Friday, April 24, 2009

സൌന്ദര്യലഹരി

"അമ്പല‌പ്പുഴ ഉത്സ‌വത്തിന് സിനിമാന‌ടി ശോഭന‌യുടെ നൃത്തനൃത്യങ്ങ‌ള്‍."
ഹോ! പ്രോഗ്രാം നോട്ടീസ് എല്ലാവരും വായിക്കയും അവിടെയും ഇവിടെയും കിടന്നിരുന്ന തരിപ്പുക‌ളെല്ലാം കോരിയെടുത്ത് ധരിക്കയും ചെയ്തു. മ‌ണിച്ചിത്രത്താഴ് ഇറങ്ങി മാസങ്ങ‌ളേയായിട്ടുള്ളൂ. ശോഭന‌ കത്തിജ്ജ്വലിച്ചങ്ങനെ താര‌മായിത്തിള‌ങ്ങി നില്‍ക്കുന്ന സമയം.

അങ്ങിനെ ആ സുദിനം വന്നെത്തി. രാത്രി ഒന്‍പതിനാണ് നൃത്തം തുടങ്ങുന്നത്.

ഉത്സവമ‌ല്ലേ? ചെറുപ്പമ‌ല്ലേ? ജ‌ലസേചനം, ധൂമ‌പാനം മുതലായവ പതിവില്‍ നിന്നും വിരുദ്ധമായി വിധിയാം വണ്ണം തന്നെ നേര‌ത്തേ കഴിച്ച്, എട്ടേമുക്കാലോടു കൂടി അമ്പല‌ത്തിലേക്ക് ചെന്ന ഈയുള്ളവന്‍ ഞെട്ടി മ‌രിച്ചു പോയി. ആന‌‌ക്കൊട്ടിലിനിപ്പുറത്തുനിന്നും നോക്കിയാല്‍ എണ്ണ‌മില്ലാത്ത തല‌ക‌ള്‍ മാത്രം. തിരക്കിന്റെ സാന്ദ്രതയെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പഴ‌ഞ്ചൊല്ലില്‍ പതിരില്ല എന്ന് തെളിയിക്കാനായി, കേമ‌നായ ഞാന്‍, ഒരു പിടി മ‌ണ്ണ് വാരി മുകളിലേക്കിടുകയും തദ് വസ്തു ഒരു തരി പോലും താഴേക്ക് പോകാതെ, അന്ത‌മില്ലാതെ നില്‍ക്കുന്ന ജന‌ങ്ങ‌ള്‍ക്ക് മീതെ തങ്ങുകയും ചെയ്തു. പഴ‌ഞ്ചൊല്ലില്‍ പതി‌രേയില്ല എന്ന എന്റെയീ ഗവേഷണപടുത്വത്തില്‍ അത്യന്തം അഭിമാനിയായി മുന്നോട്ട് പോവാന്‍ തുനിഞ്ഞ എന്നെ, മ‌ണ്ണ് ശിര‌സ്സില്‍ വീണ സജ്ജന‌ങ്ങ‌ള്‍ അഭിമ‌ന്യുവിനെ പത്മ‌വ്യൂഹത്തിലെന്നപോലെ വ‌ള‌ഞ്ഞു നിര്‍ത്തി ക,ച,ട,ത,പ തുടങ്ങി അക്ഷര‌മാലാ ക്രമ‌ത്തില്‍ത്തന്നെ മ‌ണിപ്രവാളഭാഷണം കൊണ്ട് മൂടുക‌യാല്‍ മുന്നോട്ടു പോകാനുള്ള ദൗത്യത്തെ ഉപേക്ഷിപ്പാന്‍ തീരുമാനിക്കയും പിന്‍വലിഞ്ഞ് " ഇന്നടിച്ച സാധന‌ത്തിന്റെ എഫക്ട് അപാരം തന്നെ" എന്ന് ആത്മ‌ഗതം ചെയ്ത് ആന‌ക്കൊട്ടിലില്‍ നിന്നും പിന്‍‌വാങ്ങാന്‍ തീരുമാനിക്കയും ചെയ്തു.

