Tuesday, November 20, 2007

നെയ്യ്‌സേവയും ബ്രഹ്മചര്യവും

അടുക്ക‌ളയില്‍നിന്ന് ഭാര്യയുടെ ഉറക്കെയുള്ള ചിരികേട്ട് ആകാംക്ഷയോടെ ഞാന്‍ ചെന്നു.

“എന്താടി തന്നത്താന്‍ ചിരിയ്ക്കുന്നത്?”

ചപ്പാത്തിയില്‍ നെയ്യ് പുരട്ടിക്കൊണ്ട് ഭാര്യ പ‌റഞ്ഞു.

“അല്ലാ, ഈ നെയ്യ് കണ്ട‌പ്പോ‌ള്‍ പണ്ട് നെയ്യ് സേവിച്ച കാര്യം ഓ‌ര്‍ത്തു ചിരിച്ചതാ. ഓര്‍ക്കുന്നില്ലേ?”

ഞാനും ചിരിച്ചു പോയി. “പിന്നെ ഓര്‍ക്കാതെ”

കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയേയും കൂടി കൊണ്ടുപോകാന്‍ സാധിയ്ക്കാതെ വന്ന ഗ‌ള്‍ഫുകാരനായിരുന്നു ഞാന്‍. ഒന്നരക്കൊല്ലമെടുത്തു ഒരു വിസിറ്റിംഗ് വിസ തരപ്പെടുത്തിയെടുക്കാന്‍. ഒട്ടുമിക്ക മല‌യാളി ഭാര്യമാരും കല്യാണം കഴിഞ്ഞതിന്റെ അടുത്ത ദിവസം മുത‌ല്‍ അഭിമുഖീകരിയ്ക്കേണ്ടിവരുന്ന ഒരു ഗംഭീര ചോദ്യമുണ്ടല്ലോ.

“വിശേഷം വല്ലോം ആയോ?”

അത് ഇതിനകം എന്റെ ഭാര്യയും ഒരുപാട് പ്രാവശ്യം കേട്ടുകഴിഞ്ഞിരുന്നു. ഭ‌ര്‍ത്താവ് ഗ‌ള്‍ഫിലാണെന്നതുപോലും ഗൌനിയ്ക്കാതെ. എഴുത്തുവഴി ഗ‌ര്‍ഭം ധരിയ്ക്കുന്ന വിദ്യ അന്നും ഇന്നും നിലവിലില്ലാത്തതുകൊണ്ട് ഈ ചോദ്യങ്ങ‌ളില്‍നിന്നും കിട്ടുന്ന മന:പ്രയാസ്സവുമായും ഒരു ശരാശരി ഗ‌ള്‍ഫുകാരന്റെ ഭാര്യ അനുഭവിയ്ക്കേണ്ട സമ്മ‌‌ര്‍ദ്ദങ്ങ‌ളുമായും എന്റെ പാവം ഭാര്യ ജീവിയ്ക്കവെ ഞാന്‍ വിസിറ്റിംഗ് വിസ തരപ്പെടുത്തി. കാര്യം എന്റെ അമ്മയാണെങ്കിലും, അമ്മായിഅമ്മ എന്ന നിലയില്‍, ആ സ്ഥാനപ്പേരിന് കാലാകാലങ്ങ‌ളായി നിലനിന്നുവരുന്ന ആഴവും പരപ്പും മീശയും താടിയും എല്ലാം അതിന്റെ പരമാവധി ശക്തിയില്‍ നിലനിര്‍ത്താന്‍ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ മരുമ‌ക‌ള്‍ ഗ‌ള്‍ഫിലേയ്ക്ക് പോകുന്നതിലും നല്ലത് നാട്ടില്‍ ഒരു ജോലിയൊക്കെയായി, മക‌ന്‍ ആണ്ടിലൊരിയ്ക്കലോ രണ്ടാണ്ട് കൂടുമ്പോഴൊ വന്ന്, രണ്ട് മാസം ഒപ്പം കഴിഞ്ഞ് തിരികെപ്പോകുന്ന ഒപ്പിയ്ക്ക‌ല്‍ പ്രസ്ഥാനം മതി എന്ന പക്ഷക്കാരിയായിരുന്നെങ്കില്‍ത്തന്നെയും, സംഗതി കൈവിട്ട്, മരുമക‌ള്‍കിളി പറന്ന് സൌദിയില്‍ എത്തിച്ചേ‌ര്‍ന്നു.

എട്ടുമാസത്തിലെ വിസിറ്റിംഗ് വിസയിലുള്ള ജീവിതത്തിനിടയില്‍, വന്ന വഴി മറക്കാത്ത സുഹൃത്തുക്ക‌ളും നാട്ടുകാരും പരിചയക്കാരും ഞങ്ങ‌ള്‍ക്കൊരു കുഞ്ഞുണ്ടാകാത്തതില്‍ അത്യധികം കുണ്ഡിതപ്പെടുകയും “അതെന്താ ഉണ്ടാകാത്തത്?”
“ഉണ്ടാവേണ്ടതാണല്ലോ”
“എന്തെങ്കിലും കുഴപ്പം?”
തുടങ്ങിയ പത്താമത്തേയും പതിനൊന്നാമത്തേയും പന്ത്രണ്ടാമത്തേയും രസങ്ങ‌ള്‍ അഭിനയിച്ച് കാണിച്ച് ഞങ്ങ‌ളെ പൂര്‍വ്വാധികം‌ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ചില‌ര്‍ ഇതൊക്കെ എങ്ങിനെ എപ്പോ‌ള്‍ ചെയ്യണം എന്ന് പറഞ്ഞ് പഠിപ്പിച്ചു തരാം എന്നുള്ള സേവനസന്നദ്ധത കാണിച്ചതോടെ ഞാന്‍ ശാന്തഹാസ്യരസങ്ങ‌ള്‍ വിട്ട് രൌദ്രവീരഭാവങ്ങ‌ള്‍ അറിഞ്ഞഭിനയിയ്ക്കേണ്ട അവസ്ഥ വരെ എത്തുകയുണ്ടായി.

രസിച്ചും ലസിച്ചും അറിഞ്ഞും വിസിറ്റിംഗ് വിസാ കാലാവധി തീ‌ര്‍ന്നതുകൊണ്ട് ഭാര്യ തിരിച്ചു ചെന്നപ്പോ‌ള്‍

“ങ്ഹാ! ഇതുവരെ ഒരു വിശേഷവും ആയില്ലേ? ഇതിനാണോ ഞങ്ങ‌ള്‍ വിസയെടുത്ത് സൌദീലോട്ട് വിട്ടത്” എന്ന് ഇടയ്ക്കിടെയുള്ള പ്രസ്താവനയിലേയ്ക്ക് അമ്മായിയമ്മ ചുവടുമാറ്റി.

തുട‌ര്‍ന്ന് ബന്ധുക്ക‌‌ള്‍, സുഹൃത്തുക്ക‌ള്‍, സഹപ്രവ‌ര്‍ത്ത‌ക‌ര്‍ തുടങ്ങി ആബാലവൃദ്ധം ജനങ്ങ‌ളും
“ങാ‍ാ‍ാ‍ാഹാ.. വിശേഷമായില്ലേ? ദേ ..... നെ കണ്ടു പഠിയ്ക്ക്. കല്യാണം കഴിഞ്ഞ് വര്‍ഷമൊന്നായിട്ടില്ല ഒള്ളൂ. കൊച്ചൊന്നായി.”
“അല്ലാ.. എന്താ പരിപാടി?”

തുടങ്ങിയ ഉല്‍ക്കണ്ഠാഭരിതങ്ങ‌ളായ ചോദ്യങ്ങ‌‌ള്‍ നിരന്തരമായി ചോദിച്ചും ഭാവാഭിന‌യം നടത്തിയും ചെല്ലുന്നിടത്തെല്ലാം എന്റെ ഭാര്യയെ ആനന്ദതുന്ദിലയാക്കുകയും ചെയ്തു പോന്നു.

