെ ടൈപ്പ് ചെയ്തതാണ്. എന്റെ കണ്ണിലിരുട്ടു കയറി. ഞാന്‍ ആ എയര്‍കണ്ടീഷന്‍ഡ് റൂമിലിരുന്ന് ഒരു മഴനനഞ്ഞപോലെ വിയര്‍ത്തുകുളിച്ചു. എന്റെ ദൈവമേ! നിസ്തലന്‍ ഇപ്പോളതു കണ്ടുകാണും. അതിന്റെ അവസാനഭാഗം മാത്രം വായിച്ചാല്‍ മതി എന്റെ അടപ്പ് തെറീക്കാന്‍. തലകറങ്ങി ഞാ‌നിരുന്നു. ഗള്‍ഫില്‍ നിന്നും വലിയ പൈസക്കാരനായി വരുന്ന മകനേയും കാത്തിരിക്കുന്ന അമ്മയുടൈഉം അച്ഛന്റേയും മുഖം മുഖം വെറുംകൈയ്യൊടെ ചെല്ലുമ്പോള്‍ കറുത്തിരുളുന്നത് ഞാന്‍ ചുമ്മാ സ്വപ്നം കണ്ടുടു. അങ്ങിനെ പത്തുമിനിട്ടായിട്ടും നിസ്തല‌കശ്മ‌ല‌ന്റെ യാതൊരു മറുപടിയും കാണുന്നില്ല. ഞാന്‍ പതുക്കെ എഴുന്നേറ്റു. അയാളുടെ കാബിനിലേക്ക് നടന്നു. വാതിലിലുള്ള ചില്ലുജാലകത്തിലൂടെ കള്ളനേപ്പോലെ ഞാന്‍ എത്തി നോക്കി. ഞാന്‍ കണ്ട കാഴ്ച. നിസ്തല‌ന്‍ കറങ്ങുന്ന കസേര‌യിലിരുന്ന് മൊബൈലില്‍ ആരെയോ കന്നടയില്‍ കൊല്ലുന്നു. ആര്‍ത്ത് ചിരിക്കുന്നുമുണ്ട്.
ദൈവമേ ! തള്ളക്ക് വിളിച്ചിട്ട് ഇത്ര ഹാപ്പിയായോ അളിയന്‍!
ഞാന്‍ കമ്പ്യൂട്ടറിന്റെ മോണിട്ടറിലേക്ക് പാളി നോക്കി.
അതാ അവിടെ ആ സ്ക്രീനില്‍ ചാറ്റിന്റെ വിന്‍ഡോ കിടന്ന് ബ്ലിങ്കുന്നു.
ഭഗവാന്‍! തേരി മായ.
നിസ്തല കശ്മ‌ലന്‍ ഇതു വരെ അതില്‍ ക്ലിക്കിയിട്ടില്ല. ഫോണിലാണ്. ഞാന്‍ പതുക്കെ നോക്ക് ചെയ്തിട്ട് മുറിയിലേക്ക് കയറി. നിസ്തലന്‍ എന്ന് നോക്കി. ഞാന്‍ എന്റെ ജീവിതത്തില്‍ ചിരിച്ചിട്ടുള്ളതിലേക്കും വെച്ച് ഒരു ഇളിഞ്ഞ വളിച്ച മ‌ന്ദഹാസം പാസാക്കി സ്ക്രീനിലേക്ക് ചൂണ്ടി 'ഡെമോ.. ടെസ്റ്റ്' എന്നൊക്കെ പിറുപിറുത്തു കാണിച്ചു. നിസ്തലന്‍ കറക്കുകസേര പിറകോട്ട് നീക്കി ഫോണില്‍ത്തന്നെയിരുന്ന് ചെയ്ത് കൊള്ളാന്‍ കൈകൊണ്ട് ആംഗ്യം കാട്ടി.
എന്റെ കൃഷ്ണാ.. നീയാണ് സത്യമുള്ളവന്‍. നിനക്ക് ഞാന്‍ നെയ്ത്തിരിയും തൃക്കൈവെണ്ണയും മുഴുക്കാപ്പും എന്നല്ല അമ്പലപ്പുഴ അമ്പലത്തിലെ ബോര്‍ഡിലുള്ള എന്തു വേണേലും തന്നിരിക്കും ഇനിയത്തെ വെക്കേഷനില്‍.
പ്രാര്‍ത്ഥനയോടെ ഞാന്‍ പതുക്കെ ഞാന്‍ ചെയ്യുന്ന പ്രോഗ്രാമിന്റെ ഐക്കണില്‍ ക്ലിക്ക് അതിന്റെ വിന്‍ഡോ പൊക്കി. പിന്നെ വിറക്കുന്ന കരങ്ങ‌ളോടെ ചാറ്റിന്റെ വിന്‍ഡോയില്‍ ക്ലിക്കി. ത‌ള്ളക്കുവിളിയും തെറിവിളിയുമെല്ലാം അതാ കിടക്കുന്നു. ക്ലിക്ക്. വലത്തേ മൂലക്കുള്ള ക്ലോസ് ബട്ടന്‍ നൊടിയിടക്കുള്ളില്‍ പ്രസ് ചെയ്ത് ഞാനാ വിന്‍ഡോ സുരക്ഷിതമായി അട‌ച്ചപ്പോള്‍ എന്റെ ജീവന്‍ അപ്പോള്‍ മാത്രം എന്റേതായി തീര്‍ന്നു.

ഗുണപാഠം : നിങ്ങള്‍ക്ക് ആരൊടെങ്കിലും ദേഷ്യമുണ്ടാവുകയും അതിനെപ്പറ്റി മറ്റാരോടെങ്കിലും 'പെട്ടെന്ന്' പറയണമെന്നു തോന്നുകയും ചെയ്യുമ്പോള്‍,( പ്രത്യേകിച്ച് മെയില്‍, ചാറ്റ് മുതലായവയിലൂടെ) നിങ്ങള്‍ക്ക് പ്രസ്തുത വ്യക്തിയോടുള്ള വെറുപ്പ്, വിദ്വേഷം മുതലായവ കൊണ്ട്, തലച്ചോറില്‍ ആദ്യം കടന്നു വരിക അയാളുടെ പേരുതന്നെയായിരിക്കും. അങ്ങിനെ അയാളെക്കുറിച്ചുള്ള ദൂഷണം അയാള്‍ക്ക് തന്നെ അയച്ചുകൊടുക്കേണ്ടി വന്നേക്കാം. ജാഗ്രതൈ!