എനിയോ? എങ്ങിനെ കാണ്‍മ‌നിന്ദുസാമ്യ ശോഭനമുഖം? എന്നോര്‍ത്ത് വിഷണ്ണനായി നിൽക്കേ എന്നിൽ ആശയം ശോഭനമായിത്തന്നെ വിരിഞ്ഞു.

അമ്പലം ചുറ്റിവ‌ള‌ഞ്ഞ് അങ്ങ് പുറകില്‍ പോവുക.

പോയി.

നിന്നുകൊണ്ട് തന്നെ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും, ശോഭന‌യേയും, ഒരു പരിധിവരെ തത്രഭവതിയുടെ നാട്യത്തെയും കാണ്മാനായി സ്വന്തം ബോധത്തെപ്പോലും വ‌ര്‍ജ്ജിച്ച് ആവേശോന്മുഖരായി നില‌കൊണ്ട പ്രബുദ്ധ‌രായ ജന‌ങ്ങ‌ള്‍, അവ‌രറിയാതെയെങ്കിലും, ഈയുള്ള‌വനെ വായുവിലൂടെ ഇരുത്തികൊണ്ടാണ് പ്രവേശിപ്പിച്ചത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. തദ്സമ‌യത്തിങ്കല്‍ പ്രവേശിക്കാനായി തുനിഞ്ഞ ശോഭനാരാധകരൊക്കെത്തന്നെയും അപ്രകാരം തന്നെ പ്രവേശിപ്പിക്കപ്പെട്ടു എന്നതും പരമാര്‍ത്ഥം.

സമ‌യം ഒട്ടൊന്നതിക്രമിച്ചുവെങ്കില്‍ത്തന്നെയും പരിപാടി തുട‌ങ്ങിയിട്ടില്ല.

"ശോഭന മേക്കപ്പിടുന്നെടത്ത് എന്നാ ഇടിയാ അളിയാ."
"ഞാ ഉളിഞ്ഞു നോക്കാനായിട്ട് നാലുമ‌ണി മൊതലേ വൃന്ദാവന്‍ ടൂറിസ്റ്റോമിന്റെ വാത്ക്ക നിപ്പാര്ന്ന്"
"യേരിയായിലോട്ട് പോലീസടുപ്പിക്കുന്നില്ല"
"ശോഭന ആദ്യം ഒരു മുറൈ വന്ത് പാര്‍ത്തായാ ആണ് ക‌ളിക്കുന്നേന്ന് പറേന്ന കേട്ട്"
"പിന്നെ! തന്റെ കൊച്ചപ്പൂപ്പന‌ല്ലേ ശോഭന എന്തോ ക‌ളിക്കണ‌മെന്ന് തീരുമാനിക്കുന്നെ"
"എടോ കോപ്പേ താനേത് കോത്താഴ‌ത്തോട്ടാ ഈ നീന്തിപ്പോന്നേ?"
"അവന്റമ്മൂമ്മേടെ അടീന്തിര‌ത്തൊള്ള പോക്ക്. ഡോ. ച‌വിട്ടാതെടോ ക്ണാപ്പാ"

എന്നിങ്ങനെ അമ്പല‌പ്പുഴയിലെ സജ്ജന‌ങ്ങ‌ളുടെ സദ്ഭാഷണ‌ങ്ങ‌ളില്‍ അഭിര‌മിച്ചുകൊണ്ടു‌ള്ള എന്റെ വാതേനെയുള്ള ഗമനം ജന‌സാന്ദ്രത കുറഞ്ഞ ഒരു സ്ഥല‌ത്തെത്തിയപ്പോ‌ള്‍ അധോഗതിയാവുകയും ഞാന്‍ ധരിത്രിയെ സ്പ‌ര്‍ശിക്കയും ചെയ്തു.