ഭാര്യയെ നാട്ടിലേയ്ക്കയച്ച വിരഹവേദനയുടെ ചൂടില്‍ ഉട‌ന്‍ തന്നെ സ്ഥിരം വിസ എന്ന സങ്ക‌ല്‍പ്പം യഥാ‌ര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ചു. ഈ വിഷയങ്ങ‌ളില്‍ കമ്പനിയുടെ മാനവ വിഭവശേഷി വിഭാഗം തലവനായ ഈജിപ്ഷ്യന്‍ സ്ഥിരമായി ഉടക്കാറാണ് പതിവ്. പക്ഷേ അത്തവണ എന്റെ ഭാര്യ ഈ സമയം കൊണ്ടുതന്നെ നാട്ടിലെ ക്ഷേത്രങ്ങളില്‍ പൊട്ടിച്ച തേങ്ങ‌കളുടേയും, നെയ്‌വിളക്കുകളുടെയും, തിരുനടക‌ളില്‍ പൊഴിച്ച കണ്ണീരിന്റേയും ശക്തിയാല്‍, അദ്ദേഹം പൂര്‍ണ്ണമനസ്സാലെ എല്ലാ കാര്യങ്ങ‌ളും ചെയ്തുതന്ന് ഫാമിലി വിസ എന്ന മഞ്ഞനിറത്തിലെ ഒരു കടലാസ്സ് എന്റെ കൈക‌ളില്‍ എത്തിച്ചേരാന്‍ കാരണഭൂതനായി. ഇതിനോടകം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടുക‌ളയാം എന്ന തീരുമാനം ഞാനും ഭാര്യയും കൈക്കൊള്ളുകയും അതിന്‍ പ്രകാരം ആലപ്പുഴയിലെ പ്രശസ്തയായ ഒരു ഗൈനക്കോളജിസ്റ്റിനെ എന്റെ ഭാര്യ പോയി കാണുകയും ചെയ്തു.

ഗൈനക്കോളജിസ്റ്റിനെ കണ്ടു എന്നറിഞ്ഞ മാത്രയില്‍, മരുമക‌ളുടെ “കുഴപ്പം” കൊണ്ടാണ് കുട്ടിക‌ളുണ്ടാകത്തത് എന്ന് അമ്മായിയമ്മ ഉറപ്പിച്ചു. കൂടുത‌ല്‍ ഉറപ്പിച്ച് വിറപ്പിയ്ക്കാന്‍ സാധിച്ചില്ല; മകന്‍ മരുമക‌ളെ സൌദിയില്‍ സ്ഥിരം കുറ്റിയാക്കാനായി കൊണ്ടുപോകാന്‍ എത്തിയതോടെ.

പിന്നെ ഭാര്യയേയും കൊണ്ട് ഞാന്‍ നേരിട്ടുതന്നെ ഡോക്ട‌റെ കാണാനായി പോയി. പരിശോധനാസമയം സന്ധ്യയ്ക്കാണ്. ആല‌പ്പുഴപ്പട്ടണത്തിലെ മുഴുവ‌ന്‍ കൊതുകുക‌ളും ഡോക്ട‌ര്‍മാരുടെ വീട്ടുമുറ്റത്തു ഏകാഗ്രതയോടെ ജോലിചെയ്യുന്ന സമയം. മുണ്ടുടുത്തവ‌ര്‍ കൊതുകിന്റെ മുമ്പില്‍ ബഹുമാനത്തോടെ മടക്കിക്കുത്തഴിച്ചിട്ട് കാലില്‍ കടികൊള്ളാതെ ബഹുമാനത്തോടെ നില്‍ക്കും. ധിക്കാരിക‌ള്‍ ഒറ്റക്കാലില്‍ നിന്ന് മറ്റെക്കാലില്‍ ചൊറിയും. ഒരു പത്തുപേ‌ര്‍ക്കു തികച്ചു നില്‍ക്കാന്‍ പറ്റാത്ത തിണ്ണയില്‍ അന്‍പതിലധികം ഗ‌ര്‍ഭിണിക‌‌ള്‍ അവരുടെ പേര് വിളിയ്ക്കുന്നുണ്ടോ എന്ന് ചെവിയോ‌ര്‍ത്തു നില്‍ക്കുമ്പോ‌ള്‍, ഞങ്ങ‌ളുടെ പേരും വിളിയ്ക്കപ്പെട്ടു. ഭാര്യയെ പരിശോധിച്ചിട്ട് ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞ ഡോക്ട‌ര്‍ എന്നെക്കൂടി പരിശോധിയ്ക്കാനായി വേറോരു ഡോക്ട‌ര്‍ക്ക് റഫ‌ര്‍ചെയ്തു. മൂളിപ്പറക്കുന്ന കൊതുകുകളുടെ അകമ്പടിയോടെ ആ ഡോക്ടറിന്റെ അടുത്തേയ്ക്കു പോയി ഞങ്ങ‌‌ള്‍. എന്നെ പരിശോധിച്ച ഡോക്ട‌ര്‍ എനിയ്ക്ക് ചില പ്രശ്നങ്ങ‌ളുണ്ടെന്നും ഒരു മൈന‌ര്‍ ഓപ്പറേഷന്‍ വേണ്ടിവരുമെന്നുമറിയിച്ചു. ലീവില്ലാത്തതുകൊണ്ട് ത‌ല്‍ക്കാലം തരുന്ന ഗുളിക‌ക‌ള്‍ കഴിയ്ക്കൂ എന്ന് ഡോക്ടറും അടുത്ത വരവിന് ഓപ്പറേഷന്‍ ചെയ്യാമെന്ന് ഞാനും പരസ്പരധാരണയിലെത്തി കൊടുക്കാനുള്ള കാശും കൊടുത്തിറങ്ങി.

എനിയ്ക്ക് യാതൊരു സങ്കടവും തോന്നിയില്ല. ഒന്നാമത് അപ്പോ‌ള്‍ത്തന്നെ കുട്ടി വേണം എന്ന നിര്‍ബ്ബന്ധമില്ലാതിരുന്നതിനാലും പിന്നെ ഇതോടെ എന്റെ ഭാര്യയ്ക്ക് ഏതാണ്ട് കുഴപ്പമാണ് എന്നുള്ള ആരോപണത്തിനും അവസാനമാകുമല്ലോ എന്നുമായിരുന്നു ചിന്ത. വീട്ടിലെത്തിയതിനു ശേഷം എനിയ്ക്ക് ഇന്നയിന്ന പ്രശ്നങ്ങ‌ളുണ്ടെന്നും ഓപ്പറെഷന്‍ വേണമെന്നും ഒക്കെ ഞാന്‍ അമ്മയോടും അച്ഛനോടും പ്രഖ്യാപിച്ചു. കുഞ്ഞുണ്ടാകുന്നതിനുള്ള തടസ്സങ്ങ‌‌ള്‍ക്കപ്പുറം മകന് പ്രശ്നങ്ങ‌ളുണ്ടെന്നതായിരുന്നു എന്റെ മാതാപിതാക്ക‌‌ള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാഞ്ഞ കാര്യം. ഇത് ഡോക്ട‌ര്‍മാരുടെ നെക്സസ്സ് ആണെന്നും ഇതിലൊന്നും കാര്യമില്ലെന്നും പ്രഖ്യാപിച്ച് കൊഴുപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും, എന്റെ പുരികം വ‌ളയുകയും, വ‌ര്‍ഷം പറയാതെ “ദേ ജൂലായില്‍ അടഞ്ഞുതീരും” എന്നു പറഞ്ഞ് അടച്ചുതീര്‍ക്കേണ്ടുന്ന ഒട്ടനവധി ചിട്ടിക‌ളുടെ ധനകാര്യനാഥന്‍ ഞാനായിരുന്നതിനാലും ആ വിവാദം അവിടെ തീ‌ര്‍ന്നു.

അസ്വസ്ഥയായ അമ്മായിയമ്മയുടെ വേവലാതി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ അടുത്ത് അഭയം തേടുന്നതിലേയ്ക്ക് നീണ്ടു. തിരികെ സൌദിയിലേയ്ക്ക് പോകുന്നതിന് ഏതാനും ദിവസം മുന്‍പ് സാമാന്യം വലിയ ഒരു കുപ്പി ഞങ്ങ‌ളുടെ കയ്യിലേല്‍പ്പിച്ചിട്ട് അമ്മ പറഞ്ഞു.“ഇത് അമ്പലപ്പുഴ അമ്പലത്തില്‍ ജപിച്ച നെയ്യാണ്, കുഞ്ഞുങ്ങ‌ളുണ്ടാവാന്‍. ശുദ്ധമായ സ്ഥലത്തേ വെയ്ക്കാവൂ. നെയ്യ് കഴിച്ചുതുടങ്ങി തീരുന്നതു വരെ പൂ‌ര്‍ണ്ണ ബ്രഹ്മചര്യം അനുഷ്ഠിയ്ക്കണം” ഇതും പറഞ്ഞ് അമ്പലത്തിലെ മേല്‍ശാന്തി ഒരു കടലാസില്‍ ഒരു ശ്ലോകം എഴുതിയതും തന്നു. അത് മൂന്നു പ്രാവശ്യം ജപിച്ചിട്ടാണ് നെയ്യ് സേവിയ്ക്കേണ്ടത്. ഇത് വായിയ്ക്കുന്ന സ്ത്രീപുരുഷജനങ്ങ‌ളുടെ സുരക്ഷയെക്കരുതി അതിവിടെ എഴുതുന്നില്ല.;)

പിന്നങ്ങോട്ടുള്ള ദിവസങ്ങ‌ളില്‍ “ബ്രഹ്മചര്യം ബ്രഹ്മചര്യം ബ്രഹ്മചര്യം“ എന്ന് ഊന്നിപ്പറയാന്‍ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് പ്രസ്താവ്യമാകുന്നു. ഞങ്ങ‌ളുടെ ഒരു സെറ്റപ്പും അങ്ങിനെയായിരുന്നു എന്നും കൂട്ടിയ്ക്കോളൂ.