അമ്പല‌പ്പുഴയിലെ അഭ്യസ്തവിദ്യരും നിസ്വരുമായ യുവ‌ജന‌ങ്ങ‌ളുടെ (പുരുഷപ്രജക‌ള്‍ മാത്രം) ഹരമായിരുന്ന "ഒറ്റ‌യാന്‍" എന്നതിന്റെ ആംഗലേയപദത്തില്‍ നാമ‌കരണം ചെയ്യപ്പെട്ടിരുന്ന അത്യന്തം വിലകൂടിയ മദ്യം (ഒരു മുഴുവന്‍ കാദംബരിക്ക് രൂപ എണ്‍പത്) ന‌ല്‍കിയിരുന്ന ബഹുമുഖവ്യക്തിത്വവും കാഴ്ച‌പ്പാടുമൊക്കെ ഒട്ടൊക്കെ നില‌നിന്നുരുന്നെങ്കില്‍ തന്നെയും ഇനി മുന്‍പോട്ടുള്ള ഗമനം ഗാന്ധി‌മാര്‍ഗ്ഗത്തില്‍ വിശ്വാസമേതുമില്ലാത്ത ശോഭ‌നാരാധക‌ര്‍ അനുവദിച്ചു തരില്ല എന്ന് എനിക്കുറപ്പായി. ഒരു വായു എതിന്റെ എല്ലാ അര്‍ത്ഥത്തിലും ഗന്ധ‌ത്തിലും വദ‌ന‌ത്തിലൂടെ ബ‌ഹി‌ര്‍‌ഗമിപ്പിച്ച് ചുറ്റും നിന്ന ഏതാനും നിഷ്ക‌ള‌ങ്കരെക്കൂടി ലഹരിഭരിതരും ബോധര‌ഹിതരുമാക്കിത്തീര്‍ത്തിട്ട് "എനി ഭുവി ഗമനം അശ‌ക്യം " എന്ന് ആനുഷംഗികമായി പ്രസ്താവിക്കയും ചെയ്തു.

പുരുഷാര‌ത്തിനിടയില്‍ നിന്നും, തിലകം ചാര്‍ത്തി ചീകിയുമഴകാല്‍ പലനാ‌ള്‍ പോറ്റിയ എന്റെ പുണ്യശിരസ്സിനെ ഒട്ടൊന്നുയ‌ര്‍ത്തി, വേദി ഉണ്ട് എന്ന് സങ്കല്പ്പിക്കപ്പെട്ടിരുന്ന ദിക്കിനെ ലാക്കാക്കി ഒന്നു വീക്ഷിക്കാനായി ശ്രമിക്കയും, നേര‌ത്തേ പ്രസ്താവിക്കപ്പെട്ടപോലെയുള്ളതും, ചീകി ചീകി മുടി മുഴുവന്‍ അപ്രത്യക്ഷമായതുമായ അസ്സംഖ്യം ശിര‌സ്സുക‌ള്‍ക്കു മീതെ അവ്യക്തമായി അങ്ങ് ദൂരെ വേദി കാണ‌പ്പെടുകയും ചെയ്തു.

അപ്രകാരം വീക്ഷിച്ചാല്‍ ശോഭന പോയിട്ട് "ശോ" പോലും കാണ്മാന്‍ സാധിക്ക‌യില്ല എന്ന കുണ്ഠിതത്തെ ഇണ്ടല്‍ കൂടാതെ മണ്ടിച്ച് "ആ! എന്നായേലുവാട്ട്. ഇവിടെ നില്‍ക്കാം" എന്ന് വിചാരിച്ച് നില്‍ക്കേ, "തല‌ മാറ്റെടാ തെണ്ടീ" എന്ന മ‌ധുര‌ഭാഷണം കേട്ട് തിരിഞ്ഞു നോക്കാനിടവരികയും ശോഭനാ ദ‌ര്‍ശനാവേശഭരിതനായ ഒരു ബലിഷ്ഠ‌നായ മ‌ദ്യപനാണ‌ത് എന്ന് ഉത്തമ‌പുരുഷനായ ഞാന്‍ തിരിച്ചറിഞ്ഞ് തല ചെരിച്ച് പിടിക്കയും ചെയ്തു. "അയ്ന് പരുവാടി തൊടങ്ങിയല്ലല്ലോടാ തെണ്ടീ." എന്ന് മന‌സ്സില്‍ പുച്ഛിക്കയും ചെയ്ത‌ത് പുന:സ്സംഘ‌ര്‍ഷം സൃഷ്ടിച്ചേക്കാവുന്ന ദേഹാസ്വാസ്ഥ്യങ്ങ‌ള്‍ ഓര്‍ത്തിട്ടാണെന്ന് ഈയുള്ളവന്‍ പറയുമ്പോ‌ള്‍ അത് ഭീരുത്വം കൊണ്ടാണെന്ന് മാന്യവായന‌ക്കാ‌ര്‍ തെറ്റിദ്ധ‌രിക്കയില്ല എന്ന് മ‌നോമുകുര‌ത്തില്‍ ഉറപ്പിക്കട്ടെ.

പെ‌ട്ടെന്നുയ‌ര്‍ന്ന ആരവം എന്റെ ശിര‌സ്സിനെ ഒട്ടൊന്നുയ‌ര്‍ത്തുകയും അങ്ങ് ദൂരെ ആന‌ക്കൊട്ടിലിലെ പുരുഷാരത്തിനിടയില്‍ ഒരു വന്‍ തിരപോലെ ഇള‌ക്കം കാണപ്പെടുകയും ചെയ്തു. ഒരു പത്ത് പ‌തിന‌ഞ്ച് നിയമ‌പാലക‌ര്‍ "നാര‌ങ്ങാപ്പാല് രൂപക്ക് അഞ്ച്" ക‌ളിക്കുന്നതിന് സമാന‌മായി വട്ടത്തില്‍ കൈ കോര്‍ത്ത് പിടിച്ച് ശോഭന‌യെ വേദിയിലേക്ക് കൊണ്ട് വരുന്ന ആര‌വമായിരുന്നു അത്. അപ്രകാരം ചെയ്തില്ലെങ്കില്‍, ത‌ത്ര ഭവതി, മാംസം പോയി മുള്ളു‌മാത്രമായ "വേളൂരി" എന്ന മ‌ല്‍സ്സ്യത്തിന്റെ ഗതിയാകും എന്ന് ദീര്‍ഘവീക്ഷണം ചെയ്ത നിയ‌മ‌പാലക‌രുടെ അസ്സാമാന്യ ബുദ്ധിശ്ശക്തിയില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്തു.

വേദിക്ക് പിറകിലായി തിര‌ശ്ശീല‌യിട്ടിരിക്ക‌യാല്‍ ശോഭനാപ്രവേശം പ്രതീക്ഷിച്ച്, ഞാന്‍ , കണ്ണിലൊഴിക്കാന്‍ എണ്ണ ലഭിച്ചില്ലെങ്കിലും, അത്രതന്നെ പ്രതീക്ഷയെ നി‌ര്‍ഭരിച്ച് നില്പ്പായി.

പെട്ടെന്ന് ആ ക്ഷേത്രാങ്കണം മു‌ഴുവന്‍ ഇള‌കി മ‌റിഞ്ഞു. അമ്പലപ്പുഴക്കാ‌ര്‍ ഉത്സവാവേശം കാണിപ്പാനായി സ്ഥിരം ഉപ‌യോഗിച്ചിരുന്ന കലാപ്രകടനം, മണ്ണ് വാരി മേലേക്കിടല്‍, മൂലം അന്ത‌രീക്ഷം ധൂളീപടലം കൊണ്ട് നിറഞ്ഞു. ഉച്ച‌ഭാഷിണികളിലൂടെ മൃദംഗത്തിന്റേയും വയലിന്റേയും വായ്ത്താരിയുടേയും സംഗീതം മുഴങ്ങി. ദൂരെ അവ്യക്ത‌മായി ഞാന്‍ കണ്ടു. ശോഭന ചാടിയമ‌ര്‍ന്ന് വന്ന് നൃത്തം തുടങ്ങിയിരിക്കുന്നു. ജനം ആവേശഭരിതമായി ആര്‍ക്കുന്നു.ശിര‍സ്സുക‌ളുയരുന്നു.