അങ്ങനെ സൌദിയില്‍ തിരിച്ചെത്തുന്നു. വീട്ടില്‍ വിളക്കുകത്തിയ്ക്കുന്ന മേശയില്‍ നെയ്യ് ഭക്തിപൂ‌ര്‍വ്വം സ്ഥാപിച്ചു. അടുത്തദിവസം മുതല്‍ ശ്ലോകമൊക്കെ ജപിച്ച് രണ്ടുപേരും നെയ്യ്‌സേവ തുടങ്ങി.

ബ്രഹ്മചര്യത്തിന്റെ കടുത്ത ദിനങ്ങ‌ള്‍ കടന്നുപോയി. പണ്ട് ഹവ്വാമ്മൂമ്മയ്ക്ക് തോന്നിയത് എനിയ്ക്കും തോന്നാന്‍ തുടങ്ങി. മനുഷ്യസഹജമായ കാര്യം. എന്തു ചെയ്യരുതെന്നു പറഞ്ഞോ അത് ചെയ്യാന്‍ തോന്നുക.വീട്ടില്‍ വന്നാല്‍ ആകപ്പാടെ ഒരു പരവേശം. ബ്രഹ്മചര്യമാണെങ്കിലും കിടപ്പ് ഒരു കട്ടിലില്‍ത്തന്നെയാണേ. കതിനക്കുറ്റിയും കത്തിച്ച കയറുപിരിയും അടുത്തുകിടക്കുമ്പോഴുള്ള ടെന്‍ഷന്‍!

ബ്രഹ്മചര്യം!

ഞാന്‍ എന്നോടു തന്നെ പറഞ്ഞുനോക്കി “അരുത്. അടങ്ങ്“

സീരിയലുക‌ളില്‍ നായികയേയും നായകനേയും “സൂം” “സൂം” എന്നു കാണിയ്ക്കുന്നപോലെ ബ്രഹ്മചര്യവും നെയ്യും എന്റെ മനസ്സില്‍ കിടന്ന് സൂമടിയ്ക്കാന്‍ തുടങ്ങി.

ഭാര്യ അടുത്തുകൂടിപ്പോകുമ്പോ‌ള്‍ ദീര്‍ഘനിശ്വാസ്സം വിടുക, ഉത്സ്സവപ്പറമ്പിലെ പൂവാലന്മാരെപ്പോലെ തോണ്ടിനോക്കുക (ഞാനല്ല എന്റെ കൈ), ഫുള്ളായിനില്‍ക്കുന്ന പ്രൈവറ്റ് ബസ്സിന്റെ ഡോറില്‍ നിന്ന് തിക്കിത്തിര‍ക്കുന്ന പൂവാലനെപ്പോലെ വാതില്‍ക്കലൊക്കെ വെറുതെ ചാരിനിറഞ്ഞ് നിന്ന് ഭാര്യയെ ഞെരുങ്ങിപ്പോകാനനുവദിയ്ക്കുക തുടങ്ങിയ ബാലചാപല്യങ്ങളിലേയ്ക്ക് സംഗതി നീങ്ങിത്തുടങ്ങി.

കൃഷ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

കടുത്ത പ്രമേഹരോഗി ലഡ്ഡുവും ജിലേബിയും നോക്കി വെള്ളമിറക്കി കുണ്ഡിതപ്പെട്ടിരിയ്ക്കും പോലെ ഞങ്ങ‌ള്‍ പാവം ഭാര്യാഭ‌ര്‍ത്താക്കന്മാ‌ര്‍ ആ വീട്ടില്‍ നട്ടം തിരിഞ്ഞു.

പോകെപ്പോകെ ഞാനൊരു സത്യം മനസ്സിലാക്കി. കടുത്ത ചൂടിലാണ് സൌദിയിലപ്പോ‌ള്‍. നെയ്യ് ഉരുകി വെള്ളപ്പരുവം. തുടക്കത്തില്‍ത്തന്നെ എടുത്തതാകട്ടെ അത്ര വലുതല്ലാത്ത സ്പൂണും. ഇപ്പോഴത്തെ റേറ്റില്‍ കഴിച്ചാല്‍ രണ്ടുമാസ്സം കഴിഞ്ഞാലും നെയ്യ് തീരാന്‍ പോകുന്നില്ല. ബ്രഹ്മചര്യവും. ഒരു തവിതന്നെ എന്തുകൊണ്ടെടുത്തില്ലാ എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചു. പിന്നെ കണ്ണാടിയില്‍ നോക്കി എന്നെത്തന്നെ “സ്ത്രീലമ്പടാ” എന്നു വിളിച്ചു.

എന്റെ തല പുകഞ്ഞുതുടങ്ങി. “ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍പ്പോലുമില്ലാതെയായ്“ എന്ന് ഉണ്ണായിവാര്യര്‍ പറഞ്ഞപോലത്തെ അവസ്ഥ.

“കൃഷ്ണാ ഇതു കുറെ കടുപ്പം തന്നെ”

അങ്ങനെയിരിയ്ക്കേ വികാരക്കടലായ എന്റെ തലച്ചോറിലേയ്ക്ക് ഒരു ഐഡിയക്കാറ്റ് വീശി. “ഹെഡാ! നെയ്യ് കട്ടിയാക്കിയെടുത്താല്‍ പെട്ടെന്ന് തീര്‍ക്കാമല്ലോ” എന്ന്. പക്ഷേ നെയ്യ് ഫ്രിഡ്ജില്‍ വെയ്ക്കാന്‍ പാടില്ല. അശുദ്ധമാകും. മുന്‍പ് മീനും ഇറച്ചിയുമൊക്കെ വെച്ചിരുന്ന സ്ഥലമല്ലേ? പിന്നെന്തു വഴി?

“യ്യേസ്സ്! ഏ.സിയുടെ കാറ്റു വരുന്ന സ്ഥലമുണ്ടല്ലോ. അവിടെക്കൊണ്ട് വെയ്ക്കുക” അശുദ്ധമാവുകയില്ല. നെയ്യ് കട്ടിയാവുകയും ചെയ്യും.പിന്നെയെല്ലാം വ‌ളരെപ്പെട്ടെന്നായിരുന്നു.രാവിലെ കുളിച്ച് ശ്ലോകമൊക്കെച്ചൊല്ലി സ്പൂണിട്ട് ഒരു കോരുകോരിയാല്‍ ഒരു കൂന നെയ്യിതാ സ്പൂണില്‍. കുറ്റബോധവും നെയ്യും സമാസമം കുഴച്ച് ഞങ്ങ‌ള്‍ വിഴുങ്ങി. ആനന്ദമൂര്‍ത്തിയും കാമസ്വരൂപനുമായ കൃഷ്ണന്‍ പൊറുക്കും എന്ന് ആശ്വസിച്ചുകൊണ്ട്.

വെറും ആറെ ആറു ദിവസ്സം! നെയ്യ് ക്ലോസ്സ്!

ആറാം ദിവസ്സം വൈകുന്നേരത്തെ സീന്‍ പ്രേക്ഷകരുടെയും എന്റേയും സുരക്ഷയെക്കരുതി സിംബോളിക് ആക്കുന്നു.

ഓടിവരുന്ന എണ്ണമിനുപ്പുള്ള ഒരു കറുത്ത കുതിര!
തൃശ്ശൂര്‍പ്പൂരത്തിന്റെ കരിമരുന്നുപ്രയോഗത്തിന്റെ കൂട്ടപ്പൊരിച്ചില്‍! അമിട്ട്! “ഭും!”
കാറ്റുപോയ ബലൂണുക‌ള്‍.

രണ്ടുമാസങ്ങ‌‌‌ള്‍ കടന്നു പോയി. പതിവുപോലെ നിശ്ചിന്ത്യരായി ആഹ്ലാദിച്ചുല്ലസിച്ച്. ഒരു ദിവസ്സം, തെറ്റിയ മാസമുറയുടെ നിജസ്ഥിതിയറിയാന്‍ അടുത്തുള്ള ഡിസ്പെന്‍സ്സറിയില്‍ ചെന്നു ഞങ്ങ‌ള്‍. പരിശോധന കഴിഞ്ഞ് ചോക്കലേറ്റ് തന്ന് ഡോക്ട‌ര്‍ പറഞ്ഞു “ കണ്‍ഗ്രാജുലേഷന്‍സ്സ്!”

ഞങ്ങ‌ളുടെ പ്രേമാക്രാന്തത്തില്‍ വിരിഞ്ഞ ആ പൂവ് ഇതാ ചപ്പാത്തിയുടെ മാവു റാഞ്ചിയെടുത്ത് ഓടുന്നു.

“പിടിയ്ക്കവ‌ളെ” അവളെപ്പിടിയ്ക്കാന്‍ പുറകെ അമ്മയും അച്ഛനും.

53 comments:

നിഷ്ക്കളങ്കന്‍ said...

ചോദ്യങ്ങ‌ള്‍ അവസാനിയ്ക്കുന്നില്ല. ഇപ്പോഴത്തെ ചോദ്യം.
“ങ്ഹാ, ഇങ്ങനൊക്കെ മതിയോ? ഒരു കുഞ്ഞൂടെ വേണ്ടേ. എന്നാ?”

കുഞ്ഞന്‍ said...

എത്ര നിഷ്കളങ്കമായി വിവരിച്ചിരിക്കുന്നു...!

പണ്ട് ഒരു കഥ കേട്ടിട്ടുണ്ട് മഴപെയ്തുകൊണ്ടിരിക്കുമ്പോള്‍ ആ വെള്ളത്തിലെ കുമിള കണ്ട് പൊട്ടിച്ചിരിച്ചതും അതു കണ്ടപ്പോള്‍ എന്തിനാണു ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതുവരെ അറിയപ്പെടാത്ത ഒരു കൊലപാതക രഹസ്യം പുറത്തായതെല്ലാം ഓര്‍മ്മ വരുന്നു.. കൊല ചെയ്യുന്ന സമയത്ത് കൊല ചെയ്യപ്പെട്ട ആള്‍ മരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിളിച്ചു പറഞ്ഞു “ കുമിളകളേ നിങ്ങള്‍ സാക്ഷി”...

ഇതുപോലെ ചപ്പാത്തിക്കു വെണ്ണ പുരട്ടിയപ്പോള്‍...

ഇന്നത്തെ മരുമകള്‍ നാളത്തെ അമ്മായിയമ്മ...!

സിംബോളിസം കിക്കിടലന്‍...!

വലിയ വരക്കാരന്‍ said...

അഞ്ചാറു ദിവ്സമായി ബൂലോകത്ത് അലയുന്നു.
ഇന്നാണൊന്ന് വയറു നിറയെ ചിരിക്കുന്നത്.

അനൂപ്‌ തിരുവല്ല said...

ഉഗ്രന്‍!. വളരെ രസകരമായി എഴുതിയിരിക്കുന്നു.

അനാഗതശ്മശ്രു said...

ഞങ്ങ‌ളുടെ പ്രേമാക്രാന്തത്തില്‍ വിരിഞ്ഞ ആ പൂവ് ഇതാ ചപ്പാത്തിയുടെ മാവു റാഞ്ചിയെടുത്ത് ഓടുന്നു.

*************
സൂപ്പര്‍ എഴുത്തു

വാല്‍മീകി said...

പറയാതിരിക്കാന്‍ നിവൃത്തിയില്ല. അടിപൊളി. (അയ്യോ, ഞാന്‍ എഴുത്തിന്റെ കാര്യമാ പറഞ്ഞത്)

കുതിരവട്ടന്‍ :: kuthiravattan said...

നന്നായിട്ടുണ്ട്.

ചന്ദ്രകാന്തം said...

നിഷ്ക്കളങ്കമായ വിവരണം. അടിപൊളി.

....ന്നാലും കൃഷ്ണാ...!!!

പ്രയാസി said...

ഭാര്യ അടുത്തുകൂടിപ്പോകുമ്പോ‌ള്‍ ദീര്‍ഘനിശ്വാസ്സം വിടുക, ഉത്സ്സവപ്പറമ്പിലെ പൂവാലന്മാരെപ്പോലെ തോണ്ടിനോക്കുക (ഞാനല്ല എന്റെ കൈ), ഫുള്ളായിനില്‍ക്കുന്ന പ്രൈവറ്റ് ബസ്സിന്റെ ഡോറില്‍ നിന്ന് തിക്കിത്തിര‍ക്കുന്ന പൂവാലനെപ്പോലെ വാതില്‍ക്കലൊക്കെ വെറുതെ ചാരിനിറഞ്ഞ് നിന്ന് ഭാര്യയെ ഞെരുങ്ങിപ്പോകാനനുവദിയ്ക്കുക തുടങ്ങിയ ബാലചാപല്യങ്ങളിലേയ്ക്ക് സംഗതി നീങ്ങിത്തുടങ്ങി.

ഹി,ഹി,ഹി എന്റെ നിഷ്കൂ..ആ പരവേശം നാം മനസ്സിലാക്കുന്നു..
എന്നാലും നിന്റെ നിഷ്കളങ്കമായ എഴുത്ത്...
കലക്കി.. പഹയാ....:)

P Jyothi said...

:)

wild cat കാട്ടുപൂച്ച said...

രോഗിയാകും മുൻപേ വൈദ്യനെ പരിചയം വേണം എന്നുപറഞ്ഞപോലെ താലികെട്ടും മുൻപേ തറക്കല്ലിടണമല്ലേ!!!!ഹഹഹ... അവതരണം കൊള്ളാം.

Chengamanadan said...

നന്നായിട്ടുണ്ട് . വിവാഹം കഴിഞ്ഞ് ഒരു മാസം മുതല്‍ കേള്‍ക്കേണ്ടിവരുന്ന ചോദ്യമാണിത്. വിശേഷം ഉണ്ട് എന്നു പറഞ്ഞാല്‍, ഇത്ര ആക്രാന്ദം വേണായിരുന്നോ മോനേ ! എന്നും കേള്‍ക്കണം.

Vish..! | ആലപ്പുഴക്കാരന്‍ said...

:) hi hi hi hi hi.. enikku vayyaayee..!

മുരളീധരന്‍ വി പി said...

മെനക്കടാതെ തന്നെ വായിക്കാനായി...
രസച്ചരട് നിലനിര്‍ത്തുന്ന ശൈലി ഇഷ്ടപ്പെട്ടു.

Sebin Abraham Jacob said...

ഹ ഹ ഹ. അതു കലക്കി.

വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഭാര്യ ഗര്‍ഭിണിയായതായിരുന്നു, എന്‍റെ വീട്ടില്‍ പ്രശ്നം. എട്ടൊമ്പതു വര്‍ഷത്തെ ചുറ്റിക്കളിക്ക് ശേഷം നടന്ന വിവാഹമാണേ... എത്ര കാലമെന്നുവച്ചാ കാത്തിരിക്കുന്നേ? ഞങ്ങക്ക് രണ്ടാള്‍ക്കും വല്ലാത്ത മുട്ടായിരുന്നു.

പക്ഷെ ഇതുവല്ലോം അമ്മയെ ബാധിക്കുമോ? നിന്‍റെ ശമ്പളം കൊണ്ട് കൊച്ചിനെ വളര്‍ത്താന്‍ പറ്റുമോടാ? സെറ്റില്‍ഡ് ആയിട്ടു മതി ഇതൊക്കെ എന്നറിയത്തില്ലേ? ഇമ്മാതിരി ശകാരങ്ങള്‍. (കല്യാണം പോലും എനിക്കൊരു നല്ല ശമ്പളം - നല്ല ജോലിയല്ല - കിട്ടിയിട്ട് മതി എന്ന പക്ഷമായിരുന്നു അമ്മയ്ക്ക്. അത് അടുത്തകാലത്തൊന്നും നടക്കില്ലെന്ന പേടിയായിരുന്നു, എനിക്ക്. കാശില്ലാത്തിടത്തോളം മാതാപിതാക്കളുടെ ഒപ്പം താമസിച്ചാല്‍ അവരു പറയുന്ന ചീത്തയൊക്കെ കേള്‍ക്കേണ്ടി വരുമെന്നതും യാഥാര്‍ത്ഥ്യം.)