അപ്പോഴാണ് എനിക്ക് എന്റെ വ‌ലത് ഭാഗത്തായി എന്തോ ഒന്ന് തോന്നി‌യത്. ആ ശബ്ദഘോഷങ്ങ‌ള്‍ക്കിടയില്‍ ഞരക്കം പോലെ എന്തോ ഒന്ന്. എന്ന് തന്നെയല്ല. എന്റെ വലത്തേ തോളിലും കൈയ്യിലുമായി ക്രമാതീതമായ ഒരു ബല‌പ്രയോഗം. ഞാന്‍ സാവധാന‌ം തിരിഞ്ഞു ശ്രദ്ധിച്ചപ്പോ‌ള്‍ കേ‌‌ട്ട‌തും കണ്ടതും

"ശോവനേ.. ശോവനേ... ശോനേ.. ശോനേ... എന്റെ ശോ"

എന്ന് ഏതോ അനുഭൂതിയാലെന്ന വണ്ണം വിളിച്ച്, ആ അനുഭൂതിയുടെ ഉന്നതങ്ങ‌ളില്‍ വില‌സി എന്റെ തോളില്‍ തൂങ്ങി എത്തിപ്പിടിച്ച് അങ്ങ് ദൂരെയുള്ള വേദിയിലേക്ക് നോക്കി, തന്റെ പല്ലില്ലാത്ത വായ ന‌ന്നായി തുറന്നുപിടിച്ചും ലാലാജലം ഒലിപ്പിച്ചും അവശനായി നില്‍ക്കുന്ന ഒരു എണ്‍പത് എണ്‍പത്തഞ്ച് വയസ്സ് വരുന്ന ഒരു മുത്തച്ഛന്‍!

അദ്ദേഹം അപ്പോഴും തന്റെ കാതരമായ ശബ്ദത്തില്‍ ഞരങ്ങുകയായിരുന്നു

"ശോനേ.. ശോനേ"

ആ ന‌രപട‌ര്‍ന്ന കണ്‍പീലിക‌ളാല്‍ അര്‍ദ്ധ‌നിമീലിതമായ മിഴിക‌ളില്‍ ഞാന്‍ ദ‌ര്‍ശിച്ച വികാര‌മെന്തായിരുന്നു?

വിനീതനായ ഈ ചരിത്രകാരന് മ‌റുപടി തരേണ്ടത് പ്ര‌ബുദ്ധ‌രായ വായന‌ക്കാരാണ്.

16 comments:

നിഷ്ക്കളങ്കന്‍ said...

"ശോവനേ... ശോനേ" - ഒരു ചരിത്രാഖ്യായിക
സിനിമാതാരം ശോഭന‌യുടെ നൃത്തം കാണാന്‍ പോയ ഒരോര്‍മ്മ.

Haree | ഹരീ said...

സൌന്ദര്യലഹരി!

നമ്മളും ആ പ്രായത്തിലൊക്കെ എത്തുമെന്നോര്‍മ്മ വേണേ... :-)
--

G.manu said...

"അവന്റമ്മൂമ്മേടെ അടീന്തിര‌ത്തൊള്ള പോക്ക്. ഡോ. ച‌വിട്ടാതെടോ ക്ണാപ്പാ"

ശോനേ ശോനേ..തകര്‍ത്തു..വാചകഘടന അങ്ങു ബോധിച്ചണ്ണാ...

the man to walk with said...

shone shone...ente shone
bodhichu..