കഷ്ടകാലത്തിന് ഭാര്യയന്ന് എല്‍.എല്‍.എം വിദ്യാര്‍ത്ഥിനി. പഠിത്തം ഒഴപ്പുമെന്നത് അടുത്ത (അ)ന്യായം. അതെങ്ങനാ, ആണുങ്ങള്‍ മെക്കിട്ടുകേറിയാല്‍ പെണ്ണുങ്ങളെന്നാ ചെയ്യുമെന്ന് എനിക്കിട്ടൊരു കുത്തും. ഞങ്ങള്‍ മെക്കിട്ട് കയറിയതല്ലെന്നും പരസ്പരം ശരീരകാമന തീ‍ര്‍ക്കാന്‍ നിവൃത്തികെട്ട് നില്‍ക്കുകയായിരുന്നുവെന്നും അമ്മയോട് പറയാന്‍ പറ്റുമോ?

പത്രക്കാരനാവാനുള്ള ആവേശത്തിന് കിട്ടിയ നല്ല കോഴ്സുകളൊക്കെ പാതിയില്‍ ഉപേക്ഷിച്ചിട്ട് ചെറുശമ്പളത്തില്‍ ചാടിക്കയറിയതാണ് ജോലി ചെയ്യാന്‍. അത് വീട്ടിലാര്‍ക്കും അന്നുമിന്നും ഇഷ്ടപ്പെട്ടിട്ടില്ല. പത്രക്കാരനാവുകയാണേല്‍ മനോരമയില്‍ തന്നെ വേണമെന്നാണ് അവരുടെ പക്ഷം. മനോരമയുടെ പരീക്ഷയൊക്കെ പാസായി ഇന്‍റര്‍വ്യൂവും കഴിഞ്ഞ് അവര്‍ അന്വേഷണത്തിന് ആളെ വിട്ടപ്പോള്‍ മകന്‍റെ രാഷ്ട്രീയം മൂലം അവര്‍ ലിസ്റ്റില്‍ നിന്ന് വെട്ടിയ മാറ്റിയ പേരാണ് എന്‍്റേതെന്ന് അവര്‍ക്കറിയുമോ? പല മലയാള പത്രങ്ങളുടെയും സമീപനമാണെങ്കില്‍ വേറൊരു പണിയും കിട്ടാത്തവന്‍ വന്നുചാടുന്ന ലാവണമാണ് പത്രരംഗം എന്ന മട്ടും.

ഡല്‍ഹിയിലേക്ക് 6 മാസത്തിനകം ട്രാന്‍സ്ഫര്‍ നല്‍കാമെന്ന ചൂണ്ടയില്‍ കുടുങ്ങിയായിരുന്നു ഞാന്‍ ആദ്യമായി പത്രോപജീവിയായത്. അങ്ങനെ ഒരു വാഗ്ദാനം തന്നവര്‍ മറന്നുപോയെന്ന് മാത്രമല്ല, മൂന്ന് വര്‍ഷത്തോളം വെറും 2500 രൂപ ശമ്പളത്തിനാണ് ഞാന്‍ ജോലി ചെയ്തത്. ഒടുവില്‍ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് തീരുമാനിച്ച് ഇട്ടിട്ടുപോവുകയായിരുന്നു. ആ സമയത്താണ് എന്‍റെ വിവാഹവും ഭാര്യയുടെ ഗര്‍ഭധാരണവും. ഞാനാകട്ടെ, അവിടെ നിന്ന് വിട്ടിട്ട് ആദ്യം സെറിഫെഡില്‍ പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്‍്റായും പിന്നീട് അവിടെ പണിയൊന്നുമില്ലെന്ന് ബോധ്യമായപ്പോള്‍ ചില പരസ്യസ്ഥാപനങ്ങളില്‍ ഫ്രീലാന്‍സ് കോപ്പിറൈറ്ററായും അക്കാലം ഉന്തിനീക്കി.

പിന്നീട് കുറേക്കാലം കഴിഞ്ഞ് ആകര്‍ഷമായ ശമ്പളത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുവിളിച്ചു. ഒരു യൂണിറ്റിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും തന്നു. ഇപ്പോള്‍ ദാ, ആ ജോലിയും ഉപേക്ഷിക്കുന്നതിന്‍റെ വക്കിലാണ്.

തൃശ്ശൂരില്‍ നിന്നുള്ള മലയാളം എക്സ്പ്രസ്, വീക്ഷണം, ജനയുഗം, പുണ്യഭൂമി, ദീപിക, വര്‍ത്തമാനം, സദ്.വാര്‍ത്ത, മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍, ദൈവമേ... ഇവിടെല്ലാം കൊണ്ട് ജീവിതം തുലച്ച എത്രയോ മികവുറ്റവര്‍... ഇവരില്‍ പലരുടെയും വൈവാഹിക ജീവിതം വളരെ താമസിച്ചാവും തുടങ്ങുക. മക്കള്‍ കോളജിലെത്തുമ്പോഴേക്കും പലരും വൃദ്ധരായിട്ടുണ്ടാവും. ആ സമയത്ത് നിഷ്കളങ്കന് കുറേക്കാലം മധുവിധു നുകരാന്‍ കഴിഞ്ഞല്ലോ... ആശ്വാസം.

പറഞ്ഞുവന്നപ്പോള്‍ കുറേ കാടുകയറി. ഓഫ് ടോപ്പിക് ആയിപ്പോയെന്നറിയാം. ക്ഷമിക്കുക.

അലിഫ് /alif said...

നിഷ്കളങ്കന്റെ നിഷ്കളങ്കമായ നെയ് സേവയും, കടുത്ത ബ്രഹ്മചര്യ വ്രതവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും വായിച്ചു..വളരെ ഒതുക്കി പറഞ്ഞിരിക്കുന്നതിനാല്‍ രസകരമായിരിക്കുന്നു.
ആശംസകള്‍. (ഞാനീ ബ്ലോഗില്‍ ആദ്യം, ഇവിടേക്ക് കൈചൂണ്ടിയ കൂട്ടുകാരിക്ക് നന്ദി)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

നിഷ്കൂ, രസായിരിക്കുന്നു...
"കടുത്ത പ്രമേഹരോഗി ലഡ്ഡുവും ജിലേബിയും നോക്കി വെള്ളമിറക്കി കുണ്ഡിതപ്പെട്ടിരിയ്ക്കും പോലെ ഞങ്ങ‌ള്‍ പാവം ഭാര്യാഭ‌ര്‍ത്താക്കന്മാ‌ര്‍ ആ വീട്ടില്‍ നട്ടം തിരിഞ്ഞു"....ഹ ഹ...:)

സ്നേഹതീരം said...

"ഞങ്ങ‌ളുടെ പ്രേമാക്രാന്തത്തില്‍ വിരിഞ്ഞ ആ പൂവ് ഇതാ ചപ്പാത്തിയുടെ മാവു റാഞ്ചിയെടുത്ത് ഓടുന്നു."

ഇതു വായിച്ചപ്പോള്‍ ആ കുഞ്ഞു പൂവിനെ ഒന്നു കാണാന്‍ മോഹം.....
എല്ലാ നന്മകളും ഐശ്വര്യങ്ങളും സന്തോഷങ്ങളും നേരുന്നു.

Sul | സുല്‍ said...

ഹഹഹ
നിഷ്കളങ്കാ
തകര്‍ത്തെഴുത്താണല്ലൊ. നല്ല വിവരണം. നല്ല എഴുത്ത്. കഴിച്ച നെയ്യിന്റെ ഫലസിദ്ധി അപാരം. :)

-സുല്‍

സുമുഖന്‍ said...

നന്നായിട്ടുണ്ട് !!!വളരെ രസകരമായി എഴുതിയിരിക്കുന്നു.

കൃഷ്‌ | krish said...

ദാമ്പത്യത്തിലെ ബ്രഹ്മചര്യാനുഭവങ്ങള്‍ നിഷ്കളങ്കമായി എഴുതിയ നിഷ്കളങ്കാ, ഇപ്പോഴത്തെം ചോദ്യത്തിനും അതിന്റെ ഫലം കിട്ടും. അപ്പോ നെയ്യ്‌സേവ എപ്പഴാ തൊടങ്ങ്യാ.
സ്വന്തം അനുഭവങ്ങള്‍ രസകരമായി എഴുതിയിരിക്കുന്നു.

ശ്രീഹരി::Sreehari said...

എഴുത്തിന് നല്ല ഫ്ലോ. അത് കൊണ്ട് തന്നെ രസകരമായി വായിക്കാന്‍ കഴിയുന്നു.

നല്ല പോസ്റ്റ്

മുരളി മേനോന്‍ (Murali Menon) said...

അല്ലാ, അമ്പലപ്പുഴ നെയ്യിന് ഗുണമുണ്ട് എന്ന് ഇപ്പോ നിനക്കു വിശ്വാസായല്ലോ - അമ്മ.

ഞാന്‍ വിചാരിച്ചത് നിഷ്ക്കളങ്കന്‍ “കുറുക്കന്റെ കല്യാണത്തില്‍” സുകുമാരന്‍ പറയുന്ന ഡയലോഗ് പറയുമെന്നായിരുന്നു, “അച്ഛനൊന്നു മിണ്ടാതിരിക്കുന്നുണ്ടോ” എന്ന്.
കാരണം സുന്ദരിമാരെ നോക്കുമ്പോഴൊക്കെ അച്ഛന്‍ ഉപദേശിക്കുന്നതോര്‍മ്മ വരുമായിരുന്നു. “പെണ്ണുങ്ങളെ നോക്കാതെ തിരിഞ്ഞ് നടക്കുക” എന്ന്. ഇത് സഹിക്ക വയ്യാതെ വന്നപ്പോഴാണ് മേല്പറഞ്ഞ ഡയലോഗ്.

എന്റെ ഉപാസന said...

അവസാനം എല്ലാം ഒകെ ആയില്ലെ....
നിഷ്കൂ
നന്നാവണ്ട് അന്റെ പോസ്റ്റുകള്‍
:)
ഉപാസന

അപ്പു said...

നിഷ്കളങ്കാ, ഈ നിഷ്കളങ്ക പോസ്റ്റ് വായിച്ച് കുറേ ചിരിച്ചു. ഇതുപോലെ എന്തെല്ലാം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നു. കല്യാണം കഴിഞ്ഞതിന്റെ അന്ന്,കുളിക്കരുത് (ആ ഒരു ദിവസം) എന്ന ഒരു വിചിത്രോപദേശം കേട്ടത് ഇപ്പോള്‍ ഓര്‍ക്കുന്നു.

ഹാരിസ് said...

നന്നായിട്ടുണ്ട്

വാണി said...

ഞങ്ങ‌ളുടെ പ്രേമാക്രാന്തത്തില്‍ വിരിഞ്ഞ ആ പൂവ് ഇതാ ചപ്പാത്തിയുടെ മാവു റാഞ്ചിയെടുത്ത് ഓടുന്നു.

ഹഹഹ.. കലക്കി മാഷേ.. നെയ്സേവയും, വിവരണവും..!

പൈങ്ങോടന്‍ said...

ഞങ്ങ‌ളുടെ പ്രേമാക്രാന്തത്തില്‍ വിരിഞ്ഞ ആ പൂവ് ഇതാ ചപ്പാത്തിയുടെ മാവു റാഞ്ചിയെടുത്ത് ഓടുന്നു“ ഈ വരികള്‍ വായിച്ചപ്പോള്‍ നേരിട്ടു കാണുന്ന പോലെ തോന്നി...വളരെ ഇഷ്ടപ്പെട്ടു.

മന്‍സുര്‍ said...

നിഷ്‌....

പറയാന്‍ സമ്മതികൂല്ലാന്ന്‌ വെച്ച എന്ത ചെയ്യാ...ഈ ചിരി ഒന്നു സ്റ്റോപ്പ്‌ ചെയ്യട്ടെ......അപ്പോ എന്താ പറയാന്‍ വന്നത്‌

ഒന്നും പറയാനില്ല.....അടിപൊളി എഴുത്ത്‌....ഇനിയും കാത്തിരിക്കും ഞാന്‍ മറ്റൊരു മെഗഹിറ്റിനായ്‌..എന്നും കൂടെ ഒരു നിഴലായ്‌..ഞങ്ങള്‍ ബൂലോക സ്നേഹിതര്‍..തുടരുക....

പിന്നെ ഇതില്‍ പറയാന്‍ വിട്ട ഭാഗങ്ങള്‍ ഉടന്‍ പൂരിപ്പിക്കുക...

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

ഹ ഹ ഹ മാഷേ കലക്കി...
രസകരമായ അവതരണം... അടിപൊളിയായി...

വെറുതേയല്ല അവള്‍ ഞാനപ്രത്ത് ഞാനപ്രത്ത്...എന്ന് പറയണേ... ഹി..ഹി..ഹി...!

:)

ഓ:ടോ: “ങാ‍ാ‍ാ‍ാഹാ.. വിശേഷമായില്ലേ? ദേ ..... നെ കണ്ടു പഠിയ്ക്ക്. കല്യാണം കഴിഞ്ഞ് മാസമൊന്നായതെ ഒള്ളൂ. കൊച്ചൊന്നായി.”
യെവനാരടാ...? [ വര്‍ഷം എന്നാണൊ ഉദ്ദേശ്ശിച്ചേ... എന്തായാലും പേര് കൊടുക്കാഞ്ഞത് നന്നായി... ]
:)

തെന്നാലിരാമന്‍‍ said...

നിഷ്‌ക്കളങ്കന്‍ഭായ്‌,യാത്രക്കിടയിലും കൂട്ടത്തിന്റെ നീതിയും ഒക്കെ കണ്ടപ്പോള്‍ ഇനി എന്നാണ്‌ "ഞാനപ്രത്ത്‌ ഞാനപ്രത്ത്‌" സ്റ്റയില്‍ ഒരെണ്ണം വരണതെന്നോര്‍ത്തിരിക്കുവാരുന്നു. തകര്‍ത്തു. തകര്‍ത്തെന്നല്ല, തകര്‍ത്ത്‌ തരിപ്പണമാക്കി...:-) രസിച്ചു വായിച്ചു...!

SAJAN | സാജന്‍ said...

വായിച്ചു, നിഷ്ക്കളങ്കന്‍ എഴുത്ത് കിഡിലന്‍
പക്ഷേ ചപ്പാത്തിയില്‍ നെയ്യ് പുരട്ടിക്കഴിക്കുന്നത് നന്നല്ല കൊളസ്റ്റ്രോള്‍ കൂടാന്‍ വേറെങ്ങും പോവണ്ട:)

ഏ.ആര്‍. നജീം said...

ഈ തനിമലയാളം ചെയ്ത ചതിയേ, ഇത് സംഭവം ഇതേവരെ കാണാന്‍ പറ്റിയിരുന്നില്ല. ഇപ്പൊഴാകണ്ടത്

ഹ ഹാ... എല്ലാവരും അഭിപ്രായങ്ങളുടെ വെടിക്കെട്ട് നടത്തിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാന്‍ എന്ത് പറയാനാ....

ViswaPrabha വിശ്വപ്രഭ said...

എഴുത്ത് നല്ല രസമായിട്ടുണ്ട് ട്ടോ!

:)

നിഷ്ക്കളങ്കന്‍ said...