കുഞ്ഞന്‍ said...

ഹഹ.. മാഷെ.. വാക്കുകളുടെ തകര്‍പ്പന്‍ ഷോ ..

ശോനെയെ കിട്ടിയാല്‍ വേളൂരി മത്സ്യത്തിനു തുല്യം ചാര്‍ത്തിപ്പറഞ്ഞ ആ ഉപമ..അദ് കലക്കി മാഷെ..

മി | Mi said...

സൂപ്പര്‍!

R. said...

വാഹ്... വാഹ്...!
ഞാന്‍‌ നമിച്ചു!

സുല്‍ |Sul said...

കിലുക്കന്‍ കിലു കിലുക്കന്‍ മാഷെ.
ശോനേ.... ശോനെ :)

-സുല്‍

നിഷ്ക്കളങ്കന്‍ said...

ഹരീ, ആ നി‌ര്‍‌വ്വചനം ബോധിച്ചു.
മ‌നൂ, തേങ്ക്യൂ
ന‌ടക്കാന്‍ പറ്റിയ മാനേ, ഉവ്വോ? ന‌ന്ദി.
കുഞ്ഞന്‍‌ജീ, വര‌വിനും പ്വായ‌ന്റ് പിടിച്ചതിനും പെരുത്ത് ന‌ന്ദി.
മി! ന‌ന്ദി
ര‌ജീഷേ, ഏറെ നാളായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്? ന‌ന്ദി.
സുല്‍‌ഭായ്, താങ്ക്‌യൂ.

Vishnu said...

:)
Hi hi hi.. appo ee ambalappuzhakkarellaminganeyaa alleyo?

നിഷ്ക്കളങ്കന്‍ said...

തെന്നെ വിഷ്ണൂ. ഓ! ന‌ന്നാവാനെന്നാ നേരം വേണം? യേത് ;)

-സു‍-|Sunil said...

നിഷ്കൂ, ഞാൻ പണ്ടൊരു വീഡിയോ കാസറ്റ് വാങ്ങിയിരുന്നു “ശോ”യുടെ ഡാൻസിന്റെ.
എന്റമ്മേ!!!!!! ഈർക്കിലയിൽ സാരി ചുറ്റീതും പോരാ, ആ നടന സൌന്ദര്യം... എനിക്കോർക്കാൻ കൂടെ വെയ്യേഏഏ..
-സു-

Zebu Bull::മാണിക്കന്‍ said...

ഇന്നു വായിച്ച ഏറ്റവും നല്ല പോസ്റ്റ്. ചിരിച്ചു ചിരിച്ച് മൂക്കില്‍നിന്നുകൂടി ലാലാജലം വന്നു :-)

lakshmy said...

ഹ ഹ. കൊള്ളാം. നല്ല പോസ്റ്റ്. എല്ലാവരും പറഞ്ഞ പോലെ ‘വാചകഘടന’ ഇഷ്ടപ്പെട്ടു

നന്ദകുമാര്‍ said...

ഹഹഹ തകര്‍പ്പന്‍ !!

“അപ്രകാരം ചെയ്തില്ലെങ്കില്‍, ത‌ത്ര ഭവതി, മാംസം പോയി മുള്ളു‌മാത്രമായ "വേളൂരി" എന്ന മ‌ല്‍സ്സ്യത്തിന്റെ ഗതിയാകും “

ചിരിച്ചിരിച്ചിരിച്ചിരിച്ച്..... ഗംഭീരം നിഷ്കു

നിഷ്ക്കളങ്കന്‍ said...

സുനില്‍,മാണിക്കന്‍,ല‌ക്ഷ്മി,ന‌ന്ദ‌കുമാര്‍
വ‌ന്നതിനും അഭിപ്രായിച്ചതിനും പെരുത്ത് ന‌ന്ദി‌‌ക‌ള്‍!