കുഞ്ഞാ : ഒരമ്മായിയമ്മ എങ്ങിനെയാവരുത് എന്ന് ഞാന്‍ ശഠിയ്ക്കുന്നത് എന്റെ അമ്മയെ കണ്ടിട്ടാണ്. എന്റെ ഭാര്യ ഒരിയ്ക്കലും അങ്ങനെയാവില്ല. ഉറപ്പ്. അഥവാ ആകാന്‍ പോയാല്‍ ഞാനിടപെടും. എന്റെ അച്ഛന്‍ ചെയ്യാതെ പോയത്. വ‌ളരെ നന്ദി.
വലിയ വരക്കാരാ :വ‌ളരെ നന്ദി
അനൂപ്‌ തിരുവല്ല:വ‌ളരെ നന്ദി
അനാഗതശ്മശ്രു :വ‌ളരെ നന്ദി
വാല്‍മീകി : എങ്ങിനെ പറഞ്ഞാലും കുഴപ്പമില്ല മാഷേ :) വ‌ളരെ നന്ദി
കുതിരവട്ടന്‍ :വ‌ളരെ നന്ദി
ചന്ദ്രകാന്തം :വ‌ളരെ നന്ദി :)
പ്രയാസി :വ‌ളരെ നന്ദി
P Jyothi :വ‌ളരെ നന്ദി
കാട്ടുപൂച്ച : തന്നെ. ഒരു ഇന്‍ഡ്യന്‍ മനോഭാവം എന്നു തന്നെ പറയാം. വ‌ളരെ നന്ദി
Chengamanadan : :) വ‌ളരെ ശരി.നന്ദി
ആലപ്പുഴക്കാരാ.. വിഷ്ണൂ : :) നന്ദി
മുരളീധരന്‍ വി പി:വ‌ളരെ നന്ദി
Sebin Abraham Jacob : വിശദമായ കമന്റിന് വ‌ളരെ നന്ദി സെബിന്‍. ഓഫ് ടോപ്പിക്കൊന്നും ഒരു പ്രശ്നവുമില്ല മാ‌ഷേ ‍. ഇവിടെ വെറുമൊരു കമന്റായിപ്പോകുന്നത് ഒരു പോസ്റ്റാക്കാമായിരുന്നു താങ്ക‌ള്‍ക്ക്. അമ്മായിയമ്മ-മരുമ‌ക‌ള്‍-മകന്‍ ബന്ധങ്ങ‌‌ള്‍ ഇന്നും ഒരുപാട് മുന്‍വിധിക‌ളേയും ഈഗോക‌ളെയും ഊന്നിയുള്ളതാണ്. ഒര‌ര്‍ത്ഥവുമില്ലാതെ ജീവിതം കോഞ്ഞാട്ടയാക്കുന്നതിലും നല്ലത്, തെറ്റാരുചെയ്താലും അത് പെറ്റമ്മയാണെങ്കില്‍ പോലും തുറന്ന് പറഞ്ഞ് മുന്നോട്ടു പോകുന്നത് തന്നെ. അതിലെ സംഘ‌ര്‍ഷങ്ങ‌ള്‍ കടുത്തതു തന്നെയെങ്കിലും. പിന്നെ ഞാന്‍ സൂചിപ്പിച്ചല്ലോ എന്റെ ശരിയായ മധുവിധു ഒന്നരക്കൊല്ലം കഴിഞ്ഞായിരുന്നു. :)
അലിഫ് : അലിഫ് മാഷേ. വന്നതിനും അഭിപ്രായം പറഞ്ഞതിനും വ‌ളരെ നന്ദി. ഇവിടേക്ക് കൈചൂണ്ടിയ താങ്ക‌ളുടെ കൂട്ടുകാരിക്കും. :)
ജിഹേഷ് :വ‌ളരെ നന്ദി
സ്നേഹതീരം :വ‌ളരെ നന്ദി
സുല്‍ : സുല്ലേ. സത്യം! എനിയ്ക്കും തോന്നി. ആ നെയ്യില്‍ എന്തോ ഉണ്ട്. :)
സുമുഖന്‍ :വ‌ളരെ നന്ദി
കൃഷ്‌ : ചുമ്മാതിരി മാഷേ. നമ്മ‌ള്‍ ആ ടൈപ്പല്ല. വ‌ളരെ നന്ദി
ശ്രീഹരി:വ‌ളരെ നന്ദി
മുരളി മേനോന്‍ : അതു ശരി :) സഹികെട്ടാല്‍ പിന്നെ എന്തു ചെയ്യും മുര‌ളിയേട്ടാ.വ‌ളരെ നന്ദി
എന്റെ ഉപാസന : കുല്ലൂ തമാം! വ‌ളരെ നന്ദി
അപ്പു : അതുകൊള്ളാം. അതേതു സ്ഥലത്താ അപ്പൂ അങ്ങനൊരു പരിപാടി. :) ചില സമയത്ത് ചാടിക്ക‌ളിക്കേണ്ട കുഞ്ഞിരാമനായിപ്പോകും ആണ്മക്ക‌ള്‍! വ‌ളരെ നന്ദി
ഹാരിസ് :വ‌ളരെ നന്ദി
വാണി :വ‌ളരെ നന്ദി
പൈങ്ങോടന്‍ :വ‌ളരെ നന്ദി
മന്‍സുര്‍ : ഒന്നും വിട്ടുപോയിട്ടില്ല ഇതില്‍ ;) അഭിപ്രായങ്ങ‌ള്‍ക്ക് വ‌ളരെ നന്ദി
സഹയാത്രികാ :വ‌ളരെ കറക്ടാണ് താങ്ക‌ള്‍ പറഞ്ഞത്. ഇപ്പോഴും ഞാനപ്രത്ത് ഞാനപ്രത്ത്
ലൈനില്‍ത്തന്നെ അവ‌ള്‍. അതെങ്ങനെ? അച്ഛനും അമ്മയും വഴിതെറ്റിപ്പോയാലോന്ന് പേടി. :). തെറ്റ് കണ്ടുപിടിച്ചതിന് നന്ദി. വ‌ര്‍ഷമായിരുന്നു ഉദ്ദേശിച്ചത്. തിരുത്തിയിട്ടുണ്ട്. വളരെ നന്ദി
തെന്നാലിരാമന്‍‍ : രാമാ : അഭിനന്ദനത്തിന് വ‌ളരെ നന്ദി.
സാജന്‍ : സാ‍ജന്‍ മാഷേ. സത്യം! പക്ഷേ.. മെയ്‌വഴക്കമുള്ള ചപ്പാത്തി തിന്നാനുള്ള കൊതി! അതാണ് പ്രശ്നം :) വ‌ളരെ നന്ദി
ഏ.ആര്‍. നജീം : വ‌ളരെ നന്ദി നജീം :)
വിശ്വപ്രഭ : ഇവിടെ വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും വ‌ളരെ നന്ദി വിശ്വം!
ഇവിടെ വന്ന് ഇത് വായിച്ച എല്ലാവ‌ര്‍ക്കും ഒരിയ്ക്കല്‍ക്കൂടി നന്ദി!

G.manu said...

മാഷേ..ഇതു മാഷിന്‍റെ മാസ്റ്റര്‍ പീസ്‌..ശരിക്കും ചിരിച്ചു..രസിച്ചു..ആസ്വദിച്ചു..
ഒപ്പം എണ്റ്റെ ഹിസ്റ്ററിയും ഓര്‍ത്തു..

കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിയും മുമ്പെ "അമ്മേ അവള്‍ക്ക്‌ വിശേഷം ഉണ്ട്‌ ' എന്ന് ഫോണ്‍ ചെയ്തപ്പോള്‍, അമ്മ അറിയാതെ പറഞ്ഞ പോയ ഡയലോഗ്‌ "പണ്ടവന്‍ നെയ്‌ സേവിച്ചു നടന്നതിണ്റ്റെ കൊഴപ്പം.. കൊരങ്ങന്‍.... "

പിന്നെ ഈ വാചകം ക്ളാസ്‌..
"മുണ്ടുടുത്തവ‌ര്‍ കൊതുകിന്റെ മുമ്പില്‍ ബഹുമാനത്തോടെ മടക്കിക്കുത്തഴിച്ചിട്ട് കാലില്‍ കടികൊള്ളാതെ ബഹുമാനത്തോടെ നില്‍ക്കും."

കൊച്ചുത്രേസ്യ said...

നിഷ്ക്‌കൂ അടിപൊളി വിവരണം..

എന്നാലും ആ നെയ്യുടെ ഒരു ശക്തിയേ!!!

ദേവന്‍ said...

ഭയങ്കരം നിക്ഷ്കൂ ഭയങ്കരം!

ഈ പീഡനം കൊറേ ഞാനും അനുഭവിച്ചതാ. ഭാഗ്യത്തിനു വീട്ടുകാര്‍ക്ക് അത്യാവശ്യം കാര്യം പറഞ്ഞാല്‍ മനസ്സിലാവുമായിരുന്നു. പക്ഷേ നാട്ടുകാരുടെ ക്രോസ്സ് വിസ്താരം.. അതൊരു ഫീകരമായ അനുഫവം തന്നപ്പോ!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"മുണ്ടുടുത്തവ‌ര്‍ കൊതുകിന്റെ മുമ്പില്‍ ബഹുമാനത്തോടെ മടക്കിക്കുത്തഴിച്ചിട്ട് കാലില്‍ കടികൊള്ളാതെ ബഹുമാനത്തോടെ നില്‍ക്കും."

നന്നായിട്ടുണ്ട് :)

കുറുമാന്‍ said...

ഹ ഹ ഇത് കൊള്ളാം മാഷെ.......നെയ്ഗുണം ഫലിച്ചു അല്ലെ :)

സിംബോളിസം കലക്കി.

നിഷ്ക്കളങ്കന്‍ said...

മനൂ : വ‌ളരെ നന്ദി
കൊച്ചുത്രേസ്സ്യ : സത്യം! :) വ‌ളരെ നന്ദി
ദേവന്‍ : :) വ‌ളരെ നന്ദി
പ്രിയ : വ‌ളരെ നന്ദി
കുറുമാന്‍ : വ‌ളരെ നന്ദി

ശ്രീ said...

നിഷ്കളങ്കന്‍‌ ചേട്ടാ...

ഇങ്ങോട്ടെത്താന്‍‌ ഒരല്‍പ്പം വൈകി... എന്നാലും സംഭവം കിടിലന്‍‌... ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

എന്തായാലും നെയ്യ് കൊള്ളാമല്ലേ?

:)

ഹരിശ്രീ said...

കടുത്ത പ്രമേഹരോഗി ലഡ്ഡുവും ജിലേബിയും നോക്കി വെള്ളമിറക്കി കുണ്ഡിതപ്പെട്ടിരിയ്ക്കും പോലെ ഞങ്ങ‌ള്‍ പാവം ഭാര്യാഭ‌ര്‍ത്താക്കന്മാ‌ര്‍ ആ വീട്ടില്‍ നട്ടം തിരിഞ്ഞു.

നിഷ്കളങ്കാ , നിഷ്കളങ്കമായ ഈ വിവരണം വളരെ നന്നായിട്ടുണ്ട്. ഒരു പാട് ചിരിച്ചു...

രസകരമായ വിവരണത്തിന് നന്ദി..

അലി said...

നിഷ്കളങ്കാ...

അമ്പലപ്പുഴ നെയ്യ് സേവ നന്നായി..
ബ്രഹ്മചര്യവും...
അവസാനം വരെ ആസ്വദിച്ചു വായിച്ചു.
അടുത്ത സേവ എന്നാ തുടങ്ങുന്നത്..?


അഭിനന്ദനങ്ങള്‍...

P.R said...

തുറന്നുള്ള ഈ എഴുത്ത് ശരിയ്ക്കും ചിരിപ്പിച്ചു..

വേണു venu said...

നെയ്യു് സേവ വായിച്ചു് രസിച്ചു. വിവരണം സൂപ്പറ്‍.
പിന്നെ ക്ലാസ്സികു് പ്രയോഗങ്ങള്‍ക്കൊരു അടിവരയിടാതിരിക്കാന്‍‍ കഴിയുന്നില്ല.കാരണം അവ അത്രയ്ക്കു് സ്വാഭാവികത അനുഭവിപ്പിക്കുന്നു.

ആ സ്ഥാനപ്പേരിന് കാലാകാലങ്ങ‌ളായി നിലനിന്നുവരുന്ന ആഴവും പരപ്പും മീശയും താടിയും എല്ലാം അതിന്റെ പരമാവധി ശക്തിയില്‍ നിലനിര്‍ത്താന്‍ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

മുണ്ടുടുത്തവ‌ര്‍ കൊതുകിന്റെ മുമ്പില്‍ ബഹുമാനത്തോടെ മടക്കിക്കുത്തഴിച്ചിട്ട് കാലില്‍ കടികൊള്ളാതെ ബഹുമാനത്തോടെ നില്‍ക്കും.
നിഷ്ക്കളങ്കാ, ഇനിയൊക്കെ ആശിക്കുന്നപോലെ സംഭവിക്കട്ടെ.ആശംസകള്‍.:)

ദില്‍ബാസുരന്‍ said...

എന്റമ്മോ! ചിരിച്ച് അടപ്പിളകി അണ്ണാ. നെയ്യും ബ്രഹ്മം ചാരലും തമ്മില്‍ എന്താ ബന്ധം ആവോ? നെയ്യ് ഉരുക്കി അതില്‍ ബ്രഡ് റോസ്റ്റ് ചെയ്ത് സേവിയ്ക്കാന്‍ പറ്റുമെങ്കില്‍ വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്നു. ബ്രഹ്മചര്യം തന്നെ കടുപ്പം പ്ലസ് പ്ലെയിന്‍ നെയ്യും. ഹൌ! :-)

ഉറുമ്പ്‌ /ANT said...

നിഷ്കളങ്കൻ നിഷ്കളങ്കമായി പറഞ്ഞിരിക്കുന്നു.
നന്നായി.
എന്റെ കഥ കൂടി പറയാം. ബോറാവാതെ നോക്കാം.
കൽയ്യാണം കഴിഞ്ഞ് വീട്ടിൽ വന്നു കയറിയ ഉടൻ തന്നെ പെണ്ണൂമ്പിള്ള പറഞ്ഞു “ ഇന്ന് ഒന്നും നടക്കില്ല, വൃതമാണ്”
(ഏഴു വർഷത്തെ ചുറ്റികളിക്കിടെ എന്റെ സ്വഭാവം അവൾക്ക് ഏകദേശം പിടികിട്ടിയിരുന്നു എന്നു പറയാം)
ഇതിപ്പൊ കാക്കയ്ക്ക് വായ്പ്പുണ്ണ് വന്നപോലായല്ലോ മാതാവേ എന്ന് എന്റെ ആത്മഗതം.

അണ്ടികളഞ്ഞ അണ്ണാനെപ്പോലെയിരുന്ന എന്റെ മനസ്സിലേക്ക് ഒരു കത്തൽ.

സമയം ഏതാണ്ട് പത്തര. ഒന്നര മണിക്കൂറുകൂടെ കഴിഞ്ഞാൽ, ഇന്നത്തെ ദിവസം തീർന്നു.

പിന്നെ ആ തിയറി ഭാര്യയെ ബോധ്യപ്പെടുത്തേണ്ട താമസം മാത്രമേ ഉണ്ടായുള്ളു.

Aisibi said...

:) Immaathiri ezhuthth oru ezhuthth thanneya ketto? usaaraayi avatharapichchirikkunnu!!!

Jaya said...

nishkalankante ella blogukalum vayichu.swantham ammayeyum achaneum pukazthiyath nannayitund.sahodarimare ozhivakiyo.mosamayipoyi.elle nanmakalum nerunnu.kazhinja kalangal vallappozhum rewind cheyane

നിഷ്ക്കളങ്കന്‍ said...

റീവൈന്‍ഡ് ചെയ്യും സ‌ഹോദരീ. ഇതൊക്കെ ആരും പറയാതെ തന്നെ ചെയ്തതല്ലേ. തുട‌ര്‍ന്നും അങ്ങിനെ തന്നെ. ഒരു ബുക്ക് എഴുതാനുള്ള വകുപ്പ് തന്നെയുണ്ടാവുമല്ലോ. ഒന്നും (ഒന്നും തന്നെ) മറക്കാന്‍ പറ്റാത്തതാണ് ചില‌രുടെ കുഴപ്പം. മ‌റ്റ് ചില‌ര്‍ക്ക് വന്ന വഴിക‌ളിലെ സ്വന്തം കാല്പ്പാടുക‌ള്‍ പോലും മായ്ച് ക‌ള‌യുന്നതാണിഷ്ടം. ഞാനാദ്യത്തെ ഗണ‌ത്തില്‍ വരും. പിന്നെ.. വിവേച‌ന‌മില്ലാതെ എഴുതും എന്നേയുള്ളൂ. വിഷമിക്കേണ്ടതില്ല. എല്ലാവരേയും പറ്റി എഴുതുന്നുണ്ട്. :-)
ന‌ന്ദി. വീ‌ണ്ടും വരിക. വായിക്കുക.

ചക്രൂ said...

ഇതു വായിക്കാന്‍ ഏറെ വൈകിയല്ലോ എന്നോര്‍ത്ത് മാത്രമേ ഉള്ളൂ വിഷമം .... അടിപൊളി എഴുത്ത് ...ശെരിക്കും നിങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ട് പോയിട്ട് തിരിച്ചു കൊണ്ട് വന്നപോലെ ...:)

ചക്രൂ said...

ഓപ്പെറേഷന്‍ ഇല്ലാതെ കാര്യം സാധിപ്പിച്ചു തന്നല്ലോ അമ്പലപ്പുഴ നെയ്യ് ...... എല്ലാവര്ക്കും ഇതൊരു പ്രചോദനം ആകട്ടെ :)